'കോടികള്‍ മൂല്യമുള്ള ലഹരി, ന്യൂജന്‍ തലമുറ അപകടത്തില്‍; എക്സൈസില്‍ കൈക്കൂലിവാങ്ങുന്നവരുമുണ്ട്'


വിഷ്ണു കോട്ടാങ്ങല്‍

തീരത്തുകൂടി ലഹരിമരുന്നുകള്‍ കടത്തുന്നുണ്ട്. 1500 കോടിയുടെ ലഹരിമരുന്ന് അടുത്തകാലത്തല്ലെ പിടികൂടിയത്. അതുകൊണ്ട് തന്നെ കേരളത്തിലേ തീരത്തേക്കും ഇങ്ങനെ ലഹരി എത്തുന്നുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്.

മന്ത്രി എം.വി. ഗോവിന്ദൻ | ഫോട്ടോ: എം.പ്രവീൺദാസ് / മാതൃഭൂമി

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളും ലഹരിക്കെണിയുടെ ഭാഗമായി മാറുന്നുവെന്ന ആശങ്കകള്‍ പങ്കുവെക്കുകയാണ് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളും പുതുതലമുറ ലഹരികള്‍ വ്യാപകമാകുന്നു. കേരളം ലഹരിമരുന്നുകള്‍ക്ക് മികച്ച മാര്‍ക്കറ്റായി മാറുന്നു. ന്യൂജന്‍ തലമുറയെ ലഹരിയുടെ അപകടത്തില്‍ നിന്ന് രക്ഷിക്കാനും കേരളത്തിലെ ലഹരിയുടെ വലകള്‍ മുറിക്കാനുമുള്ള എക്സൈസിന്റെ ശ്രമങ്ങളേപ്പറ്റി മന്ത്രി സംസാരിക്കുന്നു. മാതൃഭൂമി ഡോട്ട്കോം മന്ത്രി എം.വി ഗോവിന്ദനുമായി നടത്തിയ ദീര്‍ഘ സംഭാഷണം വായിക്കാം.

കേരളത്തില്‍ മയക്കുമരുന്നുള്‍പ്പെടെയുള്ള നിരോധിത ലഹരി എത്തുന്നത് കൂടുന്നുവെന്ന് പലതവണ താങ്കള്‍ പൊതുവേദികളില്‍ പറയുന്നു. എവിടെ നിന്നാണ് ഇത്രയധികം ലഹരിമരുന്നുകള്‍ കേരളത്തിലേക്കെത്തുന്നത് എന്നതിനെപ്പറ്റി എക്സൈസ് വകുപ്പിന് കൃത്യമായ വിവരങ്ങളുണ്ടോ?

വിദേശത്തുനിന്നും ഇന്ത്യയിലെ മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകളെത്തുന്നത്. അറബിക്കടലില്‍ നടത്തിയിട്ടുള്ള മയക്കുമരുന്ന് വേട്ടയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഇത്തരം ലഹരി വസ്തുക്കള്‍ എത്തുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ലോകം മുഴുവന്‍ മയക്കുമരുന്ന് വ്യാപിച്ച് നില്‍ക്കുന്ന അവസ്ഥയാണ് കാണാനാകുക. മുമ്പെല്ലാം കഞ്ചാവ് പോലുള്ള ലഹരികളെപ്പറ്റി മാത്രമേ ധാരണയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ളവ സജീവമായി വില്‍ക്കപ്പെടുന്നു. ഒരുകിലോ എംഡിഎംഎയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. കൊച്ചിയില്‍വെച്ച് രണ്ട് കിലോ എംഡിഎംഎ പിടിച്ച സമയത്താണ് അതിന്റെ മൂല്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്. രണ്ട് കിലോയ്ക്ക് ഏതാണ്ട് 11 കോടിയാണ് വിലയെന്നാണ് അറിയാന്‍ കഴിഞ്ഞത്. വളരെ ചെറിയ അളവുണ്ടായാല്‍ പോലും ലഹരി അനുഭവപ്പെടുന്നുണ്ട് എന്നാണ് അതിന്റെ അര്‍ഥം. ആ രീതിയില്‍ നല്ലൊരു മാര്‍ക്കറ്റായി കേരളം മാറിയിട്ടുണ്ട്.

