'ബാബു അണ്ണന്‍ ജെന്റില്‍മാന്‍', പക്ഷേ...! വൈദ്യന്റെ വീട്ടില്‍ നടന്ന നരബലി, തലയറുക്കുമ്പോള്‍ മന്ത്രം


ലൈലയുമായി ഷാഫി ശാരീരികബന്ധത്തിലേര്‍പ്പെട്ടു.  ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷാഫി ലൈലുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള പൂജയുടെ ഭാഗമായി ഇതെല്ലാം വേണമെന്നാണ് ഷാഫി ദമ്പതിമാരോട് പറഞ്ഞിരുന്നത്.

ഷാഫി, ലൈല, ഭഗവൽസിങ്

പത്തനംതിട്ട/കൊച്ചി: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തരീതിയില്‍ നടന്ന അരുംകൊലകള്‍. രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് വെട്ടിനുറുക്കി കുഴിച്ചിട്ട കൊടുംക്രൂരത. കൊച്ചി നഗരത്തില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ കൊച്ചി പോലീസ് അരയും തലയും മുറുക്കി അന്വേഷണം നടത്തിയപ്പോള്‍ തെളിഞ്ഞത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നരബലിയുടെ വിവരങ്ങള്‍.

പെരുമ്പാവൂര്‍ സ്വദേശി ഷാഫി(ഷിഹാബ്) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ദഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസില്‍ പോലീസിന്റെ പിടിയിലായത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെയും പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. പാരമ്പര്യ വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങ് ഇങ്ങനെയൊരു കൃത്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബാബു അണ്ണന്‍ ഒരു ശാന്തസ്വഭാവക്കാരനാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം.സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫിയും ഭഗവല്‍സിങ്ങുമെല്ലാം പോലീസിന്റെ അന്വേഷണപരിധിയിലേക്ക് കടന്നുവരുന്നത്. ഒടുവില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മൂവരും പിടിയിലായി. ഇവരെ ചോദ്യംചെയ്തതോടെ കേരളം ഞെട്ടിയ നരബലിയുടെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു.

ഇലന്തൂരിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫിയും ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഷാഫിയാണ് സംഭവങ്ങളുടെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ വൈദ്യനായ ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിക്കുന്നത്. സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്തിരുന്ന ഷാഫി, തന്റെ അറിവില്‍ റഷീദ് എന്ന പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷാഫി തന്നെ ഭഗവല്‍ സിങ്ങിന് മുന്നില്‍ അവതരിച്ചു. ഫോണില്‍ വിളിച്ച ഭഗവല്‍സിങ്ങിനോട് സാമ്പത്തിക അഭിവൃദ്ധിക്കായി ചില ആഭിചാരക്രിയകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഷാഫി ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ട് കണ്ടു. തുടര്‍ന്ന് ആഭിചാരക്രിയകളുടെ ഭാഗമായി ലൈലയുമായി ഷാഫി ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷാഫി ലൈലുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള പൂജയുടെ ഭാഗമായി ഇതെല്ലാം വേണമെന്നാണ് ഷാഫി ദമ്പതിമാരോട് പറഞ്ഞിരുന്നത്. ഇതിനുശേഷം ദമ്പതിമാരും ഷാഫിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ഇതിനിടെയാണ് ഐശ്വര്യത്തിനായി നരബലി നടത്താമെന്ന ആശയം ഷാഫി മുന്നോട്ടുവെച്ചത്. സ്ത്രീകളെയാണ് ബലി നല്‍കേണ്ടതെന്നും സ്ത്രീകളെ താന്‍ തന്നെ എത്തിച്ചുനല്‍കാമെന്നും ഇയാള്‍ പറഞ്ഞു.

നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നല്‍കിയതോടെ നരബലിയിലേക്ക് കടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിങ് അപ്പോഴും അറിഞ്ഞിരുന്നില്ല.

