മൃതദേഹാവശിഷ്ടം കിട്ടാനായി പൂക്കരത്തറയിലെ കിണറ്റിൽനിന്ന് കയറ്റി സമീപത്ത് കൂട്ടിയിട്ട മാലിന്യം | ഫോട്ടോ: മാതൃഭൂമി
എടപ്പാള്‍: യുവാവിന്റെ മൃതദേഹത്തിനായി ശനിയാഴ്ച ആരംഭിച്ച തിരച്ചില്‍ ഞായറാഴ്ചയും തുടര്‍ന്നതോടെ ആശങ്കയിലായ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദുര്‍ഗന്ധം വമിക്കുന്ന ഒരു ചാക്കുകിട്ടി. മാലിന്യങ്ങള്‍ കയറ്റുന്നതിനിടയില്‍ അതുവരെയുണ്ടായിരുന്ന മണത്തിന് വ്യത്യാസമനുഭവപ്പെടുകയും വലിയൊരു ചാക്ക് ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ മൃതദേഹാവശിഷ്ടമാണെന്ന് തൊഴിലാളികള്‍ കരുതി. ഇതനുസരിച്ച് പോലീസിന് വിവരവും നല്‍കി.
ഇതോടെ ജീപ്പിലിരിക്കുകയായിരുന്ന ഡിവൈ.എസ്.പി. അടക്കമുള്ളവരെല്ലാം കിണറിനടുത്തേക്ക് ഓടിയെത്തി. പെട്ടിയിറക്കി കാര്യമായ കേടുപാടുകള്‍ വരുത്താതെ ചാക്ക് പ്രയാസപ്പെട്ട് കരയ്ക്കുകയറ്റി. ദുര്‍ഗന്ധംമൂലം പോലീസും മാധ്യമപ്രവര്‍ത്തകരുമെല്ലാം മൂക്കുപൊത്തി. കരയ്ക്കുകയറ്റിയ ചാക്ക് അഴിച്ചപ്പോഴാണ് മനസ്സിലായത്, ഏതോ കല്യാണത്തിന് അവശേഷിച്ച ബിരിയാണി ഒന്നാകെ ചാക്കിലാക്കി ഉപേക്ഷിച്ചതായിരുന്നു അത്.
കോഴിയിറച്ചി ചീഞ്ഞളിഞ്ഞുണ്ടായ ദുര്‍ഗന്ധമാണ് മൃതശരീരാവശിഷ്ടമാണെന്നു ധരിക്കാന്‍ കാരണം. കാര്യമറിഞ്ഞതോടെ വീണ്ടും എല്ലാവരും കിണറിനടുത്തുനിന്ന് മാറി. പിന്നീട് അഞ്ചുമണിക്കൂര്‍ കൂടി മാലിന്യം കയറ്റിയശേഷമാണ് മൃതദേഹമടങ്ങിയ ചാക്ക് കിട്ടിയത്. അപ്പോഴേക്കും കിണറിന്റെ ആഴം മാലിന്യം നീക്കിത്തുടങ്ങുമ്പോഴുണ്ടായിരുന്നതിനേക്കാള്‍ ആറുമീറ്ററോളം കൂടുതലായിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ വിളിക്കേണ്ട... അവര്‍ മറ്റൊരു പണിയിലാണ്
എടപ്പാള്‍: ഇര്‍ഷാദിന്റെ മൃതദേഹം തിരയാനായി വിളിച്ച ജോലിക്കാരെ ശനിയും ഞായറും ജോലിക്കുചെല്ലാമെന്നു പറഞ്ഞ വീട്ടുകാര്‍ വിളിച്ചു ശല്യപ്പെടുത്തുന്നതു തടയാനും പോലീസ്. കിണറില്‍ ജോലിചെയ്യുന്ന ഇവരെ രണ്ടുദിവസമായി ജോലിക്ക് ചെല്ലാമെന്നുപറഞ്ഞിട്ടും കാണാതിരുന്ന വീട്ടുകാര്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. ഇക്കാര്യം പോലീസറിഞ്ഞപ്പോഴാണ് അവരെ വിളിച്ച് ഇവര്‍ ഇത്തരമൊരു ജോലിയിലാണെന്നും ഇതു കഴിഞ്ഞാല്‍ അങ്ങോട്ടുവരുമെന്നും അതുവരെ വിളിച്ച് ശല്യപ്പെടുത്തരുതെന്നും പോലീസ് അഭ്യര്‍ഥിച്ചത്.