പക്ഷെ, മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ രീതിയില്‍ എംഡിഎംഎ പിടികൂടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. നമുക്ക് കണ്ടെത്താനും പിടിക്കാനും സാധിക്കുന്നുണ്ട്. പക്ഷെ പിടിക്കുന്നതിനും എത്രയോ അധികമാണ് വ്യാപരിക്കുന്നതെന്നതും സത്യമാണ്.

കേരളത്തിലേക്ക് വലിയതോതില്‍ മയക്കുമരുന്ന് കടത്ത് ഉണ്ടാകുന്നുവെങ്കില്‍ ഇവിടെ ഉപയോഗിക്കുന്നവര്‍ കൂടുന്നുവെന്നല്ലേ അര്‍ഥം, അതിനെ എങ്ങനെ പ്രതിരോധിക്കാന്‍ സാധിക്കും?

നല്ലൊരു ബോധവത്കരണത്തിലൂടെ മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാന്‍ സാധിക്കൂ. പുതിയ പഠനങ്ങള്‍ പ്രകാരം സ്‌കൂള്‍ വിദ്യര്‍ഥികളില്‍ പോലും മയക്കുരുന്ന് എത്തുന്നുണ്ടെന്നാണ് കാണുന്നത്. 10- 15 വയസുമുതലുള്ള കുട്ടികള്‍ ലഹരി മരുന്നുപയോഗിക്കുന്നവരുടെ ഭാഗമായി മാറുന്നുണ്ട്. തമാശയ്ക്കുവേണ്ടി സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരു ലഹരി എന്ന നിലയിലാണ് ഇത് തുടങ്ങുന്നതെങ്കിലും പിന്നെ അതിന് അടിമയായി മാറുകയാണ്.

കേരളത്തില്‍ പുതുതലമുറ എന്തുകൊണ്ടാണ് ലഹരിയിലേക്ക് പോകാന്‍ കാരണം എന്ന് എക്സൈസ് പഠിച്ചിട്ടുണ്ടോ?

കേരളത്തില്‍ മാത്രമല്ല ലോകത്തിലാകെ ലഹരി മരുന്നുകള്‍ക്ക് കൂടുതല്‍ വിപണി ലഭിക്കുന്ന സാഹചര്യമാണുള്ളത്. ന്യൂജന്‍ സംവിധാനത്തിന്റെ ഭാഗമായ സമൂഹമാധ്യമങ്ങള്‍, ഫോണുകള്‍ ഒക്കെ ഇതിന് പിന്തുണ നല്‍കുന്നുണ്ടെന്ന് വേണം കാണാന്‍.

ലഹരി മരുന്ന് കടത്തിയതിനോ ഉപയോഗിച്ചതിനോ പിടിക്കപ്പെട്ടവരുടെ പശ്ചാത്തലം പരിശോധിച്ചിട്ടുണ്ടോ?

അതിന് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങിയവരാണ് ഇവരൊക്കെയെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. സുഹൃത്തുക്കള്‍ മുഖേനെയാണ് ഇങ്ങനെ ലഹരി മരുന്നുകളിലേക്കെത്തുന്നത്. ഉപയോഗിക്കുന്ന യുവാക്കളൊക്കെ പറയുന്നത് എംഡിഎംഎ പോലുള്ളവ ഉപയോഗിക്കുമ്പോള്‍ വലിയ ഊര്‍ജം ലഭിക്കുന്നുണ്ട് എന്നാണ്. ഇങ്ങനെ പ്രചരിപ്പിച്ചാണ് പലരും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. തുടങ്ങിയാല്‍ പിന്നെ ഇതിന് അടിമയായി മാറും.

ഇങ്ങനെ ലഹരിക്ക് അടിമയായവരെ തിരികെ കൊണ്ടുവരാന്‍ വിമുക്തി സംവിധാനത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്?

