കന്യകകളുടെ രക്തം കുടിച്ചു, പച്ചമാംസം ഭക്ഷിച്ചു; എല്ലാം നിത്യയൗവ്വനത്തിനുവേണ്ടി


അഖില സെല്‍വം.

നുഷ്യരെ പച്ചയ്ക്ക് വെട്ടിമുറിക്കുക. തുണ്ടം തുണ്ടമാക്കി വേവിച്ച് ഭക്ഷിക്കുക. ഇതൊക്കെ എങ്ങനെ സാധിക്കുന്നു, അതുമൊരു സ്ത്രീയ്ക്ക്. അത്തരം ആശങ്കകളൊക്കെ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നവരുണ്ടെങ്കില്‍ അവര്‍ അറിഞ്ഞിരിക്കേണ്ട കുറേ നീച ജന്മങ്ങളുണ്ട് ലോകത്ത്. അന്ധവിശ്വാസവും നരബലിയും പോലും തോറ്റു പിന്‍മാറുന്ന ക്രൂരതയുടെ കറുത്ത കഥയിലെ നായികമാര്‍. ഒന്നല്ല, കൈയില്‍ ചോരക്കറയുമായി, അവിശ്വസനീയതയുടെ മേലങ്കിയുമായി ഒരുപാട് പേരുണ്ടങ്ങിനെ ലോകമെങ്ങും. അഭിചാരവും ക്രൂരതയും കൊണ്ടെഴുതിയ അവരുടെ സ്തോഭജനകമായ ഇരുണ്ടകഥകളിലൂടെ ഒരു യാത്ര പോകാം. ലോകത്തിലെ ഏറ്റവും ക്രൂര എന്ന വിശേഷണത്തോടെ ഗിന്നസ് ബുക്കില്‍ ഇടനേടിയ ബത്തോറി, അഥവാ ലേഡി ഡ്രാക്കുളയില്‍ നിന്നു തന്നെ തുടങ്ങാം കഥ.

കൗണ്ടസ് എലിസബത്ത് ബത്തോറി, ബ്ലഡി കൗണ്ടസ്, ബ്ലഡി ഡ്രാക്കുള, ലേഡി ഡ്രാക്കുളലോകത്തിലെ തന്നെ ഏറ്റവും ക്രൂരയായി ഗിന്നസ് ബുക്ക് ചിത്രീകരിച്ച സ്ത്രീയാണ് കൗണ്ടസ് എലിസബത്ത് ബത്തോറി. ബ്ലഡി കൗണ്ടസ്, ബ്ലഡി ഡ്രാക്കുള, ലേഡി ഡ്രാക്കുള എന്ന പേരിലൊക്കെയാണ് ഇവര്‍ അറിയപ്പെടുന്നത്. 1561 ല്‍ ഹംഗറിയിലാണ് എലിസബത്ത് ജനിച്ചത്. ആ കാലഘട്ടത്തിലെ ഹംഗറിയിലെ ഭരണാധികാരികള്‍ വളരെ കര്‍ക് ശക്കാരായിരുന്നത് കൊണ്ടുതന്നെ ജനങ്ങള്‍ക്ക് അവരെ വളരെ ഭയമായിരുന്നു. അത്രമേല്‍ കഠിനമായ ശിക്ഷാമുറകളാണിവിടെയുണ്ടായിരുന്നു. അത്തരത്തിലൊരു സാഹചര്യത്തിലാണ് എലിസബത്ത് വളര്‍ന്നുവന്നത്. അവിടെ ആഢ്യഭാഷകളായ ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റില്‍ എന്നിവയില്‍ നിപുണയായിരുന്നു ബത്തോറി. വിദ്യാഭ്യാസം നേടിയതുകൊണ്ട് അന്ധവിശ്വാസിയാകില്ലെന്ന് സാരം. പതിനഞ്ചാമത്തെ വയസ്സിലാണ് ഇവരുടെ വിവാഹം. ഹംഗേറിയന്‍ പട്ടാളത്തിലെ ഉന്നതോദ്യോഗസ്ഥനായിരുന്ന ഫെറന്‍ക്ക് നഡാസ്ഡിയായിരുന്നു അവരുടെ ഭര്‍ത്താവ്. ഭര്‍ത്താവ് തന്നേക്കാള്‍ താഴ്ന്ന കുടുംബാംഗമായതിനാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബപേര് ഭാര്യയുടെ പേരിനൊപ്പം ചേര്‍ക്കുക എന്ന മാമൂലുകള്‍ക്ക് അവര്‍ തയ്യാറായില്ല. ഭര്‍ത്താവ് ഹംഗേറിയന്‍ ഗ്രൂപ്പിന്റെ ചീഫ് കമാന്‍ഡറായി ഓട്ടൊമന്‍ യുദ്ധത്തിന് പോയപ്പോള്‍ എലിസബത്ത് ബിസിനസ്സ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നാല്‍പ്പത്തിയെട്ടാമത്തെ വയസ്സിലാണ് നഡാസ്ഡി അന്തരിച്ചത്. 29 വര്‍ഷത്തെ ദാമ്പത്യം അങ്ങനെ അവസാനിച്ചു.

