
പുതുക്കാട്: തുണിക്കടയുടെ മറവിൽ വിദ്യാർഥികൾക്ക് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും വിറ്റയാൾ അറസ്റ്റിൽ. നന്തിക്കര തൈവളപ്പിൽ മഹേഷി (മാക്കുട്ടി-40) നെയാണ് ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒരുമാസം മുമ്പേ ജില്ലാ റൂറൽ പോലീസ് മേധാവിക്ക് മഹേഷിന്റെ ലഹരിവിൽപ്പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പ്രതിയെ രഹസ്യമായി പിന്തുടർന്ന അന്വേഷണസംഘം നന്തിക്കര പെട്രോൾ പമ്പിന് സമീപം ഒരു യുവാവിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടികൂടിയത്. പുതുക്കാട് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ. പി.പി. ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, എൻ.വി. ശ്രീജിത്ത്, ദിനേശൻ, ജിബി പി. ബാലൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
മഹേഷിന്റെ വീടും തുണിക്കടയും പരിശോധിച്ചതിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. പിടികൂടിയ കഞ്ചാവ് 100 ഗ്രാമിനടുത്ത് വരും. 1600-ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
ഇയാൾക്ക് ലഹരിവസ്തുക്കൾ എത്തിച്ച് നൽകുന്നവരേയും ഇയാളുടെ സ്ഥിരം ഇടപാടുകാരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Content highlights: drug dealing using textiles as a cover
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..