റോസ്ലിനെയാണ് പ്രതികള്‍ നരബലിക്കായി ആദ്യം കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഷാഫി പരിചയപ്പെട്ടത്. പത്തു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇതോടെയാണ് റോസ്ലിന്‍ കൊലയാളികളുടെ കെണിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് റോസ്ലിനെ ഇലന്തൂരിലെ ദമ്പതിമാരുടെ വീട്ടിലെത്തിച്ചു. കട്ടിലില്‍ കെട്ടിയാണ് മൂന്നുപ്രതികളും റോസ്ലിനെ തലയറുത്ത് കൊലപ്പെടുത്തിയത്. സിനിമാഷൂട്ടിങ്ങിന്റെ ഭാഗമായാണ് കട്ടിലില്‍ കെട്ടിയിടുന്നതെന്നാണ് പ്രതികള്‍ റോസ്ലിനോട് പറഞ്ഞിരുന്നത്.

ലൈലയാണ് ആദ്യം റോസ്ലിന്റെ കഴുത്തില്‍ കത്തിവെച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ഭഗവല്‍സിങ്ങാണ് തലയറുത്ത് മാറ്റിയത്. ഈസമയമെല്ലാം ഷാഫി മന്ത്രങ്ങള്‍ ചൊല്ലി സമീപത്തുണ്ടായിരുന്നു. തുടര്‍ന്ന് ശേഖരിച്ച രക്തം വീടിന്റെ പല ഭാഗങ്ങളിലും തളിച്ച് ശുദ്ധീകരണം നടത്തി. കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരില്‍നിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷാഫി ഇലന്തൂരില്‍നിന്ന് മടങ്ങിയത്.

ആദ്യത്തെ നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് പരാതിപ്പെട്ടതോടെയാണ് പ്രതികള്‍ രണ്ടാമത്തെ നരബലിക്ക് മുതിര്‍ന്നത്. ആദ്യത്തെ നരബലിക്ക് ഫലം ലഭിക്കാത്തതിന് കാരണം കുടുംബത്തിന്മേലുള്ള ശാപമാണെന്നായിരുന്നു ഷാഫി വിശ്വസിപ്പിച്ചത്. രണ്ടാമത്തെ നരബലിയോടെ ഇത് മാറുമെന്നും പൂര്‍ണമായും ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ ഇരയായ പത്മയെ കണ്ടെത്തിയത്. കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഷാഫി കൊണ്ടുപോയത്. തുടര്‍ന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് റോസ്ലിനെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെ പത്മത്തെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.

ഇരുപത് കഷണങ്ങളാക്കി കുഴിച്ചിട്ട പത്മത്തെ മൃതദേഹാവശിഷ്ടങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തു. രണ്ടുസ്ത്രീകളുടെയും മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയശേഷം വീട്ടുവളപ്പിലെ രണ്ടിടങ്ങളിലായി കുഴിച്ചിട്ടെന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ദമ്പതിമാരുടെ വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പത്മയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. മൃതദേഹത്തിന്റെ ഇരുപതോളം കഷണങ്ങളാണ് ആദ്യസ്ഥലത്തുനിന്ന് കണ്ടെടുത്തു. മുറിവില്ലാത്തനിലയില്‍ കണ്ടെടുത്തത് തലയുടെ ഭാഗം മാത്രമാണെന്നാണ് പ്രാഥമിക സൂചന. വെട്ടിമാറ്റിയനിലയില്‍ കാലുകളും കണ്ടെത്തി. ഇവിടെ ഉപ്പ് വിതറിയിരുന്നതായും കുഴിച്ചിട്ടശേഷം ഈ സ്ഥലത്ത് മഞ്ഞള്‍ നട്ടിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ മൃതദേഹത്തിനായി പരിശോധന തുടങ്ങിയത്. വീട്ടുവളപ്പിലെ അലക്കുക്കല്ലിന്റെ ഭാഗത്തായാണ് രണ്ടാമത്തെ മൃതദേഹം കുഴിച്ചിട്ടതെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍.

ഭഗവല്‍സിങ് ആണോ ഇതെല്ലാം ചെയ്തത്, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ശാന്തസ്വഭാവക്കാരനായിരുന്ന ഭഗവല്‍സിങ്ങും ഭാര്യയുമാണ് ക്രൂരമായ നരബലിക്ക് പിന്നിലെന്ന വിവരം നാട്ടുകാരെ ഞെട്ടിച്ചു. നരബലിയുടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ നൂറുക്കണക്കിന് പേരാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഇരച്ചെത്തിയത്.

