പ്രതീകാത്മക ചിത്രം | AFP
അഹമ്മദാബാദ്(ഗുജറാത്ത്): മുൻകാമുകന്റെ പ്രതിശ്രുത വധുവിന്റെ സ്വകാര്യചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. നരോദ സ്വദേശിനിയായ 22-കാരിയെയാണ് അഹമ്മദാബാദ് സൈബർക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പാണ് അഹമ്മദാബാദ് സ്വദേശിനിയായ യുവതി തന്റെ സ്വകാര്യചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നതായി പോലീസിൽ പരാതി നൽകിയത്. തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചിട്ടുണ്ടെന്നും ഇതിലൂടെ തന്റെ സ്വകാര്യചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. തന്റെ പ്രതിശ്രുത വരന് ഈ അക്കൗണ്ടിൽനിന്ന് റിക്വസ്റ്റ് അയച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. തുടർന്നാണ് ചിത്രങ്ങൾ പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ച് സൈബർക്രൈം പോലീസ് അന്വേഷണം ആരംഭിച്ചത്.
ഐ.പി. അഡ്രസ് ഉൾപ്പെടെ പരിശോധിച്ച പോലീസ് സംഘം നരോദ സ്വദേശിനിയായ 22-കാരിയാണ് വ്യാജ അക്കൗണ്ട് നിർമിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ ചോദ്യംചെയ്തതോടെയാണ് മുൻകാമുകനോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് വ്യക്തമായത്.
പരാതിക്കാരിയുടെ പ്രതിശ്രുത വരൻ പ്രതിയുടെ മുൻകാമുകനായിരുന്നു. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ പരാതിക്കാരിയും പ്രതിശ്രുത വരനും ഇൻസ്റ്റഗ്രാമിൽ നിരന്തരം ചാറ്റ് ചെയ്യുകയും സ്വകാര്യചിത്രങ്ങൾ അയച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ യുവാവിന്റെ ഇൻസ്റ്റഗ്രാം ഐ.ഡി.യും പാസ് വേർഡും പ്രതിയായ യുവതിക്ക് അറിയാമായിരുന്നു. ഇതുപയോഗിച്ച് യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറിയാണ് പ്രതി പരാതിക്കാരിയുടെ സ്വകാര്യചിത്രങ്ങൾ ഡൗൺലോഡ് ചെയ്തത്. ഇത് പിന്നീട് മറ്റൊരു അക്കൗണ്ട് നിർമിച്ച് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Content Highlights:ex boyfriends fiancee private photos circulated in instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..