കൂസലില്ലാതെ പ്രതികള്‍, കിണറ്റില്‍നിന്ന് നീക്കിയത് ടണ്‍കണക്കിന് മാലിന്യം; ഇന്നും തിരച്ചില്‍


പൂക്കരത്തറയിൽ ഇർഷാദിന്റെ മൃതദേഹം ഉപേക്ഷിച്ച കിണറ്റിൽനിന്ന് മാലിന്യംകയറ്റുന്ന തൊഴിലാളികൾ(ഇടത്ത്) പ്രതികളെ പോലീസ് അകമ്പടിയോടെ സ്ഥലത്ത് എത്തിച്ചപ്പോൾ(വലത്ത്) ഫോട്ടോ: മാതൃഭൂമി

എടപ്പാള്‍: തങ്ങള്‍ പറയുന്നതെല്ലാം വിശ്വസിച്ച നിഷ്‌കളങ്കനായ കൂട്ടുകാരനെ കാശിനുവേണ്ടി അതിക്രൂരമായി കൊലപ്പെടുത്തി സമൂഹത്തില്‍ മാന്യന്മാരായി വിലസിയ പ്രതികള്‍ യാതൊരു കൂസലുമില്ലാതെയാണ് മൃതദേഹാവശിഷ്ടം തിരയുന്നിടത്ത് നിന്നത്.

ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്. പണം ചോദിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതല്ല കൊലപാതകവും അതിനുശേഷമുണ്ടായ തെളിവു നശിപ്പിക്കലുമെന്നത് പ്രതികളുടെ ക്രൂരത തെളിയിക്കുന്നുണ്ട്. എടപ്പാള്‍ കണ്ടനകത്തെ ഒരു ക്ഷേത്രത്തിലും പിന്നീട് കൂറ്റനാട്ടുള്ള ക്ഷേത്രത്തിലുമെല്ലാം പൂജാരിയായി ജോലിചെയ്തിട്ടുളള സുഭാഷാണ് കൃത്യത്തിന്റെ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടയില്‍ ഇയാള്‍ താമസിക്കുന്ന ലോഡ്ജിനടുത്തുണ്ടായിരുന്ന പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിലാവുകയും വിവാഹംകഴിക്കുകയും ചെയ്തു.

ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി കൂട്ടാളി എബിനെ നിരന്തരം ചോദ്യംചെയ്തപ്പോഴുണ്ടായ കുറ്റസമ്മതമാണ് ഇപ്പോള്‍ കേസിന്റെ ചുരുളഴിയാന്‍ കാരണമായത്.

തിരച്ചില്‍ ഇന്നും തുടരും

എടപ്പാള്‍: കൃത്യമായി ശുദ്ധവായുപോലും ലഭിക്കാത്ത 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയിട്ടും കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാവാത്തത് തൊഴിലാളികള്‍ക്കും പോലീസിനും കഠിനപരീക്ഷണമായി.

ഇനിയുമവശേഷിക്കുന്ന മാലിന്യത്തിനിടയിലെവിടെയാണ് പ്രതികളുപേക്ഷിച്ച ചാക്കെന്നറിയാന്‍ ഏറെ അധ്വാനം വേണ്ടിവരും. പുഴുവരിക്കുന്നതും ദുര്‍ഗന്ധം വമിക്കുന്നതുമായ ടണ്‍കണക്കിന് മാലിന്യമാണ് കഴിഞ്ഞദിവസം തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചത്. നന്നംമുക്ക് സ്വദേശികളായ റസാഖ്, റഫീഖ്, ഐനിച്ചോട്ടിലെ റസാഖ് എന്നിവര്‍ ചേര്‍ന്നാണ് ഇതത്രയും പോലീസ് നിര്‍ദേശമനുസരിച്ച് കയറ്റിയത്.

ഉച്ചയായതോടെ കിണറ്റിലെ ജോലി കഠിനമായതോടെ കയറില്‍ ഫാന്‍ താഴേക്കിറക്കിക്കൊടുത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമേകാനും സംവിധാനമൊരുക്കി. വൈകീട്ട് അഞ്ചരവരെ മാലിന്യം കയറ്റിയശേഷം വെളളിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആസിഫ് പൂക്കരത്തറ, പ്രകാശന്‍ തട്ടാരവളപ്പില്‍, എന്‍. ഷീജ, പൊതുപ്രവര്‍ത്തകരായ സി. രവീന്ദ്രന്‍, വി.കെ.എ. മജീദ് തുടങ്ങി നാട്ടുകാരെല്ലാം നീതിനിര്‍വഹണത്തിനായെത്തിയവര്‍ക്ക് സഹായവുമായി കൂടെനിന്നു.

ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്. അതിനുമുകളില്‍ നിക്ഷേപിച്ച മാലിന്യമത്രയും കയറ്റിയാല്‍ മാത്രമേ മൃതദേഹം കണ്ടുകിട്ടുകയുള്ളൂ. ഞായറാഴ്ച എട്ടിന് വീണ്ടും തിരച്ചിലാരംഭിക്കാനാണ് പോലീസ് തീരുമാനം. തിരൂര്‍ ഡിവൈ.എസ്.പി. പി. സുരേഷ്ബാബു, ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കല്‍, എസ്.ഐമാരായ ഹരിഹരസൂനു, രാജേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുകേഷ്, സയന്റിഫിക് അസി. ഡോ. ത്വയ്ബ, പൊന്നാനി അഗ്‌നിരക്ഷാസേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ പി.കെ. പ്രസാദ്, മിഥുന്‍, കെ. വിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.

ജനം ഒഴുകിയെത്തി, പൂക്കരത്തറയിലേക്ക്

എടപ്പാള്‍: ഇന്നലെവരെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തിയിരുന്ന കിണറ്റില്‍ നിഷ്‌കളങ്കനായ ഒരു യുവാവിന്റെ മൃതശരീരമുണ്ടായിരുന്നുവെന്നറിഞ്ഞ ഞെട്ടലിലാണ് പൂക്കരത്തറയിലെ ജനങ്ങള്‍.

ശനിയാഴ്ചരാവിലെ എട്ടുമണിയോടെ പോലീസും അഗ്‌നിരക്ഷാസേനയും ശ്വാനസേനയും റവന്യൂ വകുപ്പും സയന്റിഫിക് വിഭാഗവുമടക്കമുള്ള സര്‍വസന്നാഹങ്ങളും ഇവിടേക്കെത്തുമ്പോള്‍ പലരും സംഭവം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

ആറുമാസം മുന്‍പുണ്ടായ സംഭവമാണെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വെള്ളിയാഴ്ച ഏറെ വൈകിയാണ്. പരസ്പരം പറഞ്ഞാണ് പലരും വിവരങ്ങളറിഞ്ഞത്. അതോടെ പ്രദേശത്തേക്ക് ജനങ്ങളുടെ ഒഴുക്കായി. പൂക്കരത്തറ സെന്ററിലെ ചായക്കടയ്ക്ക് പിറകിലാണ് ഉപയോഗശൂന്യമായി കിടക്കുന്ന ഈ കിണര്‍.

മാലിന്യനിക്ഷേപമായ കിണറിനടുത്തേക്ക് ജനങ്ങളെ പോലീസ് അടുപ്പിച്ചില്ല. മുന്‍വശത്ത് പോലീസിനെ നിര്‍ത്തി പ്രവേശനം തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രമായിരുന്നു ഇവിടേക്ക് പ്രവേശനം.

വിവരങ്ങള്‍ നല്‍കിയിട്ടും പോലീസ് അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍

എടപ്പാള്‍: ഇര്‍ഷാദിനെ കാണാതായതിന്റെ അടുത്തദിവസം മുതല്‍ പ്രതികളുടെപേരും അവര്‍ സഞ്ചരിച്ചതും ആയുധങ്ങളുമായി വരുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പോലീസിന് നല്‍കിയിട്ടും അന്വേഷണം നടത്തിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. ഇര്‍ഷാദിന്റെ പിതൃസഹോദരന്‍ നാസറും മകനുമെല്ലാമടങ്ങുന്ന ബന്ധുക്കള്‍ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്ന പൂക്കരത്തറയിലെ കിണറിനടുത്തുവെച്ചാണ് തങ്ങളുടെ വേദന മാധ്യമങ്ങളോടും ജനപ്രതിനിധികളോടും വിശദീകരിച്ചത്.

ജൂണ്‍ 11-നാണ് ഇര്‍ഷാദിനെ കാണാതായത്. പിറ്റേന്ന് തന്നെ പ്രതികളായ എബിന്‍, സുഭാഷ് എന്നിവരുടെ പങ്കില്‍ സംശയമുണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇര്‍ഷാദുമായി ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം പോയി അവിടങ്ങളിലെ 20-ഓളം സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളും ഇവരുടെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസിന് നല്‍കി. ഇതിലെല്ലാം പ്രതികളുടെ പങ്ക് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകളുണ്ടായിട്ടും പോലീസ് അന്വേഷിച്ചില്ല. മാത്രമല്ല പ്രതിയായ സുഭാഷ് അതിനിടെ ഇര്‍ഷാദ് പണം നല്‍കാനുണ്ടായിരുന്നവരെയെല്ലാം വിളിച്ച് ഇര്‍ഷാദിനെ കാണാനില്ലെന്നും പണം കിട്ടണമെങ്കില്‍ പോലീസില്‍ പരാതികൊടുക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ബിസിനസ് ആവശ്യാര്‍ഥം ഇര്‍ഷാദിന് പണം നല്‍കിയിരുന്ന പലരും പരാതി നല്‍കി. ഇതോടെ കടം പെരുകി ഇര്‍ഷാദ് നാടുവിട്ടതാണെന്ന പ്രതികളുടെ പ്രചാരണം പോലീസ് വിശ്വസിക്കുകയും നീതിതേടിച്ചെന്ന തങ്ങളുടെ വാദങ്ങളെ അവഗണിച്ചെന്നും ഇര്‍ഷാദിന്റെ പിതൃസഹോദരന്‍ നാസര്‍ പറഞ്ഞു. മുഖ്യമന്ത്രി, ഡി.ജി.പി., മലപ്പുറം പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് പുനരന്വേഷണം നടത്തിയതും കേസ് തെളിയാന്‍ കാരണമായതെന്നും ഇദ്ദേഹം പറഞ്ഞു.

