സജിത്ത്
പൂച്ചാക്കൽ(ആലപ്പുഴ): ഡോക്ടർചമഞ്ഞു പിടിയിലായവരിൽനിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. സംസ്ഥാനത്തെ പല ആശുപത്രികളിലേക്കും വ്യാജ ഡോക്ടർമാരെ നൽകിയിട്ടുണ്ടെന്ന വിവരമാണു ലഭിച്ചത്. ഡോക്ടർചമഞ്ഞു പിടിയിലായ ലാബ് ടെക്നീഷ്യൻ കന്യാകുമാരി ചെറുവല്ലൂർ മാമ്പഴത്തോട്ടത്തിൽ ബിനുകുമാർ (40), ഇയാൾക്ക് സർട്ടിഫിക്കറ്റും ജോലിയും തരപ്പെടുത്തിക്കൊടുത്ത തിരുവനന്തപുരം വഞ്ചിയൂർ വിളയിൽ വീട്ടിൽ സജിത്ത് (57) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്.
വ്യാജ ഡോക്ടർമാരെ റിക്രൂട്ടുചെയ്യുന്നയാളാണു സജിത്തെന്ന് പോലീസ് പറഞ്ഞു. ബിനുകുമാറിനെ കഴിഞ്ഞദിവസമാണ് പൂച്ചാക്കൽ പോലീസ് പുനലൂരിൽനിന്ന് അറസ്റ്റുചെയ്തത്. കസ്റ്റഡിയിലെടുത്തിരുന്ന സജിത്തിന്റെ അറസ്റ്റ് ചോദ്യംചെയ്യലിനുശേഷം രേഖപ്പെടുത്തി. ഇവരെ പിന്നീട് റിമാൻഡുചെയ്തു.
വ്യാജ എം.ബി.ബി.എസ്. സർട്ടിഫിക്കറ്റ് തരപ്പെടുത്തി പൂച്ചാക്കൽ മെഡിക്കൽ സെന്ററിൽ ബിനുകുമാർ 2020 ഡിസംബർമുതൽ 2021 ഏപ്രിൽവരെ ജോലിചെയ്തിരുന്നു. പുനലൂരിലും സമാനമായ തട്ടിപ്പു നടത്തുമ്പോഴാണു പിടിയിലായത്.
അറസ്റ്റിലായ സജിത്ത് ആറ്റിങ്ങലിൽ ഹോമിയോ ക്ലിനിക് നടത്തിവരുകയാണ്. ഇയാളുടെ കൈവശമുള്ള സർട്ടിഫിക്കറ്റ് മധ്യപ്രദേശിൽനിന്നുള്ളതാണ്. ഇത് യഥാർഥമാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
വ്യാജ ഡോക്ടർമാരെ വിവിധ ആശുപത്രികളിലേക്കു റിക്രൂട്ടുചെയ്യുന്ന ഏജന്റാണ് സജിത്തെന്ന് പോലീസ് പറഞ്ഞു. ആശുപത്രികളിലെ ഒഴിവുകളറിഞ്ഞ് അവിടേക്ക് വ്യാജന്മാരെ കൊടുക്കുകയാണുചെയ്യുന്നത്. ഇത്തരക്കാർ ചിലയിടങ്ങളിൽ ചികിത്സിക്കുന്നുണ്ടെന്നറിഞ്ഞതോടെ അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശി ഡോ. ബബിത ആലപ്പുഴ എസ്.പി. ജയ് ദേവിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ചേർത്തല ഡിവൈ.എസ്.പി. വിനോദ് പിള്ള, പൂച്ചാക്കൽ ഇൻസ്പെക്ടർ അജി ജി. നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..