അവിനാഷ് റോയി വർമ
തിരുവനന്തപുരം: സംസ്ഥാന പരീക്ഷാഭവന്‍ ഉള്‍പ്പെടെ രാജ്യത്തെ 40-ഓളം സര്‍വകലാശാലകളുടെയും പരീക്ഷാ ബോര്‍ഡുകളുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍.
ഡല്‍ഹി സ്വദേശി അവിനാഷ് റോയി വര്‍മയാണ് (23) പിടിയിലായത്. വ്യാജരേഖകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസാണ് ഡല്‍ഹി നോയിഡയില്‍ നിന്ന് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച പ്രതിയെ തലസ്ഥാനത്ത് എത്തിക്കും.
തട്ടിപ്പ് തിരിച്ചറിഞ്ഞത് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കിടെ
ചില സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പരീക്ഷാ ഭവനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധനാ സമയത്ത് തട്ടിപ്പ് സംഘത്തിന്റെ വ്യാജ വെബ്സൈറ്റിലേക്കാണ് പോയിരുന്നത്. ഇവര്‍ നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒട്ടേറെപ്പേര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയിട്ടുമുണ്ട്.
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്നാണ് സൈബര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. കേരള ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, കൊച്ചി സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, അസം പരീക്ഷാ ബോര്‍ഡ് തുടങ്ങി 40-ഓളം സ്ഥാപനങ്ങളുടെ വ്യാജ വെബ് സൈറ്റുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.
ഈ സൈറ്റുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യസ്‌കൂളിന്റെ പേരിലുള്ള വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ ബിഹാര്‍ സ്വദേശി ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
സംഘത്തിന്റെ വ്യാജസൈറ്റുകളില്‍ നുഴഞ്ഞുകയറിയാണ് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ കെ.എല്‍. സജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കുടുക്കിയത്. എസ്.ഐ. ബിജു രാധാകൃഷ്ണന്‍, സമീര്‍ ഖാന്‍, വി.എസ്. വിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: fake certificates and fake websites
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..