വിമുക്തി വളരെ നല്ല നിലയില്‍ തന്നെയാണ് ഇതില്‍ ഇടപെടുന്നത്. ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ഇപ്പോള്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക ഡീ- അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുമുണ്ട്. കാരണം സ്ത്രീകളിലും ഇപ്പോള്‍ നല്ലരീതിയില്‍ ലഹരി മരുന്നുപയോഗം വ്യാപിക്കുന്നുണ്ടെന്നാണ് പരിശോധനകളില്‍ മനസിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍ തുടങ്ങിയവരിലുള്ള മയക്കുമരുന്ന് ഉപയോഗം വളരെ അപകടമായ നിലയിലാണ് എത്തിയിരിക്കുന്നത്. അതൊരു സാമൂഹ്യപ്രശ്നമായിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

കേരളത്തിലെ ഇപ്പോഴത്തെ ന്യൂജന്‍ സംവിധാനത്തിന്റെ ഭാഗമായ ഒരു തലമുറയില്‍ പെട്ട ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ള തെറ്റായ പ്രവണതകള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോകുമ്പോള്‍ അതിന്റെയെല്ലാം പിന്നില്‍ ഈ മയക്കുമരുന്നിന്റെ ഉപയോഗം കാണാന്‍ കഴിയും. കൊലപാതകങ്ങളുടെ കാര്യത്തിലും ആത്മഹത്യയുടെ കാര്യത്തിലുമെല്ലാം മയക്കുമരുന്നിന്റെ സാന്നിധ്യം കാണാം.

ഒരു തലമുറതന്നെ അപകടത്തിലേക്ക് ചാടാതിരിക്കണമെങ്കില്‍ നല്ലരീതിയിലുള്ള ബോധവത്കരണം യുവതി-യുവാക്കള്‍ക്കിടയില്‍ നടത്തേണ്ടതുണ്ട്. അത് വിദ്യാര്‍ഥികളില്‍ നിന്ന് തന്നെ ആരംഭിക്കണം. ആ ഒരു തലത്തിലാണ് ഞങ്ങളിപ്പോള്‍ ആലോചിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്ന് നല്ല ഇടപെടല്‍ വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങണം.

മന്ത്രി എം.വി. ഗോവിന്ദന്‍ | ഫോട്ടോ: എം.പ്രവീണ്‍ദാസ് / മാതൃഭൂമി

പുതിയ തലമുറയിലെ ലക്ഷക്കണക്കിന് കുട്ടികളാണ് ഈ തലങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അവരിലെല്ലാം മയക്കുമരുന്നിനെതിരായ ബോധവത്കരണം സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. വളരെ വേഗം തന്നെ അത് തുടങ്ങും, എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ് ഇവരെ എല്ലാം ഉപയോഗപ്പെടുത്തിയാല്‍ തന്നെ വലിയൊരു വിഭാഗം സന്നദ്ധപ്രവര്‍ത്തകരായി. ഇതിനൊപ്പം യുവജന സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ ഇവരെയൊക്കെ ഉപയോഗപ്പെടുത്തിയാല്‍ വലിയ രീതിയില്‍ ഈ ബോധവത്കരണം കുട്ടികളിലെത്തിക്കാന്‍ സാധിക്കും.

കുട്ടികളെ പഴിച്ചതുകൊണ്ട് കാര്യമില്ല. അവരെക്കൂടി ഉള്‍ക്കൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍. അവരെത്തന്നെ മയക്കുമരുന്നിനെ പ്രതിരോധിക്കാനുള്ള കവചമാക്കി മാറ്റാന്‍ നമുക്ക് ആകണം. അതിലൂടെ മാത്രമേ അപടത്തിലേക്ക് പോകുന്ന അവസ്ഥ മാറ്റാന്‍ സാധിക്കു. നിലവില്‍ വിമുക്തിയില്‍ മരുന്ന് മാത്രമല്ല, മനഃശാസ്ത്രപരമായ കൗണ്‍സിലിങ്ങും മറ്റുമുള്‍പ്പെടുത്തിയാണ് ലഹരിക്കടിമകളായവരെ തിരികെ കൊണ്ടുവരുന്നത്.

