ഇടിച്ച വാഹനം(ഇടത്ത്) അറസ്റ്റിലായ ആന്റോ(വലത്ത്)
എടപ്പാള്‍: പ്രഭാതസവാരിക്കിടെ വഴിയിരികില്‍ വീണുകിടന്ന നിലയില്‍ കാണുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയുംചെയ്ത യുവാവിനെ വാഹനമിടിച്ചതാണെന്നു തെളിഞ്ഞു. ഇദ്ദേഹത്തെ ഇടിച്ചിട്ടും നിര്‍ത്താതെപോയ വാഹനവും ഓടിച്ച ഡ്രൈവറെയും അന്വേഷണസംഘം അറസ്റ്റുചെയ്തു.
തൊടുപുഴ കല്ലൂര്‍ കുടിയകത്ത് ആന്റോ(20)വിനെയാണ് സംഭവത്തില്‍ പെരുമ്പടപ്പ് സി.ഐ. കെയ്സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ഇദ്ദേഹം ഓടിച്ചിരുന്ന ഏയ്സ് പെട്ടിഓട്ടോയും കസ്റ്റഡിയിലെടുത്തു.
കാഞ്ഞിരമുക്ക് അയിനിച്ചിറയ്ക്കല്‍ വാരിപ്പറമ്പില്‍ ഭരതന്റെയും ലതികയുടെയും മകന്‍ അമലി(22)ന്റെ മരണത്തിലെ ദുരൂഹതയാണ് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.
27-ന് പുലര്‍ച്ചെ 5.15-നാണ് നടുവട്ടം -കരിങ്കല്ലത്താണി റോഡരികില്‍ അമലിനെ അബോധാവസ്ഥയില്‍ കണ്ടത്. ആദ്യം കണ്ടവരെല്ലാം മരിച്ചു കിടക്കുകയാണെന്ന് കരുതി എടുക്കാന്‍ പോയില്ല. ഒരുമണിക്കൂറോളം കിടന്ന ഇദ്ദേഹത്തെ പിന്നീട് പെരുമ്പടപ്പില്‍ നിന്നെത്തിയ പോലീസ് സംഘമാണ് പൊന്നാനി ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മഞ്ചേരിയില്‍നടന്ന മൃതദേഹപരിശോധനയില്‍ തലയുടെ പിറകിലും കരളിനും ക്ഷതമേറ്റതായി കണ്ടെത്തിയതോടെയാണ് തിരൂര്‍ ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ നിര്‍ദേശാനുസരണം അന്വേഷണമാരംഭിച്ചത്.
പ്രദേശത്തെ സി.സി.ടി.വി. കാമറകള്‍ പരിശോധിച്ച സംഘത്തിന് പ്രതി ഓടിച്ചിരുന്ന വാഹനം കാണാന്‍ കഴിഞ്ഞു. എറണാകുളത്തെ ഒരു വ്യാപാരസ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ കരാറെടുത്തവരുടെ വാഹനമായിരുന്നു ഇത്. ഈ സ്ഥാപനത്തിന്റെ ബോര്‍ഡ് അവ്യക്തമായി ദൃശ്യങ്ങളില്‍നിന്ന് വീണ്ടെടുക്കാനായതാണ് കേസില്‍ വഴിത്തിരിവായത്.
അപകടംനടന്ന സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അമലിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് സൂചന. എസ്.ഐമാരായ പി. അനൂപ്, ഇ.എ. സുരേഷ്, കെ. രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..