
-
പുത്തൂർ (കൊല്ലം) : മദ്യലഹരിയിൽ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തേവലപ്പുറം കല്ലേലി ജങ്ഷനുസമീപം ലക്ഷ്മിവിഹാറിൽ ബി.ബിജിത് (35) ആണ് പിടിയിലായത്. ഇയാളുടെ എട്ടുമാസം പ്രായമുള്ള മകൻ ഋഷികേശിന്റെ തലയോട്ടിക്ക് പൊട്ടലേറ്റു. ഭാര്യ അഞ്ജു(29)വിനും ശരീരമാസകലം മർദനമേറ്റു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി അഞ്ജുവിനെ മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെയുംകൊണ്ട് കിടപ്പുമുറിയിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു. ഇങ്ങനെയാണ് കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതെന്ന് പോലീസ് പറഞ്ഞു.
അഞ്ജുവിന്റെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തി ശാന്തമാക്കാൻ നോക്കിയെങ്കിലും ഇവരുടെ മുന്നിലിട്ടും ബിജിത് ഭാര്യയെ മർദിച്ചെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അയൽവാസികൾ ബിജിത്തിനെയും ഒപ്പംകൂട്ടി കുഞ്ഞിനെയും അമ്മയെയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ ഇവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് പോലീസ് ബിജിത്തിനെ കസ്റ്റഡിയിലെടുത്ത് പുത്തൂർ പോലീസിന് കൈമാറി. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വ്യത്യസ്ത സമുദായത്തിൽപ്പെട്ട ബിജിത്തും അഞ്ജുവും രണ്ടരവർഷംമുൻപാണ് പ്രേമിച്ച് വിവാഹിതരായത്. എന്നാൽ പിന്നീട് ജാതിപറഞ്ഞും സ്ത്രീധനത്തിന്റെപേരിലും അഞ്ജുവിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബിജിത്തിന്റെ അമ്മ വത്സലയുടെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുത്തെന്നും പോലീസ് പറഞ്ഞു.
Content Highlights: Drunken man attack wife and son, break son's head, Puthoor kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..