കൊല്ലപ്പെട്ട രാജൻ, പിടിയിലായ ജോസ്, ലിജോ ജോസഫ്
ഈരാറ്റുപേട്ട: തീക്കോയി ഞണ്ടുകല്ലില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ബന്ധുക്കള്‍ അറസ്റ്റിലായി.
ഞായറാഴ്ച രാത്രി 12.30-ന് കോതമംഗലം മുതുകാട്ടില്‍ രാജനെയാണ് ഞണ്ടുകല്ലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജന്റെ സഹോദരന്‍ ജോസ് (49), സഹോദരിയുടെ മകന്‍ ലിജോ ജോസഫ് (29), രാജന്റെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ബന്ധു എന്നിവരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.
രാജനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പാലാ ഡിവൈ.എസ്.പി. പ്രഫുല്ല ചന്ദ്രകുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
കോതമംഗലത്ത് താമസിക്കുന്ന രാജന്‍ ഞായറാഴ്ചയാണ് ഞണ്ടുകല്ലിലുള്ള വീട്ടിലെത്തിയത്. രാജന്റെ വീടിന്റെ അടുത്താണ് ജോസും കുടുംബവും താമസിക്കുന്നത്. പോലീസ് പറയുന്നത് ഇങ്ങനെ-രാജന്റെ വീട്ടിലിരുന്ന് ജോസും ലിജോയും ഒരുമിച്ച് മദ്യപിച്ചു. 2010-ല്‍ രാജനെയും ഭാര്യയേയും ജോസും ലിജോ ജോസഫും കൂടി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിന്റെ കാര്യം പറഞ്ഞ് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ജോസും, ലിജോയും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ബന്ധുവും ചേര്‍ന്ന് രാജനെ മര്‍ദിച്ചു. വൈകീട്ട് ഏഴുമണിയോടെ, തന്നെ മര്‍ദിച്ചെന്നുപറഞ്ഞ് രാജന്‍ വീട്ടില്‍ കിടന്ന് ബഹളമുണ്ടാക്കി. പ്രതികള്‍ മൂവരും വീണ്ടും രാജന്റെ വീട്ടിലെത്തി. രാജനെ മര്‍ദിച്ചു. ലിജോ കൈയ്യിലുണ്ടായിരുന്ന കാപ്പിക്കമ്പുകൊണ്ട് നിരവധിതവണ രാജനെ അടിച്ചു. രാത്രി പത്തരയോടെ രാജനെ ആരോ ആക്രമിച്ചെന്നുപറഞ്ഞ് പ്രതികള്‍തന്നെ രാജന്റെ ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു.രാത്രി 12 മണിയോടെ, രണ്ടാം പ്രതി ലിജോയാണ് പോലീസില്‍ വിവരം അറിയിച്ചത്.
മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
അടിയേറ്റ് തലയോട്ടി പൊട്ടി. ആന്തരികാവയവങ്ങള്‍ തകര്‍ന്നതായും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളെ റിമാന്‍ഡ് ചെയ്തു. കുട്ടിക്കുറ്റവാളിയെ കോടതിയുടെ നിര്‍ദേശപ്രകാരം ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.
ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ വി.ബി.അനസ്, ഷാബുമോന്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ജയരാജ്, നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ആര്‍. ജിനു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: erattupetta murder case accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..