തൃശ്ശൂരിൽ പിടികൂടിയ വ്യാജഡീസൽ കന്നാസുകളിൽ സൂക്ഷിച്ചിരിക്കുന്നു
തൃശ്ശൂര്‍: ജില്ലയില്‍ ബസുകള്‍ക്കായി വ്യാജഡീസല്‍ വില്‍പ്പന വ്യാപകം. യഥാര്‍ത്ഥ ഡീസല്‍ വില ലിറ്ററിന് 100 രൂപയ്ക്ക് അടുത്തെത്തി നില്‍ക്കുമ്പോള്‍ 75 രൂപ നിരക്കിലാണ് വ്യാജഡീസല്‍ വില്‍പ്പന. നഗരത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍നിന്ന് 500 ലിറ്റര്‍ വ്യാജ ഡീസല്‍ ഈസ്റ്റ് പോലീസ് പിടികൂടി.
20 ലിറ്റര്‍ കൊള്ളുന്ന 25 കന്നാസുകളിലായാണ് കൊണ്ടുവന്നത്. വാനിലെ 15 കന്നാസുകള്‍ ഒഴിഞ്ഞ നിലയിലുമായിരുന്നു. സ്വകാര്യ ബസുകളില്‍ ഇന്ധനമായി വ്യാജഡീസല്‍ ഉപയോഗിക്കുന്നതായി തൃശ്ശൂര്‍ എ.സി.പി. വി.കെ. രാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
പട്രോളിങ് നടത്തിയിരുന്ന കണ്‍ട്രോള്‍ റൂം വാഹനത്തിലെ പോലീസുകാരാണ് അനധികൃത ഡീസല്‍ വില്‍പ്പന നടത്തുന്ന വിവരം കണ്ടെത്തിയത്.
പോലീസുകാരെ കണ്ടപ്പോഴേക്കും വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡീസല്‍ വില്‍പ്പനയില്‍നിന്ന് കിട്ടിയതെന്നു കരുതുന്ന 23,500 രൂപ കണ്ടെടുത്തു. ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പില്‍ സജീവിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാമ്പിളുകള്‍ പരിശോധനയ്ക്ക് വിടും
വ്യാജമായി ഡീസല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും ഡീസല്‍ അനധികൃതമായി കൈകാര്യം ചെയ്തതിന് കേന്ദ്രഗവണ്‍മെന്റിന്റെ 2005-ലെ ഉത്തരവുപ്രകാരവുമാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. വ്യാജ ഡീസലിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. അതിനുശേഷം മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ച് വിശദാംശങ്ങള്‍ വെളിവാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാല്‍കുമാര്‍, ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സിനോജ്, ഗോപിനാഥന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ വില്ലിമോന്‍, സുദീപ്, സന്തോഷ്, ജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷനോജ്, കൃഷ്ണകുമാര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ചേര്‍ക്കുന്നത് സ്പിരിറ്റ് എന്ന് സംശയം
വ്യാജഡീസലില്‍ ചേര്‍ക്കുന്നത് സ്പിരിറ്റും മണ്ണെണ്ണയുമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇത് ഉറപ്പിക്കാനാകൂവെന്നും പോലീസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍നിന്നാണ് വ്യാജഡീസല്‍ എത്തുന്നത്. ഡീസല്‍ മറ്റുവാഹനങ്ങളില്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. എന്നാല്‍ ജെ.സി.ബി., ട്രാക്ടര്‍ എന്നിവയ്ക്കുവേണ്ടി എന്ന രീതിയിലാണ് കടത്തുന്നത്. ഇതിനാല്‍ എവിടെയും തടയുന്നില്ല.
വാഹനങ്ങള്‍ക്ക് തീപിടിക്കും
വ്യാജഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യത. യഥാര്‍ത്ഥ ഡീസല്‍ നിശ്ചിത ചൂടില്‍ മാത്രമാണ് കത്തുന്നത്. പക്ഷേ സ്പിരിറ്റ് പോലുള്ളവ ചേര്‍ക്കുമ്പോള്‍ ആവശ്യത്തിലും വേഗത്തില്‍ കത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..