ഹാരി ജോൺ
കൊല്ലം : വ്യാജ വിദേശമദ്യം നിര്‍മിച്ച് വിവിധ ബ്രാന്‍ഡുകളുടെ ലേബല്‍ ഒട്ടിച്ചുവിറ്റ കേസില്‍ പിടിയിലായ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ലക്ഷ്യമിട്ടത് ലക്ഷങ്ങളുടെ കച്ചവടം. മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വന്‍തോതില്‍ മദ്യവില്‍പ്പന നടത്താനായിരുന്നു പരിപാടി.
സ്പിരിറ്റ് ലോബിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട കായംകുളം ചൂനാട് സ്വദേശിയും മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ ഹാരി ജോണ്‍ (51) കുപ്പിവെള്ള നിര്‍മാണത്തിനെന്നു പറഞ്ഞ് കെട്ടിടം വാടകയ്‌ക്കെടുത്താണ് വലിയ മദ്യനിര്‍മാണ യൂണിറ്റ് തുടങ്ങിയത്. ചെറിയ നിലയില്‍ തുടങ്ങിയ നിര്‍മാണവും വിപണനവും ലോക് ഡൗണ്‍ വന്നതോടെ വന്‍തോതിലാക്കുകയായിരുന്നെന്ന് അന്വേഷണസംഘം പറഞ്ഞു. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജെ.താജുദ്ദീന്‍കുട്ടിക്ക് ലഭിച്ച രഹസ്യവിവരമാണ് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിലേക്ക് നയിച്ചത്.
അയത്തില്‍ ഭാഗത്ത് ഒരു ലിറ്റര്‍ വിദേശമദ്യം 1500 രൂപയ്ക്ക് വില്‍ക്കുന്നതായായിരുന്നു സന്ദേശം. കായംകുളത്തുനിന്നാണ് മദ്യമെത്തിക്കുന്നതെന്നും വിവരം കിട്ടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അയത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 28 ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി കല്ലുംതാഴം സ്വദേശി രാഹുല്‍ (27), കിഴക്കേ കല്ലട സ്വദേശി സഞ്ജയന്‍ (42) എന്നിവരെ പിടികൂടി. പലതവണ ചോദ്യംചെയ്തപ്പോഴാണ് പ്രതികള്‍ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞത്.
ഹാരി ജോണ്‍ വാടകയ്‌ക്കെടുത്ത ബഹുനിലക്കെട്ടിടത്തില്‍ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘം ഞെട്ടിപ്പോയി. 480 ലിറ്റര്‍ വ്യാജമദ്യം, 5320 കാലി മദ്യക്കുപ്പികള്‍, ഹൈടെക് സീലിങ് മെഷീന്‍, സ്പിരിറ്റ് നിറച്ചുവെച്ചിരുന്ന 50 കാലി കന്നാസുകള്‍, എണ്ണായിരത്തോളം കുപ്പികള്‍, ബിവറേജസ് കോര്‍പ്പറേഷന്റെ 7210 വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. സര്‍വീസിലിരുന്നപ്പോഴത്തെ ബന്ധങ്ങള്‍ ഉപയോഗിച്ച് പാലക്കാട് ആലത്തൂരില്‍നിന്ന് സ്പിരിറ്റും ഗോവയില്‍നിന്ന് ഫ്‌ളേവറുകളും വരുത്തിയാണ് ഈ സംഘം വന്‍തോതില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ചിരുന്നതെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജെ.താജുദ്ദീന്‍കുട്ടി പറഞ്ഞു.
Content Highlights: ex excise officer caught with illegal liquor in kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..