
പ്രതികളെ വകയാറിലെ വീട്ടിലേക്ക് കൊണ്ടുവരുന്നു(ഇടത്ത്) പ്രതിഷേധവുമായെത്തിയ നിക്ഷേപകർ(വലത്ത്) | Screengrab: Mathrubumi News
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു. കോന്നി വകയാറിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. രാവിലെ 11 മണിയോടെ പ്രതികളെ വകയാറിലെത്തിച്ചു. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണെന്നും മുഴുവൻ തിരികെ കിട്ടണമെന്നുമായിരുന്നു നിക്ഷേപകർ ഉറക്കെ വിളിച്ചുപറഞ്ഞത്. രഹസ്യ ബാങ്ക് ഇടപാടുകൾ, ആസ്തികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് വകയാറിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്.
രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട്. ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുക്കാനും വിശദമായ അന്വേഷണത്തിനും പോലീസ് സംഘം ഇവിടങ്ങളിലേക്ക് പോകും.
ഓസ്ട്രേലിയയിൽനിന്ന് പഴയ കമ്പ്യൂട്ടറുകൾ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയതിലൂടെയാണ് തട്ടിപ്പിന്റെ ആസൂത്രണം തുടങ്ങിയതെന്നാണ് വിലയിരുത്തൽ. കമ്പ്യൂട്ടർ ഇടപാടുകളിലൂടെ ആറ് കോടി രൂപയോളം പ്രതികൾ നേടി. ഇതിനുപിന്നാലെയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടമായ എൽ.എൽ.പി. കമ്പനികൾ രൂപീകരിച്ചത്.
അതേസമയം, കേസിൽ അന്വേഷണപുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Content Highlights:evidence taking in popular finance fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..