പഞ്ചലോഹ വിഗ്രഹകഥയും നുണ

പഞ്ചലോഹ വിഗ്രഹത്തിനായാണ് ഇര്‍ഷാദ് ഇവര്‍ക്ക് പണം നല്‍കിയതെന്ന കഥ ബന്ധുക്കള്‍ നിഷേധിച്ചു. ആവശ്യക്കാര്‍ക്ക് ആപ്പിളടക്കമുള്ള ഫോണുകളും ലാപ് ടോപ്പുകളുമെല്ലാം കുറഞ്ഞവിലയില്‍ എത്തിച്ചുനല്‍കുന്ന ബിസിനസ് ഇര്‍ഷാദിനുണ്ടായിരുന്നു. കോഴിക്കോട്ടുനിന്ന് ഇവ വിലക്കുറവില്‍ ലഭിക്കുമെന്ന് പറഞ്ഞാണ് പ്രതികള്‍ ഇര്‍ഷാദില്‍നിന്ന് ആറ് ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. സാധനം ലഭിക്കാതായതോടെ ഇവര്‍ക്കുവേണ്ടി ഇര്‍ഷാദിന് പണം നല്‍കിയവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.

ഇതോടെ ഇര്‍ഷാദ് പ്രതികളോടും പണം തിരികെ ആവശ്യപ്പെട്ടു. ഇതാണ് അവസാനമായി ഒന്നരലക്ഷംകൂടി കൈപ്പറ്റിയശേഷം ഇര്‍ഷാദിനെ കൊല്ലാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. ഇതിനായി മഴു, കയര്‍, വലിയ ബാഗ് എന്നിവയടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ കാറില്‍ ശേഖരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍നിന്ന് ശ്രദ്ധതിരിച്ചുവിട്ട് ഇര്‍ഷാദ് മോശക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് പഞ്ചലോഹവിഗ്രഹകഥ ഉണ്ടാക്കിയത് -നാസര്‍ പറഞ്ഞു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരൂര്‍ ഡിവൈ.എസ്.പി. പി. സുരേഷ്ബാബുവും ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കലും പറഞ്ഞു. പരാതി ലഭിച്ചതുമുതല്‍ പോലീസ് ഇതിനുപിറകെയുണ്ട്. പ്രതികളില്‍നിന്ന് കൃത്യമായ വിവരമൊന്നും ലഭിക്കാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളിലൂടെ മാത്രമേ കേസ് തെളിയിക്കാനാകൂവെന്ന് ബോധ്യമായി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരന്തരം പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും തെളിവുകളോരോന്നും കൈക്കലാക്കുകയുംചെയ്തശേഷം വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവ മുന്നില്‍വെച്ച് നടത്തിയ ചോദ്യംചെയ്യലില്‍ ഗതിമുട്ടിയാണ് രണ്ടാംപ്രതി എബിന്‍ കുറ്റസമ്മതം നടത്തിയത്. ശാസ്ത്രീയമായ അന്വേഷണമായതിനാലാണ് സത്യം പുറത്തുകൊണ്ടുവരാന്‍ കാലതാമസമുണ്ടായതതെന്നും ഇവര്‍ പറഞ്ഞു.

അന്വേഷണം ഡിവൈ.എസ്.പിക്ക് കൈമാറി

എടപ്പാള്‍: ഇര്‍ഷാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പി. പി. സുരേഷ്ബാബുവിന് കൈമാറി. മലപ്പുറം പോലീസ് മേധാവി യു. അബ്ദുള്‍കരീമിന്റെ നിര്‍ദേശാനുസരണമാണ് അന്വേഷണം കൈമാറുന്നത്. കേസില്‍ ദൃക്സാക്ഷികളില്ലാത്തതും പഞ്ചലോഹവിഗ്രഹവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന പ്രതികളുടെ മൊഴിയുമെല്ലാം ഇനിയുള്ള അന്വേഷണത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

ദൃക്സാക്ഷികളില്ലെങ്കിലും സൈബര്‍ തെളിവുകളും കുറ്റസമ്മതമൊഴികളുംകൂടി കേസ് ശക്തമായി കോടതിയിലെത്തിക്കാന്‍ ഊര്‍ജിതമായ അന്വേഷണം ആവശ്യമാണ്. ഇതാണ് കേസന്വേഷണം കൈമാറാന്‍ കാരണമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. പ്രതികള്‍ റിമാന്‍ഡിലാണ്.

Content Highlights: edappal irshad murder case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented