അക്തറിനെ മൂന്നാറിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ (ഫയൽ ചിത്രം)
മൂന്നാര്‍: മുകേഷ് അംബാനിയുടെ വീടിനടുത്ത് കാറില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട ഫോണ്‍ തിഹാര്‍ ജയിലില്‍നിന്ന് കണ്ടെടുത്തത് വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നാറില്‍ ഒളിവില്‍ താമസിച്ചയാളുടെ പക്കല്‍നിന്ന്.
സ്‌ഫോടകവസ്തുവെച്ചത് ജയ്ഷ് ഉല്‍-ഹിന്ദ് എന്ന സംഘടനയാണെന്ന കുറിപ്പ് ടെലിഗ്രാമില്‍ പോസ്റ്റുചെയ്യാന്‍ ഉപയോഗിച്ച മൊബെല്‍ ഫോണ്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയില്‍പ്പെട്ട തെഹ്‌സീന്‍ അക്തറിന്റെ പക്കല്‍നിന്നാണ്.
2013 ഡിസംബറിലാണ് അക്തര്‍ മൂന്നാറില്‍ ഒരാഴ്ച ഒളിവില്‍ക്കഴിഞ്ഞത്. മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടെ 2010-നുശേഷം നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനെന്ന് പറയപ്പെടുന്ന അക്തര്‍ ബിഹാര്‍ ദര്‍ഭംഗാ സ്വദേശിയാണ്. ഇന്ത്യന്‍ മുജാഹിദീനിലെ നേതൃനിരയിലെ പ്രമുഖനായിരുന്ന സിയാ ഉര്‍ റഹ്മാന്‍(വഖാസ്) ഭീകരാക്രമണങ്ങള്‍ക്കുശേഷം 2013 സെപ്റ്റംബര്‍മുതല്‍ നാലുമാസത്തോളം മൂന്നാര്‍ കോളനിയിലെ ഹോംസ്റ്റേയില്‍ ഒളിച്ചുതാമസിച്ചിരുന്നു. വഖാസിനെ സന്ദര്‍ശിച്ച് ഗൂഢാലോചന നടത്തുന്നതിനാണ് 2013 ഡിസംബറില്‍ അക്തര്‍ മൂന്നാറിലെത്തിയത്. കംപ്യൂട്ടര്‍ മെക്കാനിക് എന്ന പേരില്‍ ഇക്കാനഗറിനു സമീപമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് താമസിച്ചത്.
2014 മാര്‍ച്ച് 23-നാണ് വഖാസിനെ രാജസ്ഥാനിലെ ജയ്പൂരില്‍നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത്. അക്തറിനെ 2014 മാര്‍ച്ച് 26-ന് നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടി. രണ്ടുപേരെയും തെളിവെടുപ്പിന് 2014 ഏപ്രിലില്‍ ഡല്‍ഹി പോലീസ് മൂന്നാറിലെത്തിച്ചിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ വെച്ചവരെപ്പറ്റി തുമ്പൊന്നും കിട്ടിയില്ല
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തിഹാര്‍ ജയിലിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി തഹ്സീന്‍ അഖ്ത്തറെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. സ്‌ഫോടക വസ്തുക്കള്‍ വെച്ചതിനെപ്പറ്റി ഭീഷണിസന്ദേശം അയക്കാനുപയോഗിച്ച മൊബൈല്‍ ഫോണ്‍ അഖ്ത്തറിന്റേതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
കോടതിയില്‍നിന്ന് അനുമതി സമ്പാദിച്ചശേഷം ജയിലിലെത്തിയ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥരാണ് ശനിയാഴ്ച വൈകീട്ട് അഖ്ത്തറെ ചോദ്യംചെയ്തത്. മുംബൈ പോലീസിന്റെ നിര്‍ദേശമനുസരിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയ തിരച്ചിലിലാണ് അഖ്ത്തറിന്റെ ബാരക്കില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്.
പശ്ചിമബംഗാളില്‍നിന്ന് 2014-ല്‍ അറസ്റ്റിലായ തഹ്സീന്‍ അഖ്ത്തര്‍ 2013-ലെ ഹൈദരാബാദ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടയാളാണ്. ബിഹാറിലെ പട്നയിലും ബോധ്ഗയയിലുമുണ്ടായ സ്‌ഫോടനങ്ങളിലും പ്രതിയാണിയാള്‍. ജയിലിനുള്ളിലിരുന്ന് ഇന്ത്യന്‍ മുജാഹിദീനുവേണ്ടി സൈബര്‍ലോകത്ത് പ്രവര്‍ത്തിക്കുന്നവരെപ്പറ്റി നേരത്തേ സൂചന ലഭിച്ചിരുന്നെന്നും തഹ്സീന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഒരു മാസമായി നിരീക്ഷണത്തിലായിരുന്നെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അന്വേഷണം വഴിതെറ്റിക്കുന്നതിനായി സൈബര്‍ ലോകത്ത് സൃഷ്ടിക്കപ്പെട്ട സംഘടനയാണ് ജയ്ഷ് -ഉല്‍- ഹിന്ദ് എന്നാണ് കരുതുന്നത്. അതേസമയം, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പി.പി.ഇ. കിറ്റ് ധരിച്ച ഒരാളാണ് സ്‌ഫോടക വസ്തുക്കളുമായെത്തിയ വാഹനം ഓടിച്ചത് എന്നാണ് കരുതുന്നത്. ഇയാളെ തിരിച്ചറിയാനോ എങ്ങോട്ടുപോയെന്ന് മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല. സ്‌കോര്‍പ്പിയോക്കുപിന്നിലുണ്ടായിരുന്ന കാര്‍ കണ്ടെത്താനുമായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..