എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ തിരച്ചിൽ നടത്തുന്ന ദൃശ്യം(ഇടത്ത്) കൊല്ലപ്പെട്ട ഇർഷാദ്(വലത്ത്) ഫോട്ടോ: മാതൃഭൂമി
എടപ്പാള്‍: യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം കണ്ടെടുക്കാനുള്ള തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടു. എടപ്പാള്‍ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റിലാണ് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും തിരച്ചില്‍ തുടരുന്നത്. എന്നാല്‍ ടണ്‍കണക്കിന് മാലിന്യം കിണറ്റില്‍നിന്ന് നീക്കിയെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
എടപ്പാള്‍ പന്താവൂര്‍ കിഴക്കേലവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദി(24)നെയാണ് രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൂക്കരത്തറയിലെ കിണറ്റില്‍ തള്ളിയത്. വട്ടംകുളം സ്വദേശിയും പൂജാരിയുമായ അധികാരത്തുപടി വളപ്പില്‍ സുഭാഷും(35) സുഹൃത്ത് മേനോന്‍പറമ്പില്‍പടി എബിനു(27)മാണ് കേസിലെ പ്രതികള്‍. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് ഇര്‍ഷാദിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2019 ജൂണ്‍ 11-നായിരുന്നു സംഭവം. വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് വട്ടംകുളത്തെ ലോഡ്ജിലേക്കാണ് ഇര്‍ഷാദിനെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത്. ലോഡ്ജില്‍വെച്ച് പഞ്ചലോഹവിഗ്രഹം കിട്ടാനാണെന്നുപറഞ്ഞ് സുഭാഷ് പൂജാദികര്‍മങ്ങളാരംഭിച്ചു.
ഇതു കൊണ്ടുവരുമ്പോള്‍ ഉണ്ടാകാനിടയുളള ശാരീരികാസ്വാസ്ഥ്യങ്ങള്‍ മാറ്റാനാണെന്നുപറഞ്ഞ് കാഞ്ഞിരമുക്കിലെ രാജനില്‍നിന്ന് വാങ്ങിയ ക്ലോറോഫോം ആവികൊള്ളുന്ന യന്ത്രത്തിലൂടെ മണപ്പിച്ചു. പക്ഷേ, 25,000 രൂപ പ്രതിഫലം പറ്റി രാജന്‍ നല്‍കിയത് ക്ലോറോഫോമല്ലാതിരുന്നതിനാല്‍ ഇര്‍ഷാദിന് ബോധക്ഷയമുണ്ടായില്ല.
പിന്നീട് ഇത് കുത്തിവെപ്പായും നല്‍കിയെങ്കിലും കാര്യമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ബൈക്കിന്റെ സൈലന്‍സര്‍കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കി കഴുത്തില്‍ കയറിട്ടുമുറുക്കി കൊന്നത്.അന്നുതന്നെ മൃതദേഹം ചാക്കിലാക്കി പൂക്കരത്തറയിലെ കിണറ്റിലുപേക്ഷിച്ചു.
കുളിച്ച് കാര്‍ കഴുകി വൃത്തിയാക്കിയശേഷം ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളിലുപേക്ഷിച്ചു. ഇര്‍ഷാദിന്റെ ഫോണ്‍ ഓഫാക്കിയശേഷം കോഴിക്കോട്ടേക്കുപോയി. അവിടെവെച്ച് ഫോണ്‍ ഓണ്‍ചെയ്ത് അതില്‍ വീട്ടിലേക്ക് താന്‍ കോഴിക്കോട്ടുണ്ടെന്ന് വാട്‌സാപ്പ് സന്ദേശം ഇര്‍ഷാദ് അയക്കുന്നതുപോലെ അയച്ച് വീട്ടുകാരെ വിശ്വസിപ്പിച്ചു. വീണ്ടും ഫോണ്‍ ഓഫാക്കിയശേഷം സിം ഊരി ഒരു പെട്ടിയിലാക്കി അതവിടെ കടലിലുപേക്ഷിച്ചു. ഫോണ്‍ ചമ്രവട്ടംവഴി വരവേ പുഴയിലേക്കുമെറിഞ്ഞു.
പോലീസും വീട്ടുകാരുമന്വേഷിക്കുമ്പോളെല്ലാം ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട് കാണിച്ചതോടെ തങ്ങള്‍ സുരക്ഷിതരായെന്ന് പ്രതികള്‍ കരുതി. ഇര്‍ഷാദിന്റെ വീട്ടിലെത്തി ഒന്നുമറിയാത്തതുപോലെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. പോലീസ് പലവട്ടം ചോദ്യംചെയ്തപ്പോഴും നിഷ്‌കളങ്കരായി ഇവര്‍ ഭംഗിയായി അഭിനയിച്ചു. ഒടുവില്‍ ഇര്‍ഷാദിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ എബിനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിച്ചു. പിന്നാലെ സുഭാഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights: edappal irshad murder case searching continues in well
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..