പ്രതീകാത്മക ചിത്രം | മാതൃഭൂമി
എടത്വ(ആലപ്പുഴ): എടത്വ കേന്ദ്രീകരിച്ചു നടത്തിയ ചാരായവില്പനയുടെ മുഖ്യസൂത്രധാരൻ യുവമോർച്ച ജില്ലാ നേതാവാണെന്ന് എടത്വ പോലീസ്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വയ്ക്കെതിരേയാണു പോലീസ് നടപടിയാരംഭിച്ചത്. ചാരായക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരിൽനിന്നാണ് അനൂപിനെപ്പറ്റിയുള്ള വിവരം ലഭിച്ചത്. അനൂപിന്റെ സഹോദരനടക്കം വില്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ചാരായക്കടത്തുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാക്കൾ പിടിയിലായതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലായിരുന്നു വില്പന. കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായ അനൂപ് സംഘടനയെപ്പോലും കരുവാക്കിയാണു പ്രവർത്തനം നടത്തിയതെന്നു പോലീസ് പറഞ്ഞു.
എടത്വ മുതൽ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിൽ ചാരായമെത്തിച്ചിട്ടുണ്ട്. വീട്ടിൽത്തന്നെ ചാരായമുണ്ടാക്കി വെളുപ്പിനു മൂന്നു മണിയോടെ സ്വന്തം വാഹനത്തിൽ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അങ്ങനെ വിൽക്കുമ്പോൾ ലിറ്ററിനു 2,500 രൂപയാണു വാങ്ങിയിരുന്നത്. വീട്ടിൽവന്നു വാങ്ങുന്നവർക്ക് 1,500 രൂപയ്ക്കു നൽകും. 10 കുപ്പി ഒന്നിച്ചെടുത്താൽ വിലയിൽ ഇളവുമുണ്ട്. പണമിടപാടുകൾ ഗൂഗിൾ പേ അടക്കമുള്ള സംവിധാനത്തിലൂടെയും നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
അനൂപിനെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞാൽ മറ്റു വിവരങ്ങൾ കൂടി ലഭിക്കുമെന്ന നിഗമനത്തിലാണു പോലീസ്. നീക്കം മനസ്സിലാക്കിയ അനൂപ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ എടത്വ പോലീസ് തിരച്ചിൽ ശക്തമാക്കി.
Content Highlights:edathua police says yuvamorcha leader is the main accused in illegal arrack smuglling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..