ഇലഞ്ഞിയിൽ കള്ളനോട്ടടി നടന്നിരുന്ന വീട് | Screengrab: Mathrubhumi News
കൊച്ചി: കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞിയില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് അച്ചടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോട്ടയം കോഴ സ്വദേശി രേണുകുമാറിനെയാണ് പോലീസ് പിടികൂടിയത്. കള്ളനോട്ടടി സംഘത്തിന് വേണ്ടി പണംമുടക്കിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ഇലഞ്ഞി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഇലഞ്ഞിയില്‍ അച്ചടിച്ച നോട്ടുകള്‍ ചെന്നൈയിലും കോയമ്പത്തൂരിലുമാണ് സംഘം വിതരണം ചെയ്തത്. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണം നടത്തുന്നത്. ഇലഞ്ഞി സംഘത്തില്‍നിന്ന് കള്ളനോട്ട് വാങ്ങിയവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പോലീസ് കരുതുന്നത്.
ഏഴു മാസത്തോളമായി ഇലഞ്ഞിയില്‍ കള്ളനോട്ടടി നടന്നതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഒരു ദിവസം 500 രൂപയുടെ നൂറ് നോട്ടുകളാണ് ഇവര്‍ അച്ചടിച്ചിരുന്നത്. ഇത്തരത്തില്‍ 20 ലക്ഷം രൂപയുടെ നോട്ടുകള്‍ ഇതുവരെ ഇലഞ്ഞിയില്‍നിന്ന് അച്ചടിച്ചതായാണ് വിവരം. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് സംഘം വിതരണം ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു.
ജൂലായ് 28-നാണ് ഇലഞ്ഞിയിലെ വാടകവീട്ടില്‍നിന്ന് കള്ളനോട്ടടി സംഘത്തിലെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകളും നോട്ടടിയന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
Content Highlights: elanji counterfeit currency case one more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..