പ്രതീകാത്മക ചിത്രം | ANI
കൊട്ടാരക്കര: ആംബുലന്‍സിന്റെ മറവില്‍ കുഴല്പ്പണംതട്ടലും കഞ്ചാവുകടത്തും നടക്കുന്നതായി സൂചന. വ്യാജ ആംബുലന്‍സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കൊട്ടാരക്കര, കുന്നിക്കോട്, പത്തനാപുരം, കടയ്ക്കല്‍, അഞ്ചല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഒന്നരവര്‍ഷംമുന്‍പ് ചിരട്ടക്കോണത്തും വിളക്കുടിയിലുമായി മൂന്നരലക്ഷം രൂപ കൊട്ടാരക്കരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട സംഘം തട്ടിയിരുന്നു.
പരാതിക്കാരില്ലാത്തതിനാല്‍ കേസുണ്ടായില്ല. രണ്ടുദിവസംമുന്പുണ്ടായ കത്തിക്കുത്തുകേസില്‍ ഉള്‍പ്പെട്ടവരും ഏറ്റുമുട്ടിയവരില്‍ ചിലരും ഇതിലെ പ്രധാന കണ്ണികളാണ്. ഇത്തരത്തില്‍ ലഭിച്ച പണം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവും കൈയാങ്കളിയും സംഘര്ഷത്തിനുപിന്നിലെ പ്രധാന കാരണമായതായി പറയുന്നു.
കഞ്ചാവുകടത്തിന് ആംബുലന്‍സ് ഉപയോഗിക്കുന്നതും പതിവാണ്. പ്രത്യേക പേരിലുള്ള ആംബുലന്‍സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അടുത്തകാലത്ത് കഞ്ചാവുകടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരു ആംബുലന്‍സ് ഡ്രൈവറുമുണ്ടായിരുന്നു. ഇയാളുടെ വിലാപയാത്രയില്‍ നാല്‍പ്പതോളം ആംബുലന്‍സുകള്‍ ഭീകരാന്തരീക്ഷംസൃഷ്ടിച്ച് സൈറണ്‍ മുഴക്കി പാഞ്ഞതിന്റെ പേരില്‍ കേസുണ്ട്.
പഴയ ആംബുലന്‍സുകള്‍ മാറ്റുകയും പകരം മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിക്കുന്ന വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പഴയ വാഹനത്തിന്റെ നമ്പരും രേഖകളും ഉപയോഗിച്ച് ഓടിക്കുകയുമാണ്.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസ് പ്രതികളാകരുതെന്ന നിബന്ധനയുണ്ട്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍മാരാകാന്‍ കഴിയില്ല. എന്നാല്‍, കൊട്ടാരക്കരയില്‍ ഇരുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ ഡ്രൈവര്‍മാരായുണ്ട്.
കൊലപാതകം, കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടവരുണ്ട്. വഴിയില്‍ കുഴഞ്ഞുവീണ ബൈക്ക് യാത്രികനെ ആംബുലന്‍സില്‍ കൊണ്ടുപോകുകയും യാത്രക്കാരന്റെ പഴ്സ് കവരുകയും ചെയ്തെന്ന കേസിലെ പ്രതികളും ആംബുലന്‍സ് ഡ്രൈവര്‍മാരായി കൊട്ടാരക്കരയിലുണ്ട്. ഒരുകാലത്ത് സജീവമായിരുന്ന പോലീസിന്റെ റൂറല്‍ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് നിര്‍ജീവമാണെന്ന ആരോപണമുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാന്‍ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യമുയരുന്നു.
വ്യാജന്മാരെ പിടികൂടാന്‍ പോലീസ് നടപടി തുടങ്ങി
റൂറല്‍ ജില്ലയിലെ വ്യാജ ആംബുലന്‍സുകള്‍ കണ്ടെത്താന്‍ പോലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ രേഖകളില്ലാത്ത രണ്ട് ആംബുലന്‍സ് പോലീസ് പിടികൂടി. മൂന്ന് ഓട്ടോറിക്ഷകളും പിടിയിലായി.
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) ഇല്ലാത്ത ആംബുലന്‍സ് ഡ്രൈവര്‍മാരെ കണ്ടെത്താനും നടപടി തുടങ്ങി. ജില്ലയിലെ എല്ലാ ആംബുലന്‍സുകളുടെയും എന്ജിന് നമ്പരും ചേസിസ് നമ്പരും രജിസ്ട്രേഷന് രേഖകളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയതായി റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി.രവി പറഞ്ഞു.
പി.സി.സി. ഇല്ലാത്തവരെ ആംബുലന്‍സ് ഉടമകള്‍ ഡ്രൈവര്‍മാരായി നിയമിക്കുന്നതായി പരാതിയുണ്ട്. ഇത് കര്‍ശനമായി തടയും. നഗരങ്ങളിലെ എല്ലാ ആംബുലന്‍സുകളുടെയും വിവരശേഖരണം നടത്തും.
സമൂഹവിരുദ്ധരും ക്രിമിനല്‍ കേസ് പ്രതികളും രാത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. ഇവരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കും. രാത്രിയില്‍ ആംബുലന്‍സ് ഓടിക്കുന്നവര്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ ആംബുലന്‍സ് സ്റ്റാന്‍ഡുകളില്‍ മിന്നല്‍പ്പരിശോധന നടത്തും.
ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ രേഖാമൂലം നല്കണമെന്നുകാട്ടി എല്ലാ ആംബുലന്‍സ് ഉടമകള്‍ക്കും കത്തു നല്‍കുമെന്നും എസ്.പി. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..