പ്രതീകാത്മക ചിത്രം | Photo: Joe Raedle | Newsmakers Via Getty Images
കോഴിക്കോട്: ഹോട്ടലുകള്‍ ലഹരിസംഘത്തിന് സുരക്ഷിതമല്ലെന്ന് കണ്ടതോടെ കോഴിക്കോട് നഗരത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് പാര്‍ട്ടികള്‍ സജീവമാവുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എറണാകുളം ജില്ലയില്‍നിന്നടക്കം ആളുകളെത്തുന്നുണ്ട്. മൂവായിരംമുതല്‍ പതിനായിരം രൂപവരെയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നത്. പെണ്‍സൃഹൃത്തുമായെത്തുന്നവര്‍ക്ക് ഈ തുകയില്‍ ഇളവുംനല്‍കുന്നുണ്ട്.
കോഴിക്കോട് നഗരത്തില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് 16 ഇടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചവിവരം. അത്തരം ഏഴുകേന്ദ്രങ്ങളാണ് എക്‌സൈസ് കണ്ടെത്തി സംഘാടകരെ പിടികൂടിയത്.
സംഘത്തില്‍പ്പെട്ട ഏതെങ്കിലുമൊരാള്‍ താമസിക്കാനെന്നരീതിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ട് വളരെ രഹസ്യമായിരിക്കും കാര്യങ്ങളെല്ലാം. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരും വരുന്നുണ്ട്.
ലഹരിപ്പാര്‍ട്ടികള്‍ മറ്റ് അനാശാസ്യപ്രവൃത്തികള്‍ക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹണിട്രാപ്പിന് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത മാനന്തവാടി സ്വദേശിനി ലഹരിസംഘത്തില്‍പ്പെട്ടയാളാണ്. ഇവര്‍ താമസിച്ച പാലാഴിയിലെ വീട്ടില്‍വെച്ച് ലഹരിപ്പാര്‍ട്ടിക്കായി കൊണ്ടുവന്ന എം.ഡി.എം.എ. എക്‌സൈസ് കണ്ടെടുത്തിരുന്നു.
രാത്രി വളരെ വൈകിയാണ് ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നത്. ചെറിയ സംഗീതമൊക്കെ ഉണ്ടാവുമെങ്കിലും എക്‌സൈസ് റെയ്ഡിനെത്തുമ്പോഴാണ് അടുത്തുള്ള താമസക്കാര്‍ പലപ്പോഴും വിവരമറിയുന്നത്.
അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ. കുക്കിങ്ങും (മിക്സ് ചെയ്ത് തയ്യാറാക്കല്‍) നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുക്കത്തിനടുത്ത് പന്നിക്കോട്, കക്കാടംപൊയില്‍ എന്നിവിടങ്ങളിലെല്ലാം ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ട്.
കഞ്ചാവിനോട് പഴയ ലഹരിയില്ല
നേരത്തേ കഞ്ചാവായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ലഹരിമരുന്ന്. എന്നാല്‍, സ്‌കൂള്‍വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കൂടുതലും കഞ്ചാവുപയോഗിക്കുന്നത്. ബ്രൗണ്‍ഷുഗര്‍ മധ്യവയസ്സ് പിന്നിട്ടവരും. യുവത്വത്തിന്റെ ലഹരി എം.ഡി.എം.എ. ഉള്‍പ്പെടെയുളള സിന്തറ്റിക് മയക്കുമരുന്നുകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള പല കാമ്പസുകളിലും ഇവര്‍ പിടിമുറുക്കിയിട്ടുണ്ട്.
ആന്ധ്രയില്‍നിന്ന് ലോറികളിലെത്തുന്ന കഞ്ചാവ് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടുവര്‍ഷത്തിനിടെ കഴിഞ്ഞ നവംബറിലാണ് എക്‌സ്സൈസ് കോഴിക്കോട്ടുവെച്ച് ബ്രൗണ്‍ഷുഗര്‍ പിടികൂടുന്നത്. 2021-ല്‍ 120 ഗ്രാം എം.ഡി.എം.എ.യാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സൈസ് പിടിച്ചത്. എന്നാല്‍, ഈവര്‍ഷം ഒരുമാസംകൊണ്ട് നൂറുഗ്രാമിലധികം എം.ഡി.എം.എ. കോഴിക്കോട്ടുനിന്ന് പിടികൂടി.
പ്രണയം, സൗഹൃദം, ചതി
പ്രണയിക്കുന്ന ആളുടെയോ ബോയ്ഫ്രണ്ടിന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ഒരുതവണ ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് അതിനടിമകളായി കടത്തുകാരും വില്‍പ്പനക്കാരുമായി മാറുന്നുണ്ട്. ലഹരി നല്‍കിയശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍പേരും പെണ്‍കുട്ടികളെ ലഹരിസംഘത്തിന്റെ ഭാഗമാക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരിക്കടത്തിന് മറയാക്കുന്നതിനൊപ്പം മറ്റുള്ളവരെ ലഹരിക്കടിമകളാക്കാനും പെണ്‍കുട്ടികളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമാണ് ലഹരിസംഘങ്ങള്‍ ആശയവിനിമയത്തിനും പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നത്.
ലഹരി കടത്താന്‍ വഴികള്‍ പലത്
ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയ ബൈക്ക് യാത്രക്കാരില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. ബൈപ്പാസില്‍ ചേവായൂര്‍ പാച്ചാക്കലിനടുത്ത്വെച്ചായിരുന്നു സംഘം പിടിയിലായത്.
അതിനുമുന്‍പ് വിവാഹക്ഷണക്കത്തിലും കംപ്യൂട്ടര്‍ മൗസിനുള്ളിലുമൊക്കെ എം.ഡി.എം.എ. കടത്തിയിരുന്നു. സൂക്ഷിക്കാന്‍ വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിലെ കുഴല്‍ക്കടത്ത് സംഘത്തിലെ കരിയര്‍മാരും ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്നെത്തിക്കുന്നുണ്ട്.
സംഘത്തില്‍പ്പെട്ട ഏതെങ്കിലുമൊരാള്‍ താമസിക്കാനെന്നരീതിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്താണ് ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ടുതന്നെ വളരെ രഹസ്യമായിരിക്കുമെല്ലാം
ബെംഗളൂരു-കോഴിക്കോട് ലഹരി ഇടനാഴി
ഗോവയായിരുന്നു കോഴിക്കോട്ടേക്ക് ലഹരിയെത്തിച്ചിരുന്ന കേന്ദ്രം. പക്ഷേ, എം.ഡി.എം.എ. വ്യാപകമായതോടെ ബെംഗളൂരുവില്‍നിന്നാണ് ഇപ്പോള്‍ ലഹരിയെത്തുന്നത്. ബെംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികളാണ് ഇടനിലക്കാര്‍.
ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ വലയില്‍പ്പെട്ടുപോവുന്നവര്‍ പിന്നീട് കൈയില്‍ പണമില്ലാതാവുമ്പോള്‍ ഇടനിലക്കാരായി മാറുകയാണ്. നാട്ടില്‍ എക്‌സൈസിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടു എന്നുതോന്നിയാല്‍ ബെംഗളൂരു സുരക്ഷിത താവളമാക്കുന്നവരുമുണ്ട്. പിന്നീട് അവര്‍ അവിടെ പ്രധാന ഇടനിലക്കാരായി വരുമാനമുണ്ടാക്കും.
കോഴിക്കോട്ടുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘം ബാലുശ്ശേരി, വടകര, നടുവണ്ണൂര്‍, മേഖലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന ഡെസേര്‍ട്ട് പാര്‍ട്ടികള്‍ക്കും ഇവര്‍ ലഹരിയെത്തിക്കുന്നുണ്ട്. ഡെസേര്‍ട്ട് പാര്‍ട്ടിക്കിടെ കോഴിക്കോട്ടുകാരനായ ഒരുയുവാവ് അധികഡോസുപയോഗിച്ച് മരിച്ച സംഭവവുമുണ്ടായി.
മാറാതെ സ്റ്റാഫ് പാറ്റേണ്‍
ലഹരിക്കേസുകള്‍ പിടികൂടാന്‍ എക്‌സൈസിനു മുകളില്‍ ഉന്നതോദ്യോഗസ്ഥരുടെ വന്‍ സമ്മര്‍ദമാണ്. മിക്ക ദിവസങ്ങളിലും ലഹരിക്കടത്ത് പിടിക്കുന്നുമുണ്ട്. പക്ഷേ, 1964-ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. അതുകൊണ്ട് പല ഓഫീസുകളിലും വേണ്ടത്ര ജീവനക്കാരില്ല.
കൊയിലാണ്ടി, താമരശ്ശേരി, റേഞ്ച് ഓഫീസുകള്‍,നര്‍ക്കോട്ടിക് ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മയക്കുമരുന്നിന്റെ സ്രോതസ്സ് കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് സംഘം രൂപവത്കരിച്ചത്. പക്ഷേ, മലബാറില്‍ അഞ്ചുജില്ലകള്‍ക്കായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം നാലുദ്യോഗസ്ഥരെ ക്രൈംബ്രാഞ്ചിലുള്ളൂ.
Content Highlights : Drugs rave party in Kozhikode City


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..