ക്രൂരതകളുടെ തുടക്കം

ഓട്ടോമനുമായുള്ള യുദ്ധം ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്നിരുന്നു. വലിയ ഉത്തരവാദിത്തങ്ങള്‍ സ്വാഭാവികമായും എലിസബത്തിന്റെ ചുമലിലായി. ഓടിനടന്നു കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥ. സമ്മര്‍ദം ഒരാളുടെ ജീവിതത്തെ അടുമുടി എങ്ങനെ മാറ്റിമറിക്കുമെന്ന് നമുക്കെല്ലാമറിയാം. എലിസബത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അവരെ അകാലവാര്‍ധക്യം പിടികൂടി. ഇതവരെ മാനസികമായി തളര്‍ത്തി. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനാവുന്നില്ലെന്ന അപകര്‍ഷതാബോധം അവരുടെ മനസ്സിനെ ഭരിച്ചുതുടങ്ങി. എലിസബത്തിന് 43 വയസ്സുളളപ്പോഴാണ് ഭര്‍ത്താവ് അന്തരിക്കുന്നത്. ജീവിതത്തോടുളള ആസക്തി എലിസബത്തില്‍ സ്ഥായിയായിരുന്നതിനാല്‍ വാർധക്യത്തിന്റെ വരവ് അവര്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ലോകം കണ്ട വലിയ ക്രൂരതകളിലേക്കുളള ചവിട്ടുപടിയായത് ആ ആസക്തിയാണ്.

ഒരിക്കല്‍ മുടിചീകുന്നതിനിടയില്‍ വേദനിച്ചതിന്റെ പേരില്‍ അവര്‍ പരിചാരകയെ മര്‍ദ്ദിച്ചു. ദേഹം മുറിഞ്ഞ പരിചാരകയുടെ രക്തം എലിസബത്തിന്റെ ശരീരത്തിലും പറ്റി. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ ചോരപറ്റിയ ശരീരഭാഗത്തിന്.യുവത്വം തിരിച്ചുകിട്ടിയതുപോലെ അവര്‍ക്കുതോന്നി. തന്റെ സംശയത്തിന് ഉത്തരം തിരഞ്ഞ് അവരെത്തിയത് പണ്ഡിതരുടെ അടുത്തേക്കാണ്. അന്ധവിശ്വാസത്തിന്റെ വില്‌നക്കാരായ പണ്ഡിതരുടെ അടുത്തേക്ക്. എലിസബത്തിനുള്ളിലെ ക്രിമിനലിനെ പൊടിതട്ടിയെടുത്തതും ചോര കൊണ്ട് യൗവനം വീണ്ടെടുക്കാമെന്ന ഇവരുടെ മൂഢവിശ്വാസത്തെ ബലപ്പെടുത്തിയതും ആ കൂടിക്കാഴ്ചകളായിരുന്നു. പിന്നെ കണ്ടത് യുവത്വം വീണ്ടെടുക്കാനായുളള എലിസബത്തിന്റെ രക്തക്കുരുതികളുടെ തേരോട്ടമാണ്. വിശ്വസ്തരായ പരിചാരകരേയും പട്ടാളക്കാരേയും ഉപയോഗിച്ച് അവര്‍ കന്യകകളെ കടത്തി. കന്യകകളുടെ തലവെട്ടിയും ചോര കുടിച്ചും അവരുടെ രക്തത്തില്‍ കുളിച്ചും യൗവനം എങ്ങനെയും വീണ്ടെടുക്കണമെന്ന ആവേശത്തോടെ അവര്‍ കൊലകള്‍ തുടര്‍ന്നു. കൊലപ്പെടുത്തിയവരുടെ മാംസം എലിസബത്ത് പച്ചയ്ക്ക് കഴിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

ഇത്രയൊക്കെ ചെയ്തിട്ടും ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതായി അവര്‍ക്ക് തോന്നിയില്ല. എലിസബത്ത് നിരാശയായി. വീണ്ടും തന്റെ വിശ്വസ്ത പണ്ഡിതരുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അവര്‍ എലിസബത്തിന്റെ മനസ്സില്‍ അടുത്ത ക്രൂരതയുടെ വിത്ത് പാകി. രാജുകുടുംബത്തില്‍ പെട്ട നിങ്ങള്‍ സാധാരണ കുടുംബത്തില്‍ പെട്ട കന്യകകളെയല്ല, അതേ രാജകുടുംബത്തിലെ കന്യകകളുടെ രക്തം തന്നെ ചര്‍മത്തില്‍ പുരട്ടണമെന്നായിരിന്നു അത്. പക്ഷേ സാധാരണക്കാരായ കന്യകമാരെ കടത്തിക്കൊണ്ടുവരുന്നത്ര എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. അതിനും അവര്‍ വഴി കണ്ടെത്തി. രാജകുടുംബത്തിലെ അവിഹിത സന്തതികളായ പെണ്‍കുട്ടികളെ ദത്തെടുക്കുക. മറ്റൊന്ന് നല്ലനടപ്പ് പഠിപ്പിക്കാനായി അവരുടെ അടുത്തയയ്ക്കുന്ന പെണ്‍കുട്ടികളെ വകവരുത്തുക.

മകളെ തിരഞ്ഞ് വരുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ നുണക്കഥകള്‍ വിശ്വസീനയമായ രീതിയില്‍ അവര്‍ അവതരിപ്പിക്കും. ആഭരണങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടി പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചുവെന്നും കൊല്ലപ്പെട്ടു, ആത്മഹത്യ ചെയ്തു, മഹാമാരി പിടിപെട്ട് മരണപ്പെട്ടു തുടങ്ങി കഥകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. പക്ഷേ കുറഞ്ഞകാലയളവില്‍ എലിസബത്തിന് അടുക്കലെത്തുന്ന പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നതില്‍ സ്വാഭാവികമായും നാട്ടില്‍ സംശയമുയര്‍ന്നു. ജനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സംസാരം തുടങ്ങി. ചിലര്‍ രഹസ്യമായി അന്വേഷണവും തുടങ്ങി. പക്ഷേ രാജകുടുംബാഗം എന്ന
സവിശേഷാധികാരം അവരെ സംരക്ഷിച്ചുപോന്നു. ദുര്‍മന്ത്രവാദികളെ ക്ഷണിച്ചുവരുത്തി, ആഭിചാരക്രിയകള്‍ക്ക് ശേഷമാണ് അവര്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. കുടുംബത്തിന് ദുര്‍മന്ത്രവാദ ചരിത്രം ഉണ്ടായിരുന്നതായും കഥകളുണ്ട്. കുട്ടിക്കാലത്ത് എലിസബത്തിന് അപസ്മാരമുണ്ടാകുമായിരുന്നു. ഇത് ശമിപ്പിക്കാനായി അപസ്മാരമില്ലാത്ത ഒരാളുടെ ചുടുചോര അപസ്മാരം വരുമ്പോള്‍ ഇവരുടെ ചുണ്ടില്‍ പുരട്ടാറുണ്ടായിരുന്നുവത്രേ. ഇതുകണ്ട് വളര്‍ന്ന കൗണ്ടസ് ഇത്തരം ക്രൂരതകള്‍ ആവർത്തിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.

വര:ബാലു

പിടിയിലാക്കിയ ക്രൂരത

ഒരുരാത്രി പതിവുക്രിയയ്ക്ക് ശേഷം രാവിലെ പെണ്‍കുട്ടിയുടെ ശരീരം മറവുചെയ്യാമെന്ന ധാരണയില്‍ മൃതദേഹം ഇവര്‍ കൊലപ്പെടുത്തിയ സ്ഥലത്ത് തന്നെ ഉപേക്ഷിച്ചു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്നും അതല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് നേരിട്ട് കണ്ടെത്തുകയായിരുന്നുവെന്നും രണ്ടുകഥകളുണ്ട്. ക്രൂരമായി കൊലപ്പെട്ട പെണ്‍കുട്ടികളുടെ അഴുകിയ ശരീരങ്ങള്‍ ഇവരുടെ കൊട്ടാരത്തില്‍ ആ സമയത്ത് കണ്ടെത്തിയിരുന്നുവത്രേ. എലിസബത്ത് സാത്താനെ ആരാധിച്ചിരുന്നുവെന്നും മൃതദേഹങ്ങള്‍ ഭക്ഷിച്ചിരുന്നതായും പറയപ്പെടുന്നു.

1610 ല്‍ ഇവരെ നാല് പരിചാരകരോടൊപ്പം അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെ പേരുകള്‍ ഇവര്‍ തന്റെ ഡയറിയില്‍ എഴുതിസൂക്ഷിച്ചിരുന്നു. അതില്‍ 650 പേരുകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. എലിസബത്തിനൊപ്പം പിടിയിലായ നാലുപേര്‍ വധിക്കപ്പെട്ടു. ഇവരെ രാജകുടുബാംഗമായതിനാല്‍ വധശിക്ഷയ്ക്ക് വിധിച്ചില്ല. മറിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയാണ് ഉണ്ടായത്. രാജകുടംബത്തിന്റെ പേരിന് കോട്ടംതട്ടാതിരിക്കാന്‍ വിചാരണപോലും അതീവരഹസ്യമായാണ് നടത്തിയത്. പുറത്തേക്കുളള ജനലുകള്‍ കൊട്ടിയടയ്ക്കപ്പെട്ട കൊട്ടാരത്തിലെ ഒരു ഇടുങ്ങിയ മുറിയിലായിരുന്നു ഇവരുടെ അവസാനനാളുകള്‍. 1614 ഓഗസ്റ്റ് 21 ന് കാവലാളോട് എന്റെ കൈകള്‍ മരവിക്കുന്നുവെന്ന് പറഞ്ഞ എലിസബത്തിനെ പിറ്റേ ദിവസം മരിച്ച നിലയിലാണ് കണ്ടെത്തിയത്. അവരുടെ മരണശേഷം നൂറു വര്‍ഷം അവരുടെ പേര് ഉച്ചരിക്കുന്നത് പോലും ഹംഗറിയില്‍ നിരോധിക്കപ്പെട്ടു. പള്ളിയിലെ സെമിത്തേരിയിലാണ് എലിസബത്തിനെ ആദ്യം അടക്കം ചെയ്തതെങ്കിലും ജനരോഷത്തെ തുടര്‍ന്ന് അവിടെ നിന്ന് നീക്കം ചെയ്തു.

സത്യവും മിഥ്യയും അനുമാനങ്ങളും

ചരിത്രം His-tory ആണ്. അതിനാല്‍ തന്നെ എത്രത്തോളം കൃത്രിമത്വം അതിലുണ്ടെന്ന് വ്യക്തമല്ല. പലതും മിഥ്യയും അനുമാനങ്ങളുമാണ്. അതിലൊന്നാണ് രക്തംകൊണ്ടുളള അവരുടെ സ്‌നാനം. ദ്രാവകാവസ്ഥയിലുളള രക്തം കട്ടപിടിക്കാന്‍ എത്രസമയം വേണമെന്ന് നമുക്കെല്ലാമറിയാം. എലിസബത്തിന്റെ ഭര്‍ത്താവ് നഡസ്ഡിയും ഇത്തരം മൃഗീയ വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പറയുന്നുണ്ട്. യുദ്ധവീരനായ അയാള്‍ തന്റെ മുന്നില്‍ കീഴടങ്ങിയവരെ കൊലപ്പെടുത്തി കമ്പില്‍ കോര്‍ത്തുകൊണ്ട് ആഘോഷിച്ചിരുന്നുവെന്ന് രേഖകള്‍ പറയുന്നു. സ്വത്തിനുവേണ്ടിയുളള ഗൂഢലോചനയുടെ ഭാഗമായിട്ടാണ് ഇത്തരം കൃത്യങ്ങള്‍ ചെയ്തിരുന്നതെന്നും പറയുന്നുണ്ട്. പക്ഷേ ബത്തോറിയുടെ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിരുന്നത് ലൂഥേറന്‍ മിനിസ്റ്ററായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ എവിടെയും പ്രൊട്ടസ്റ്റന്റായ ബത്തോറിയെ മനഃപൂര്‍വ്വം കെട്ടിച്ചമച്ച കഥകളില്‍ കുടുക്കാന്‍ സാധ്യതയില്ല. മാത്രമല്ല അന്നത്തെ ഭരണാധികാരികള്‍ ക്രൂരതയുടെ ആള്‍രൂപങ്ങളായിരുന്നു. പരിചാരകരെ പോലും മനഃസാക്ഷിക്ക് നിരക്കാത്ത തരത്തില്‍ ഉപദ്രവിച്ചിരുന്നു. മാത്രമല്ല അന്ധവിശ്വാസങ്ങളെയും ആഭിചാരക്രിയകളെയും പ്രോത്സാഹിപിച്ചുകൊണ്ട് മുന്നോട്ടുപോയ ചരിത്രവുമുണ്ട്. എന്തായാലും ലോകം കണ്ടതില്‍ വെച്ച് ക്രൂരയായ സ്ത്രീയുടെ കൊടുംക്രൂരതകള്‍ ഇന്നും അവിടെയുള്ള ആളുകള്‍ ഓര്‍ത്തു പോകുന്നുണ്ട്...

Content Highlights: Elizabeth Bathory Bloody Guinness record Countess most cruel women in world


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented