
Image Courtesy: twitter.com|JoeHoldenCBS3
വാഷിങ്ടൺ: അമ്മയെയും ഭാര്യയെയും കൊലപ്പെടുത്തിയ മുൻ ഇന്ത്യൻ കായികതാരം ഇഖ്ബാൽ സിങ്(62) യു.എസിൽ കസ്റ്റഡിയിൽ. പെൻസിൽവാനിയ റോക്ക് വുഡ് റോഡിലെ വീട്ടിൽനിന്നാണ് ഇഖ്ബാൽ സിങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മ നസീബ് കൗർ, ഭാര്യ ജസ്പാൽ കൗർ എന്നിവരെ താൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ശരീരമാസകലം സ്വയം മുറിവേൽപ്പിച്ചതിനാൽ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന് ശേഷം ഇഖ്ബാൽ സിങ് തന്നെയാണ് മകനെയും മകളെയും പോലീസിനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. 'നിന്റെ അമ്മയെയും മുത്തശ്ശിയെയും ഞാൻ കൊന്നു. വേഗം പോലീസിനെ വിളിച്ച് എന്നെ പിടികൂടാൻ പറയൂ'- എന്നാണ് മകനോട് പറഞ്ഞത്. തൊട്ടുപിന്നാലെ മകളെയും ഫോണിൽവിളിച്ച് ഇതേകാര്യം ആവർത്തിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വീട്ടിൽ പ്രവേശിച്ചപ്പോൾ ചോരയിൽ കുളിച്ചുനിൽക്കുന്ന ഇഖ്ബാൽ സിങ്ങിനെയാണ് കണ്ടത്. രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ദേഹമാസകലം സ്വയം മുറിവേൽപ്പിച്ചിരുന്നു. പോലീസ് സംഘം വീട് പരിശോധിച്ചപ്പോൾ നസീബ് കൗറിന്റെയും ജസ്പാൽ കൗറിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴുത്തറുത്ത നിലയിൽ താഴെത്തെ നിലയിലാണ് നസീബ് കൗറിന്റെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയുടെ മൃതദേഹം വീടിന്റെ മുകൾനിലയിലായിരുന്നു.
കുറ്റംസമ്മതിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫസ്റ്റ്, തേർഡ് ഡിഗ്രി കൊലക്കുറ്റമാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും പ്രതി ഇതുവരെ അഭിഭാഷകനെ നിയമിച്ചിട്ടില്ലെന്നുമാണ് പോലീസ് അറിയിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ദുരൂഹമാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇഖ്ബാൽ സിങ്ങിന്റെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ തോന്നിയതായി അയൽക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. പതിവായി യോഗ ചെയ്യുകയും നടക്കാനിറങ്ങുകയും ചെയ്യുന്ന ഇഖ്ബാൽ സിങ് കഴിഞ്ഞദിവസങ്ങളിൽ അല്പം പ്രക്ഷുബ്ധനായിരുന്നു എന്നാണ് അയൽക്കാരുടെ മൊഴി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഷോട്ട്പുട്ട് താരമായിരുന്ന ഇഖ്ബാൽ സിങ് 1983-ൽ കുവൈത്തിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയിരുന്നു. പിന്നീട് കുടുംബവുമൊത്ത് യു.എസിലേക്ക് ചേക്കേറി. നിലവിൽ ഇഖ്ബാൽ സിങ് യു.എസിൽ ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയാണെന്നാണ് യു.എസ്. മാധ്യമങ്ങളുടെ റിപ്പോർട്ട്.
Content Highlights:ex indian athlete iqbal singh kills wife and mother in usa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..