പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
കാക്കനാട്: ഫ്ളാറ്റിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുൽ (22) ആണ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് എടുത്തുചാടിയത്. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലാണ് സംഭവം.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നെന്ന വിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. ഒരു യുവതി ഉൾപ്പടെ ഏഴുപേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. ഇതിനിടെയാണ് അതുൽ ഫ്ളാറ്റിന്റെ ബൽക്കണി വഴി എടുത്തുചാടിയത്. ഫ്ലാറ്റിന്റെ കാർഷെഡ്ഡിന് മുകളിലേക്കാണ് വീണത്.
ഷെഡ്ഡിന്റെ അലുമിനീയം ഷീറ്റ് തുളച്ചാണ് അതുൽ നിലത്തുവീണത്. വീഴ്ചയിൽ കൈക്ക് ഉൾപ്പെടെ പരിക്കേറ്റു. ഉടൻ പോലീസ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്ളാറ്റിൽനിന്ന് എം.ഡി.എം.എ., ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
Content Highlights : Drug party at the flat in Kakkanad, Ernakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..