
-
ന്യൂഡൽഹി: ഫെയ്സ്ബുക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യശ്രമത്തിൽനിന്ന് യുവാവിനെ പോലീസ് പിന്തിരിപ്പിച്ചു. ഡൽഹി, മുംബൈ പോലീസിലെ ഉദ്യോഗസ്ഥർ നടത്തിയ ചടുലമായ നീക്കത്തിനൊടുവിലാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയ 27-കാരനെ കണ്ടെത്തിയത്. ഇയാളെ പിന്നീട് കൗൺസിലിങ്ങിന് വിധേയനാക്കി.
വെറും അഞ്ച് മണിക്കൂർ കൊണ്ടാണ് മുംബൈയിൽ താമസിച്ചിരുന്ന ഡൽഹി സ്വദേശിയെ പോലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ(സൈബർ) അനിയേശ് റോയിക്ക് ഫെയ്സ്ബുക്കിൽനിന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുന്നത്. ഡൽഹിയിൽനിന്നുണ്ടാക്കിയ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടിൽ തുടർച്ചയായി ആത്മഹത്യാപ്രവണത കാണിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ച ഫോൺ നമ്പറും മറ്റുവിവരങ്ങളും ഫെയ്സ്ബുക്ക് ഡൽഹി പോലീസിന് കൈമാറിയുന്നു.
ഇ-മെയിൽ ലഭിച്ചതിന് പിന്നാലെ അനിയേശ് റോയിയും സൈബർ പോലീസ് സംഘവും മൊബൈൽ നമ്പറിന്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലായിരുന്നു മൊബൈൽ കണക്ഷൻ. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തതോടെ ഇവരുടെ ഭർത്താവാണ് ഈ നമ്പറിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും 27-കാരനായ അദ്ദേഹം മുംബൈയിൽ പാചകക്കാരനായി ജോലി ചെയ്യുകയാണെന്നും വ്യക്തമായി. രണ്ടാഴ്ച മുമ്പ് തന്നോട് വഴക്കിട്ടാണ് ഭർത്താവ് മുംബൈയിലേക്ക് പോയതെന്നും അവർ പറഞ്ഞു. ഭർത്താവിന്റെ മൊബൈൽ നമ്പർ കൈയിലുണ്ടെങ്കിലും മുംബൈയിലെ വിലാസം അറിയില്ലെന്നും ഭാര്യ മൊഴി നൽകി.
യുവാവ് ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൽ ഡൽഹി പോലീസ് ഉടൻതന്നെ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സമയം രാത്രി 11 ആയെങ്കിലും അനിയേശ് റോയ് അപ്പോൾതന്നെ മുംബൈ സൈബർ പോലീസ് ഡിസിപി രശ്മി കരൺധിക്കറെ വിവരമറിയിച്ചു. ഇതോടെ മുംബൈ പോലീസും യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
എന്നാൽ രാത്രി 12.30 വരെ സംഭവത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ തങ്ങൾ കുടുങ്ങിപ്പോയെന്നായിരുന്നു മുംബൈ ഡിസിപി രശ്മിയുടെ പ്രതികരണം. ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന നാല് വീഡിയോകളാണ് അയാൾ പോസ്റ്റ് ചെയ്തിരുന്നത്. സമയം പോകുംതോറും അയാൾ ജീവനൊടുക്കുമോ എന്ന ആശങ്കയും വർധിച്ചു. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അയാൾ എവിടെയുണ്ടെന്നറിയാൻ ഒരു മാർഗവുമില്ല. ഇതിനിടെ യുവാവിന്റെ അമ്മയെക്കൊണ്ട് വാട്സാപ്പിൽ വിളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു റിങ്ങിന് ശേഷം ഫോൺ ഡിസ്കണക്ട് ആയി- ഡിസിപി രശ്മി രൺധിക്കർ പറഞ്ഞു.
എന്തുചെയ്യുമെന്നറിയാതെ പോലീസ് സംഘം കുഴങ്ങിയപ്പോഴാണ് ഭാഗ്യം പോലെ ആ ഫോൺകോൾ വന്നത്. യുവാവ് മറ്റൊരു നമ്പറിൽനിന്ന് അമ്മയെ വിളിച്ചത് പോലീസിന് തുമ്പായി. ഇതോടെ ഒരു മണിക്കൂറിനുള്ളിൽ 27-കാരനെ കണ്ടെത്തി. ഈ സമയമാകെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും കടുംകൈ ചെയ്യരുതെന്നും പറഞ്ഞു. ഏകദേശം 1.30-ഓടെ പോലീസ് സംഘം യുവാവിന്റെ താമസസ്ഥലെത്തിയതോടെ ഡൽഹി പോലീസിനും അനിയേശ് റോയിക്കും ആശ്വാസമായി.
ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ കാരണമായതെന്നായിരുന്നു യുവാവിന്റെ മൊഴി. അടുത്തിടെ കുഞ്ഞ് ജനിച്ചതും കുഞ്ഞിനെ നല്ല രീതിയിൽ വളർത്താനാകുമോ എന്ന ആശങ്കയും വർധിച്ചു. ഈ ഘട്ടത്തിലാണ് ജീവനൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്നും 27-കാരൻ പറഞ്ഞു. എന്തായാലും നഷ്ടപ്പെട്ട് പോകാമായിരുന്ന ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് പോലീസ് സംഘം. ഒപ്പം ഫെയ്സ്ബുക്കിനും അഭിമാനിക്കാം. യുവാവിന് പിന്നീട് പോലീസ് സംഘം തന്നെ വിശദമായ കൗൺസിലിങ് നൽകിയെന്നാണ് റിപ്പോർട്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:facebook given warning delhi and mumbai police found youth who preparing to suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..