കിണറ്റില്‍നിന്ന് കയറ്റിയ മാലിന്യം; പൂക്കരത്തറയ്ക്ക് പുതിയ ഭീഷണി
എടപ്പാള്‍: ആറുമാസം മുന്‍പ് കൊല്ലപ്പെട്ട പന്താവൂരിലെ ഇര്‍ഷാദിന്റെ മൃതശരീരാവശിഷ്ടത്തിനായി രണ്ടുദിവസമായി കിണറില്‍നിന്ന് കയറ്റിയിട്ട മാലിന്യം പ്രദേശത്തിന് പുതിയ ഭീഷണിയാവുകയാണ്. കുന്നുകൂട്ടിയിട്ട ചീഞ്ഞളിഞ്ഞ മാലിന്യം ഇവിടെ ഇതേ പോലെ കിടന്നാല്‍ മാരകരോഗപ്പകര്‍ച്ചയ്ക്കും കുടിവെള്ള മലിനീകരണത്തിനുമെല്ലാം കാരണമാകുമെന്നതാണ് ആശങ്ക. 24 കോലോളമുള്ള ഈ കിണര്‍ വെള്ളമില്ലാതായതിനെത്തുടര്‍ന്നാണ് നികത്താന്‍ തീരുമാനിച്ചത്. ആദ്യം കുറച്ച് മണ്ണടിച്ചെങ്കിലും പിന്നീട് അങ്ങനെകിടന്ന കിണര്‍ പരിസരവാസികളുടെയും മറ്റുള്ളവരുടെയുമെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രമാവുകയായിരുന്നു. മേഖലയിലെ കോഴിക്കടക്കാരുടെയും വിവാഹംകഴിയുന്ന വീട്ടുകാരുടെയുമടക്കമുള്ള മാലിന്യങ്ങളത്രയും ഇതില്‍ തള്ളുന്നത് പതിവായി. കൊലപാതകത്തിനു ശേഷം ഇതിനുള്ളില്‍ തള്ളിയ മൃതദേഹം കണ്ടെടുക്കുകയെന്നത് ഇത്രവലിയ വെല്ലുവിളിയായി പോലീസും കരുതിയിരുന്നില്ല. രണ്ടു ദിവസമായി കയറ്റിയിട്ട മാലിന്യമത്രയും ഉടന്‍ ഇവിടെനിന്ന് മാറ്റിയില്ലെങ്കില്‍ തൊട്ടടുത്തുള്ള വീട്ടുകാര്‍ക്കും കടക്കാര്‍ക്കും വലിയ ഭീഷണിയാകും. മഴയെങ്ങാന്‍ പെയ്താല്‍ മലിനജലം തൊട്ടടുത്തുള്ള തേക്കുംകാട്ടില്‍ ബദറുദ്ദീന്റെ വീട്ടുമുറ്റത്തേക്കാണ് ഒഴുകിയിറങ്ങുക. മാത്രമല്ല ഇത് കിണറ്റില്‍ത്തന്നെ കിടന്നാല്‍ ഭൂഗര്‍ഭജലം മലിനമായി തൊട്ടടുത്തുള്ള കിണറുകളെല്ലാം മലിനമാകാനും സാധ്യതയുണ്ട്. എത്രയുംപെട്ടെന്ന് ഇത് ഇവിടെനിന്ന് ഒഴിവാക്കി സുരക്ഷിതമായി സംസ്‌കരിക്കാനുളള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലമുടമയ്ക്ക് ഇതിനായി നോട്ടീസ് നല്‍കുമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ പറഞ്ഞു. മാലിന്യം ഇവിടെനിന്ന് മാറ്റി പ്ലാസ്റ്റിക്കും ജൈവവും വേര്‍തിരിച്ച് സംസ്‌കരിക്കാനുള്ള നടപടികളെടുക്കാനാവശ്യപ്പെട്ട് തിങ്കളാഴ്ചതന്നെ സെക്രട്ടറി നോട്ടീസ് നല്‍കും.
Content Highlights: edappal irshad murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..