കേസിലെ പ്രതികളിലൊരാളായ ഭഗവല്‍സിങ് പാരമ്പര്യവൈദ്യനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ അച്ഛനും മുത്തച്ഛനുമെല്ലാം വൈദ്യന്മാരായിരുന്നു. ഭഗവല്‍സിങ്ങും അത് തുടര്‍ന്നുപോന്നു. അധികമാരുമായും സംസാരിക്കില്ലെങ്കിലും ഇയാള്‍ ശാന്തസ്വാഭാവക്കാരനാണെന്നായിരുന്നു സമീപവാസിയായ ഒരാളുടെ പ്രതികരണം. 'അദ്ദേഹം ഒരു ജെന്റില്‍മാന്‍ ആയിരുന്നു. അധികമാരുമായി സംസാരിക്കില്ലെങ്കിലും ഇടപെട്ടുകഴിഞ്ഞാല്‍ നല്ല മനുഷ്യനാണെന്ന് മനസിലാക്കാം.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം പ്രശസ്തരായ തിരുമ്മുകാരാണ്. നാട്ടുകാരില്‍ പലരും തിരുമ്മുചികിത്സയ്ക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി അറിവില്ല. എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഭഗവല്‍സിങ്ങിന് രണ്ട് മക്കളാണുള്ളത്. അവര്‍ രണ്ടുപേരും നല്ലനിലയില്‍ വിദേശത്താണ്. സിപിഎം അനുഭാവിയായിരുന്നെങ്കിലും സജീവപ്രവര്‍ത്തകനൊന്നും ആയിരുന്നില്ല'- നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചു.

അതിനിടെ, നരബലിയുടെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ഷാഫിയെ നേരത്തെ ഇലന്തൂരില്‍ കണ്ടിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തി. പ്രഭാതസവാരിക്കിടെയാണ് പരിചയമില്ലാത്ത ആളെ ശ്രദ്ധിച്ചിരുന്നത്. പലദിവസങ്ങളിലും കണ്ടതോടെ സംശയം തോന്നി കാര്യം ചോദിച്ചു. ബാബു അണ്ണന്റെ(ഭഗവല്‍സിങ്) വീട്ടില്‍ ഒരു പൂജയ്ക്ക് വന്നതാണെന്നും വീട് എറണാകുളത്താണെന്നുമാണ് അയാള്‍ മറുപടി പറഞ്ഞത്. ബാബു അണ്ണന്റെ പരിചയക്കാരനാണെന്ന് പറഞ്ഞപ്പോള്‍ അധികം സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഡി.എന്‍.എ. സാമ്പിള്‍ ശേഖരിച്ചു, ഇലന്തൂരില്‍ വന്‍ പോലീസ് സന്നാഹം...

ഇലന്തൂരിലെ വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളില്‍നിന്ന് വിദഗ്ധസംഘം ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള സംഘമാണ് ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെയെല്ലാമാണെന്ന് സ്ഥിരീകരിക്കൂ. ദക്ഷിണമേഖല ഐ.ജി. ഡി.ഐ.ജി. എന്നിവര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഇനിയും ഇരകളുണ്ടോ, പോലീസ് അന്വേഷണം...

നഗരത്തില്‍ ഒറ്റയ്ക്ക് നടന്നിരുന്നവരെയും തെരുവ് കച്ചവടക്കാരായ സ്ത്രീകളെയുമാണ് ഷാഫി ലക്ഷ്യമിട്ടിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും പുറമേ മറ്റുചിലരെയും ഇയാള്‍ സമീപിച്ചിരുന്നു. പണം നല്‍കാമെന്നും തിരുവല്ല വരെ വരണമെന്നുമാണ് ചിലരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവരെല്ലാം ഒഴിഞ്ഞുമാറി. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയും ഇയാള്‍ തന്റെ പദ്ധതി നടപ്പാക്കാനായി സമീപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍പേരെ പ്രതി സമീപിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇനിയാരെങ്കിലും ഇയാളുടെ ക്രൂരതയ്ക്കിരയായിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.


Content Highlights: elanthoor human sacrifice case details about bhagaval singh laila bhagaval singh shafi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented