'നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്, സമ്മര്‍ദങ്ങളുണ്ടായി';മെമ്പറും കൂട്ടാളികളും കുടുങ്ങി


അഫീഫ് മുസ്തഫ

7 min read
Read later
Print
Share

അറസ്റ്റിലായ സൗമ്യ അബ്രഹാം(ഇടത്ത്) സി.ഐ. വി.എസ്. നവാസ്(വലത്ത്)

വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ, തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. പക്ഷേ, പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന്റെ അഭിപ്രായം. അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനിച്ചു.

സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. മയക്കുമരുന്നുമായി ആളെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചപ്പോള്‍ പലവിധ ആക്ഷേപങ്ങളുയര്‍ന്നു. എന്നാല്‍ ആ സമ്മര്‍ദങ്ങളെയെല്ലാം അതീജീവിച്ച് സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ തന്നെയായിരുന്നു സി.ഐ. നവാസിന്റെ തീരുമാനം. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോള്‍ കേരളം ഞെട്ടി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാം (33) ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെയാണ് കഴിഞ്ഞദിവസം വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും (44) കേസില്‍ പ്രതിയാണ്.

സൗമ്യ അബ്രഹാം, ഷാനവാസ്, ഷെഫിന്‍, വിനോദ്

കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഭര്‍ത്താവ് മയക്കുമരുന്ന് കേസില്‍ അകത്തായാല്‍ വേഗത്തില്‍ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കരുതി. ഇതനുസരിച്ച് പദ്ധതി തയ്യാറാക്കി സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു. പിന്നാലെ പോലീസിന് രഹസ്യവിവരം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന് തോന്നിയിരുന്നു. പിടിയിലായ സുനിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സി.ഐ. നവാസും സംഘവും നടത്തിയ അന്വേഷണാണ് കേസിന്റെ ചുരുളഴിച്ചത്.

വിവരം ലഭിക്കുന്നത് ഡാന്‍സാഫില്‍നിന്ന്, സുനില്‍ കസ്റ്റഡിയില്‍...

വാഹനത്തില്‍ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായി ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിനാണ് വിവരം ലഭിക്കുന്നത്. ഡാന്‍സാഫില്‍നിന്ന് വണ്ടന്‍മേട് പോലീസിലും വിവരം എത്തി. തുടര്‍ന്ന് ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും പുറ്റടിയില്‍ എത്തി കാത്തിരുന്നു. രാവിലെ സൈക്ലിങ് നടത്തുന്നതിനിടെയാണ് സി.ഐ. നവാസിന് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി വരുന്ന റൂട്ടില്‍ തന്നെ സി.ഐ.യും ആ സമയത്തുണ്ടായിരുന്നു. ഇതോടെ സൈക്കിളില്‍ തന്നെ സി.ഐ.യും പുറ്റടിയിലെത്തി.

ഇരുചക്രവാഹനത്തില്‍ വന്ന സുനില്‍ വര്‍ഗീസിനെയും സുഹൃത്തിനെയും പോലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്നാണ് വാഹനത്തില്‍നിന്ന് പിടികൂടിയതെന്ന് മനസിലായതോടെ സുനില്‍ പരിഭ്രാന്തനായി. നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഇയാള്‍, പോലീസിന് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. സുനിലിന്റെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് സി.ഐ.യ്ക്ക് തോന്നിയിരുന്നു.

Also Read

ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് ...

'എം.ഡി.എം.എ പോലെയുള്ള ലഹരിമരുന്ന് വണ്ടന്‍മേട് പോലുള്ള ഉള്‍പ്രദേശത്ത് എത്തിച്ച് വില്പന നടത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അയാളുടെ പെരുമാറ്റം കണ്ടാല്‍തന്നെ ഒരു പാവം മനുഷ്യനാണെന്നും ബോധ്യമാകും. കൃഷിപ്പണി ചെയ്യുന്ന സുനില്‍ ജോലിക്ക് പോവുകയാണെന്നും മനസിലായി. വാഹനത്തില്‍ ചോറും കുടിവെള്ളവും ഒക്കെ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നത് ഒരു 59-കാരനും. എന്തായാലും സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനായിരുന്നു ആദ്യതീരുമാനം', സി.ഐ. നവാസ് പറഞ്ഞു.

പക്ഷേ, ആദ്യഘട്ട ചോദ്യംചെയ്യലിലും സുനിലില്‍നിന്ന് പോലീസിന് യാതൊരുവിവരവും ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേറെ ഫോണുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരന്വേഷണത്തിലും മയക്കുമരുന്ന് വില്പനയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു തെളിവുകളും പോലീസിന് കണ്ടെത്താനായില്ല.

കസ്റ്റഡിയിലെടുത്തത് മുതല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പോലീസിന് മുന്നില്‍ കരയുകയായിരുന്നു സുനില്‍ വര്‍ഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടില്‍ നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാള്‍ക്ക് മദ്യപാനം, പുകവലി പോലുള്ള ദുുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. ജോലി കഴിഞ്ഞാല്‍ പള്ളിയും ബൈബിള്‍ വായനയുമെല്ലാം ആയി കഴിയുന്ന ഒരാളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തില്‍ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയമുണര്‍ന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാല്‍ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കള്‍ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ സി.ഐ.ക്കെതിരേ ആരോപണങ്ങളുയര്‍ന്നു. മേലുദ്യോഗസ്ഥരില്‍നിന്നടക്കം വലിയ സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍ സുനില്‍ അല്ല പ്രതിയെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്ന സി.ഐ. നവാസ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ അന്വേഷണത്തിന് മേലുദ്യോഗസ്ഥരും പിന്തുണച്ചു.

'സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെയും സുഹൃത്തിനെയും മൂന്നുദിവസവും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ സമ്മര്‍ദ്ദമുണ്ടായി. പിടികൂടിയ മയക്കുമരുന്ന് ചെറിയ അളവാണെങ്കിലും പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. അത്തരമൊരു കേസില്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടത് വലിയ ആക്ഷേപത്തിനിടയാക്കി. എന്തുകൊണ്ടാണ് പ്രതിയെ വിട്ടതെന്ന് ചോദ്യമുയര്‍ന്നു, സമ്മര്‍ദങ്ങളുണ്ടായി.

പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. എന്റെ അന്വേഷണത്തില്‍ അയാള്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും മറുപടി നല്‍കി. രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി.പക്ഷേ, എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്', സി.ഐ. നവാസ് ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.

വിവരം നല്‍കിയവരിലേക്ക് അന്വേഷണം; സത്യം ചുരുളഴിയുന്നു..

മയക്കുരുന്ന് കച്ചവടക്കാരോ ഇടനിലക്കാരോ വില്പനക്കാരുടെ ശത്രുക്കളോ ഒക്കെയാണ് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാറുള്ളത്. എന്നാല്‍ വണ്ടന്‍മേട്ടിലെ കേസില്‍ വിവരം നല്‍കിയത് ശരിയാണെങ്കിലും മയക്കുമരുന്ന് വില്പനയുടെ മറ്റുതെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നത്.

അന്വേഷണത്തില്‍ വെല്ലുവിളിയുണ്ടെന്നും കസ്റ്റഡിയിലെടുത്ത ആളല്ല യഥാര്‍ഥ പ്രതിയെന്നും അന്വേഷണസംഘം ഡാന്‍സാഫില്‍ വിവരം നല്‍കിയ ആളെ അറിയിച്ചു. ഇയാള്‍ വഴി രഹസ്യവിവരം എത്തിയ രണ്ടാമത്തെ ആളിലേക്കും അവിടെനിന്ന് വിവരത്തിന്റെ ഉറവിടമായ ഷാനവാസ് എന്നയാളിലേക്കും അന്വേഷണം എത്തി.

ഇന്റര്‍നെറ്റ് കോളിലൂടെ രഹസ്യവിവരം നല്‍കിയതും വാഹനത്തില്‍ മയക്കുമരുന്ന് ഇരിക്കുന്ന ചിത്രം അയച്ചതും വിദേശനമ്പരില്‍നിന്നാണെന്നത് തുടക്കത്തിലേ സംശയമുണര്‍ത്തിയിരുന്നു. ഇതോടെ വിദേശ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെ അന്വേഷണം നടത്തുകയും ഷാനവാസ് തന്നെയാണ് രഹസ്യവിവരം നല്‍കിയതെന്ന് ഉറപ്പിക്കുകയും ചെയ്തു. ഷാനവാസിനെ ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

സൗമ്യ, വിനോദ്

ഇതേസമയം, ഷാനവാസിന്റെ ഫോണ്‍വിവരങ്ങള്‍ സൈബര്‍ സെല്‍ സഹായത്തോടെ പോലീസ് ശേഖരിച്ചിരുന്നു. ഷാനവാസിന്റെ ഫോണില്‍നിന്ന് വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത അതേസമയത്ത് തന്നെ സൗമ്യയെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ ആദ്യമറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടുപോലുമില്ലെന്നും ഇവരെ അറിയില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ് സംഘം സൗമ്യയുടെ മുന്നില്‍ നിരത്തി. ഇതോടെ സൗമ്യ എല്ലാകാര്യങ്ങളും തുറന്നുപറയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

കാമുകനൊപ്പം ജീവിക്കണം, ഭര്‍ത്താവിനെ ഒഴിവാക്കണം...

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സൗമ്യയും നാട്ടുകാരനായ വിനോദും തമ്മില്‍ പരിചയത്തിലായതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ വഴി പതിവായി സംസാരിക്കുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു.

ഭാര്യയും കുട്ടികളുമുള്ള വിനോദ് വിദേശത്താണ് ജോലിചെയ്തുവരുന്നത്. സൗമ്യയുമായുള്ള പ്രണയബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാന്‍ ഇയാളും തീരുമാനിച്ചിരുന്നു. ഇതിനിടെ, എത്രയുംവേഗം ഒരുമിച്ചുള്ള ജീവിതം ആരംഭിക്കണമെന്ന് സൗമ്യ നിര്‍ബന്ധം പിടിച്ചു. അതിനായി ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു സൗമ്യയുടെ ആവശ്യം. ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. തുടര്‍ന്നാണ് വിനോദും സൗമ്യയും ചേര്‍ന്ന് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുതുടങ്ങിയത്.

സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ പിടിക്കപ്പെടുമെന്ന് ഇരുവരും ഭയന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ പദ്ധയിട്ടു. പക്ഷേ, കൂടത്തായി അടക്കമുള്ള സംഭവങ്ങള്‍ സൗമ്യയെ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാമെന്നും ഇതേസമയം തന്നെ വിവാഹമോചനം നേടാമെന്നും ഇരുവരും കണക്കുകൂട്ടിയത്. ഒരുമാസം മുമ്പ് എറണാകുളത്തെ ഹോട്ടലില്‍വെച്ച് സൗമ്യയും വിനോദും ബാക്കി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

മയക്കുമരുന്ന് പദ്ധതി ഉറപ്പിച്ചതോടെ വിനോദ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പരിചയക്കാരനായ ഷാനവാസിനെയാണ് വിനോദ് മയക്കുമരുന്നിനായി ബന്ധപ്പെട്ടത്. ഷാനവാസ് ഷെഫിന്‍ വഴി മയക്കുമരുന്ന് സംഘടിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 16-ന് വിനോദ് ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തി. 18-ാം തീയതിയാണ് ഷാനവാസും വിനോദും ആമയാറില്‍ എത്തി സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. സി.ഡി.എസ്. തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു അത്. തുടര്‍ന്ന് സൗമ്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് അതിന്റെ ചിത്രം വിനോദിനും ഷാനവാസിനും അയച്ചുനല്‍കി. ഭര്‍ത്താവ് പോകുന്ന റൂട്ടും പറഞ്ഞു. തുടര്‍ന്ന് ഈ റൂട്ടും മറ്റുവിവരങ്ങളും ഷാനവാസ് ഫോണില്‍ റെക്കോഡ് ചെയ്യുകയും അത് പോലീസിന് രഹസ്യവിവരമായി കൈമാറുകയുമായിരുന്നു.

കൃത്യമായ അന്വേഷണം, വിനോദിനെ നാട്ടിലെത്തിക്കും..

വണ്ടന്‍മേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫും സൈബര്‍സെല്ലുമെല്ലാം ഒത്തൊരുമിച്ച് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ശേഷം കാമുകനായ വിനോദ് ജോലിസ്ഥലമായ സൗദ്യ അറേബ്യയിലേക്ക് തിരികെ മടങ്ങിയിരുന്നു. കേസില്‍ പ്രതിയായ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരുപക്ഷേ, പ്രതി നാട്ടിലെത്തി കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

സൗമ്യയെയും മറ്റുപ്രതികളെയും അറസ്റ്റ് ചെയ്തശേഷം സുനില്‍ വര്‍ഗീസ് സി.ഐ.യെ കാണാനെത്തിയിരുന്നു. ആ സമയത്ത് ഭയങ്കര കരച്ചിലും സന്തോഷവുമെല്ലാം സുനിലിന്റെ മുഖത്ത് കാണാനായെന്നും സി.ഐ. പറഞ്ഞു.

സി.ഐ. നവാസ്, നേരത്തെയും സമാന അനുഭവം..

കള്ളക്കേസുകളും അതിലുണ്ടാകുന്ന സമ്മര്‍ദങ്ങളും സി.ഐ. നവാസ് നേരത്തെയും അനുഭവിച്ചതാണ്. പലസാഹചര്യത്തിലും നിരവധി സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ഒരു സമ്മർദത്തിനും വഴങ്ങിയിരുന്നില്ല. അതിന്‍റെ പ്രയാസങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

നേരത്തെ മധ്യകേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ ഒരു കൊലക്കേസിലും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു. കൊലക്കേസിലെ കൂട്ടുപ്രതിയാണെന്ന് കരുതുന്ന ഒരു യുവാവിനെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യംചെയ്തതോടെ ഇയാള്‍ നിരപരാധിയാണെന്നും കുറ്റംചെയ്തിട്ടില്ലെന്നും നവാസിന് ബോധ്യമായി. നാലുദിവസത്തോളമാണ് യുവാവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. അവസാനം യുവാവിനെ വിട്ടയക്കുകയും ചെയ്തു.

ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സി.ഐ.യായിരിക്കെ ആ യുവാവ് നവാസിനെ നേരില്‍കാണാനെത്തി. 'സി.ഐ.യെ കണ്ടിട്ടേ പോകൂ എന്നുപറഞ്ഞാണ് ഒരു യുവാവ് അന്ന് സ്റ്റേഷനില്‍വന്നത്. കണ്ടയുടന്‍ കാലില്‍ തൊട്ട് നമസ്‌കരിച്ചു. അന്ന് കേസില്‍ പിടിച്ച് വിട്ടയച്ച ആളാണെന്ന് പറഞ്ഞു. എല്ലാവരും സംശയിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നത് സാറിന് മാത്രമാണെന്നും ഇപ്പോള്‍ കേരള പോലീസില്‍ എസ്.ഐ. ട്രെയിനിയായി ചേരാനിരിക്കുകയാണെന്നും ആ സന്തോഷം സാറുമായി പങ്കിടാനാണ് വന്നതെന്നും പറഞ്ഞു. സാര്‍ അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ താന്‍ ഒരു കേസിലെ പ്രതിയായേനെ എന്നും പറഞ്ഞു. ഒരു പൊതിയില്‍ ഈന്തപ്പഴവുമായാണ് ആ യുവാവ് വന്നത്. റംസാനായതിനാല്‍ ഇതുകൊണ്ട് നോമ്പുതുറക്കണമെന്നും അവന്‍ പറഞ്ഞു', സി.ഐ. നവാസ് അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.

അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് നവാസ് അറിയപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, പാരലല്‍ കോളേജ് അധ്യാപകനായി ജോലിചെയ്തതിന് ശേഷമാണ് നവാസ് പോലീസ് സേനയിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ രണ്ടുവര്‍ഷമായി വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.

Content Highlights: fake drug case soumya sunil vandanmedu panchayath member arrested by ci vs navas

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
women gambling

1 min

ഫ്‌ളാറ്റില്‍ സ്ത്രീകളുടെ ചൂതാട്ടകേന്ദ്രം, റെയ്ഡ്; ഏഴുപേർ അറസ്റ്റില്‍

Jan 20, 2022


Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023


kasargod cheemeni janaki teacher murder case

3 min

മുഖം കണ്ട് ടീച്ചര്‍ ചോദിച്ചു, 'നീയോ', കൈവിറയ്ക്കാതെ അരുംകൊല; പുലിയന്നൂര്‍ ഞെട്ടിയ രാത്രി

May 31, 2022


img

1 min

യുവതിയുടെ നഗ്നചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Feb 17, 2022


Most Commented