കേരളത്തില്‍ മദ്യ ഉപഭോഗം കുറയുന്നതും മയക്കുമരുന്ന് ഉപയോഗം കൂടുന്നതും തമ്മില്‍ ബന്ധമുണ്ടോ?

കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞുവരികയാണ്. കേരളത്തിന്റെ കഴിഞ്ഞ ആറുകൊല്ലത്തെ കണക്ക് നോക്കിയാല്‍ അതിനുമുമ്പുണ്ടായിരുന്നപോലുള്ള മദ്യ ഉപഭോഗം ഇപ്പോഴില്ല. കേരളത്തിലെ ആകെയുള്ള മദ്യവില്‍പ്പനയില്‍ കുറവാണ് സംഭവിച്ചിട്ടുള്ളത്. അതിന്റെ കൃത്യമായ കണക്കുകളാണ് ഉള്ളത്.

പക്ഷെ അതിന്റെ ബാക്കിയെന്താണ്, പുതിയ ഒരു തലമുറ മദ്യത്തിന് പകരം ലഹരിക്ക് ഉപയോഗിക്കുന്നത് മയക്കുമരുന്നുകളെയാണ്. അപ്പോള്‍ ആരോഗ്യകരമായ പ്രശ്നങ്ങള്‍ വരെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

കേരളത്തില്‍ മദ്യ വില്‍പ്പന കുറയുന്നുവെന്ന് പറയുന്നു. പക്ഷെ ഐടി പാര്‍ക്കുകളിലടക്കം മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യത്തിന്റെ കാരണം?

ഐ.ടി പാര്‍ക്കുകളിലെ സ്ഥാപനങ്ങള്‍ക്ക് അവരുടെതായ ഒരു സേവന രീതിയുണ്ടല്ലോ, അവര്‍ക്ക് നിലവില്‍ ഇതിനായി ബാറുകളെ ആശ്രയിക്കാനാകുന്നില്ല. അവര്‍ക്കാവശ്യമായ ഗുണമേന്മയുള്ള മദ്യം കിട്ടുകയെന്ന് മാത്രമേ അവര്‍ ഉദ്ദേശിക്കുന്നുള്ളു. അങ്ങനെ ഒരാവശ്യം അവര്‍ ഉന്നയിച്ചപ്പോള്‍ ഗവണ്‍മെന്റ് അത് പരിഗണിച്ചുവെന്ന് മാത്രമേയുള്ളു. മറ്റുരീതിയില്‍ അതിനെ പരിഗണിക്കേണ്ട ആവശ്യമില്ല.

എംഡിഎംഎ പോലുള്ള ലഹരിമരുന്നുകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ?

അങ്ങനെയൊന്നും കേരളത്തില്‍ നടക്കുന്നില്ല. ഇതിപ്പോള്‍ കേരളത്തില്‍ അവസാനം വന്ന പുതിയ തലമുറ ലഹരികളാണ്. മുമ്പ് ഈ എംഡിഎംഎയെപ്പറ്റി ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അത് പിടിക്കപ്പെടുന്നതും വളരെ കുറവായിരുന്നു. ഇപ്പോഴാണ് നല്ലതുപോലെ അവ പിടിക്കപ്പെടുന്നത്. കാരണം പിടിക്കപ്പെടുന്നവരുടെയെല്ലാം കൈവശം ഇതുമുണ്ട്. അപ്പോള്‍ നല്ല വ്യാപനമുണ്ട് എന്നാണര്‍ഥം.

ഉമിനീര്‍ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടുപിടിക്കാനുള്ള കിറ്റ് ഉപയോഗിക്കാന്‍ തുടങ്ങുകയാണല്ലോ, അതിന്റെ പ്രായോഗികത എത്രത്തോളമുണ്ട്?

ഇത്തരം കേസുകളില്‍ അപ്പോള്‍ തന്നെ ഉപയോഗം കണ്ടെത്തിയാല്‍ മാത്രമാണ് ആ കേസ് കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുക. നിലവില്‍ പരിശോധനയ്ക്കയച്ച് എത്രയോ നാളുകള്‍ കഴിഞ്ഞാണ് റിസള്‍ട്ടുവരിക. അപ്പോഴേക്കും അതിന്റെ കൃത്യതയൊക്കെ പോയിരിക്കും. നേരത്തെ തന്നെ കൃത്യമായി പരിശോധിക്കാനുള്ള ആധുനിക രീതികള്‍ നിലവില്‍ വന്നിട്ടുണ്ട്. അതുപയോഗിക്കാനാകുന്നതാണ്.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കൂടി അനധികൃത ലഹരിക്കടത്ത് നടക്കുന്നുണ്ടോ?

തീരത്തുകൂടി ലഹരിമരുന്നുകള്‍ കടത്തുന്നുണ്ട്. 1500 കോടിയുടെ ലഹരിമരുന്ന് അടുത്തകാലത്തല്ലെ പിടികൂടിയത്. അതുകൊണ്ട് തന്നെ കേരളത്തിലേ തീരത്തേക്കും ഇങ്ങനെ ലഹരി എത്തുന്നുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്. ഇത്തരം ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് വലിയൊരു ശൃംഖലതന്നെയുണ്ട്. എവിടെനിന്നാണ് ഇവയെത്തുന്നതെന്ന് കൃത്യമായി അറിയാനാകില്ല. ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവയൊക്കെ വരുന്നത്. പക്ഷെ കേരളത്തിലേത് ചെറിയ കാരിയര്‍മാര്‍ മാത്രമാണ്. നേരേമറിച്ച് ഇതില്‍ ലോകോത്തര മാഫിയകളുണ്ട്. അവരാണ് ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

പക്ഷെ അവരെയൊന്നും കേരളത്തില്‍ അന്വേഷിച്ച് പിടികാനാകുന്നതല്ല. അതിന്റെ ഒരു ശൃംഖല കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്. അതിലൂടെയാണ് വില്‍പ്പനയും കൈമാറ്റവുമെല്ലാം നടക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കണ്ണി കണ്ടെത്തുകയാണ് പ്രധാനം. നിലവില്‍ ഈ ശൃംഖലയുടെ ഏറ്റവും ഇങ്ങേയറ്റത്തുള്ള ചെറിയ വില്‍പ്പനക്കാരോ ഉപയോഗിക്കുന്നവരോ ഒക്കെയാണ് പിടിക്കപ്പെടുന്നത്. എവിടെനിന്ന്, ആരാണ് ഇത്രയധികം വിലയുള്ള ലഹരിമരുന്നുകള്‍ വലിയതോതില്‍ കേരളത്തിലേക്ക് എത്തിക്കുന്നത് എന്നതിനെപ്പറ്റി ഇതുവരെയുള്ള അന്വേഷണത്തില്‍ ഒരുവിവരവും ലഭിച്ചിട്ടില്ല.

കേരളത്തില്‍ ലഹരി വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരുമടങ്ങുന്ന വിഭാഗത്തിന്റെ പ്രായം, അതെത്രത്തോളം വ്യക്തമാണ്?

ഒരുവിഭാഗം യുവാക്കളാണ് ഇതിന്റെയെല്ലാം വക്താക്കള്‍. ഇങ്ങനെ പിടിക്കപ്പെട്ടവരുടെ ശരീരഘടന തന്നെ മാറിയപോലെയാണ് ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകുക. ഊര്‍ജം കിട്ടുമെന്നാണല്ലോ ചെറുപ്പക്കാര്‍ വിചാരിക്കുന്നത്. അത് ഒരുതരത്തില്‍ ശരിയുമാണ്. അതിന് കാരണം ഡോപോമിന്റെ അളവ് ഇതുപയോഗിക്കുന്ന സമയത്ത് ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

അത് പക്ഷെ പിന്നീട് താഴേക്ക് പോകും. ഇത് വീണ്ടും ഉപയോഗിക്കുമ്പോള്‍ ഡോപോമിന്റെ അളവ് വീണ്ടും ഉയരും. ഇങ്ങനെ ഡോപോമിന്റെ അളവ് ഉയരുന്ന സമയത്ത് അവര്‍ക്ക് പ്രത്യേക സന്തോഷവും ഊര്‍ജവുമൊക്കെ അനുഭവപ്പെടും. ഇങ്ങനെ ഡോപോമിന്‍ തുടര്‍ച്ചയായി താഴുകയും ഉയരുകയുമൊക്കെ ചെയ്യുമ്പോള്‍ അവരുടെ മാനസിക നിലയെത്തന്നെ അത് ബാധിക്കുന്ന അവസ്ഥയുണ്ടാകും.

ശരീരഘടനയെ ബാധിക്കും. മറ്റ് ലഹരികള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഗന്ധമൊന്നും എംഡിഎംഎയ്ക്ക് ഇല്ലാത്തതുകൊണ്ട് അത് കൂടുതല്‍ ഉപയോഗിക്കാന്‍ യുവാക്കള്‍ തയ്യാറാകുന്നു. കാരണം വീട്ടില്‍ പോയാലും ആര്‍ക്കും ഒന്നും മനസിലാകില്ല. പക്ഷെ കുറച്ച് മാസങ്ങള്‍ കൊണ്ട് അയാളുടെ അവസ്ഥതന്നെ മാറും. നിരന്തരമായി എംഡിഎംഎ ഉപയോഗിക്കുന്നവരുടെ മാനസിക നില കോവിഡിന്റെ കൂടിയുള്ള പശ്ചാത്തലത്തില്‍ ഗുരുതരമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വളരെ ഗൗരവമായി കാണേണ്ടതാണ്.

അഞ്ചോ പത്തോ കൊല്ലം മാത്രമേ ആയിട്ടുള്ള ഈ പുതിയ ലഹരികള്‍ കേരളത്തിലേക്ക് എത്തിയിട്ട്. അതിന് മുമ്പ് ഇതൊന്നുമില്ല. ശാസ്ത്രം വളരുന്നതനുസരിച്ച് ചിലയാളുകള്‍ ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്.

എക്സൈസിനെ കാലോചിതമായി നവീകരിക്കേണ്ട കാലമാണിത്. എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്?

എക്സൈസിനെ നവീകരിക്കാതെ ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ല. പഴയകാലത്തേപ്പോലെ ചെറിയ സ്ഥലങ്ങളിലല്ല, കേരളത്തിലുടനീളം ലഹരി വ്യാപിക്കുന്നു. അതുകൊണ്ട് പരിശോധനകള്‍ക്ക് കൂടുതല്‍ വാഹനങ്ങള്‍ വേണം. കേരളത്തിന്റെ കിടപ്പനുസരിച്ച് കര്‍ണാടകയും തമിഴ്നാടുമായി പലരീതിയില്‍ ബന്ധപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് പോയാല്‍ അറബിക്കടലിന്റെ തീരം മുഴുവന്‍ നിരീക്ഷിക്കേണ്ടി വരും.

അതിന് പുറമെ സുരക്ഷയ്ക്ക് വേണ്ടി കുറച്ചധികം ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇനിയും ആയുധങ്ങള്‍ വാങ്ങും. ലഹരി മാഫിയയുടെ പിടിയില്‍ ഉദ്യോഗസ്ഥര്‍ അകപ്പെട്ട് പോകുന്ന സ്ഥിതിയുണ്ടാകുന്നുണ്ട്. ചില സന്ദര്‍ഭത്തില്‍ അവര്‍ രക്ഷപ്പെട്ട് വരുന്നുവെന്ന് മാത്രം.

വിദേശത്തുനിന്നും എത്തുന്നതിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊറിയര്‍ വഴിയും ലഹരിയെത്തുന്നുണ്ട്. അയക്കുന്നതെവിടെ നിന്നാണെന്നും ആരാണെന്നുമുള്ള വിവരങ്ങളാണ് കിട്ടാതിരിക്കുന്നത്. എത്തിപ്പെട്ട് കഴിഞ്ഞാല്‍ അതിനനുസരിച്ച് പിടിക്കാന്‍ സാധിക്കുന്നുണ്ട്. ലഹരിമാഫിയ എന്നത് വലിയൊരു സംവിധാനമാണ്.

അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്ല പരിശീലനം നല്‍കും. ഇവരെ കായികമായി നേരിടാനുള്ള പരിശീലനം, അതുപോലെ തന്നെ ആയുധമുപയോഗിക്കാനുള്ള ശേഷി വേണം. ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കു. ഫോണുകളില്‍ നിന്നും മറ്റും ചോര്‍ന്നുകിട്ടുന്ന വിവരങ്ങള്‍ മാത്രമേ നിലവില്‍ നമുക്ക് ഉപയോഗിക്കാനാകുന്നുള്ളു.

കേരളത്തില്‍ ലഹരി എത്തിക്കുന്ന കാരിയര്‍മാരെപ്പറ്റിയുള്ള എക്സൈസിന്റെ വിലയിരുത്തലെങ്ങനെയാണ്?

കേരളത്തില്‍ ലഹരി എത്തിക്കുന്നത് ഇവിടെയുള്ളവര്‍ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളീയര്‍ക്ക് പുറമെ അതിഥി തൊഴിലാളികള്‍ വഴിയും ലഹരിയെത്തുന്നുണ്ട്. ഇപ്പോള്‍ പിടിക്കപ്പെടുന്നവരെ നോക്കിയാലും ഇക്കാര്യം വ്യക്തമാണ്.

ലഹരിക്ക് അടിമയാകണമെന്നില്ല ഇപ്പോള്‍ അതിന്റെ കാരിയര്‍മാരാകാന്‍. കാരണം എംഡിഎംഎ പോലുള്ള ലഹരികള്‍ക്ക് വലിയൊരു സാമ്പത്തിക അടിത്തറയുമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നതാണ് പ്രധാനം. വളരെ കുറച്ച് അളവ് കടത്തിയാല്‍ തന്നെ വലിയൊരു തുക ലഭിക്കുമെന്ന പ്രലോഭനം തന്നെയാണ് ഇതിന്റെ പിന്നിലുള്ള വലിയൊരി പ്രശ്നം. കാരിയര്‍മാര്‍ ആയതിന് ശേഷം ഉപയോഗിച്ച് തുടങ്ങുന്നവരുമുണ്ട്.

ഓണക്കാലം വരുന്നു, ഇത്ര ഗുരുതരമായ സാഹചര്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ എന്ത് മുന്നൊരുക്കമാണ് നടത്തുന്നത്?

ലഹരിവേട്ടയ്ക്ക് വരുന്ന 12-ാം തീയതി വരെ വലിയൊരു നടപടി എക്സൈസ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ടീമിനെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. ഓണത്തിന്റെ സീസണില്‍ ആളുകളുടെ കൈയില്‍ എത്തുന്ന പണം ലക്ഷ്യമിട്ട് ലഹരിമാഫിയയും രംഗത്തിറങ്ങും. ഇതിനായി ലഹരി മരുന്നുകള്‍ മുന്‍കൂട്ടി സംഭരിച്ച് വില്‍പ്പന നടത്താനാണ് അവര്‍ ശ്രമിക്കുക. ഇതിനെ ആദ്യം മുതലേ പ്രതിരോധിക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ശക്തമായതിനാലാണ് നമ്മള്‍ ഇപ്പോഴും രക്ഷപ്പെട്ട് നില്‍ക്കുന്നത്. അതിന്റകത്ത് പഴയകാലത്തേപ്പോലെയുള്ള അഴിമതിയില്ല. സത്യസന്ധരായ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തി കേരളമൊട്ടാകെ ഇടപെടുന്നുണ്ട്. എന്നാല്‍ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നുണ്ട് എന്നത് ഇല്ലായെന്ന് പറയാന്‍ പറ്റില്ല. അവരെയും കൂടി മാറ്റിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പക്ഷെ, നല്ലൊരു എന്‍ഫോഴ്സ്മെന്റ് ടീം നാടിന് അഭിമാനകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കേന്ദ്രീകൃതമായും വികേന്ദ്രീകൃതമായും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇപ്പോഴത്തേത്.

Content Highlights: excise minister mv govindan talks about drugs in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented