പ്രതീകാത്മക ചിത്രം | AFP
കാന്‍പുര്‍: വസ്തു തര്‍ക്കത്തിന്റെ പേരില്‍ നാലംഗസംഘം വയോധികയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ കബ്‌റായി സ്വദേശിയായ 60 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ വയോധികയുടെ അയല്‍ക്കാരായ സേവാലാല്‍, ഭരത് കുഷ്വ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് ഉറങ്ങുകയായിരുന്ന 60-കാരിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറി കൈയും കാലും കെട്ടിയിട്ടാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. പിറ്റേ ദിവസം നാട്ടുകാരാണ് വയോധികയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചികിത്സയിലുള്ള വയോധികയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. അയല്‍ക്കാരായ സേവാലാലും ഭരതും ഉള്‍പ്പെട്ട സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നും ഇവര്‍ മൊഴി നല്‍കി. തന്റെ വീടും സ്ഥലവും ഒഴിഞ്ഞു നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിച്ചിരുന്നതായും നേരത്തെ ഇതിന്റെ പേരില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കേസില്‍ വയോധികയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വയോധികയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയെന്നും പോലീസ് അറിയിച്ചു.
Content Highlights: elderly woman abducted and gang raped in uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..