
-
മൂവാറ്റുപുഴ: നാട്ടുകാര്‍ ഓടിച്ച കള്ളന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടി. ചെളിയില്‍ പൂണ്ടുപോയ കള്ളനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പിടിച്ചുകഴിഞ്ഞപ്പോഴാണ് അറിയുന്നത് ആള് നിരവധി കേസുകളിലെ പ്രതിയായ ഡ്രാക്കുള സുരേഷ് ആണെന്ന്.
മൂവാറ്റുപുഴ പെരുവംമുഴിയിലാണ് സഭവം. പകല്‍ പണിക്കാരുടെ വിശ്രമസ്ഥലത്ത് കയറി മോഷ്ടിച്ച ആളെ സംശയംതോന്നി നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. രാത്രിയായിട്ടും ആളെ കിട്ടിയില്ല. കള്ളന്റേതെന്ന് സംശയിച്ച ഒരു ബൈക്ക് സ്ഥലത്ത് കാണുകയും ചെയ്തു.
പോലീസിനെ പറഞ്ഞുവിട്ട് നാട്ടുകാര്‍ കാവലിരുന്നു. പോലീസ് പോയിക്കഴിഞ്ഞാല്‍ ബൈക്കെടുക്കാന്‍ ആളെത്തും എന്ന നാട്ടുകാരുടെ നിഗമനം തെറ്റിയില്ല. രാത്രി എട്ടുമണിയായപ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് ഒരാള്‍ ബൈക്കിനടുത്തെത്തി. അതുവരെ പരിസരത്തെ പൊന്തക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു ഇയാള്‍.
ബൈക്കിന്റെ വയറുകള്‍ വിടുവിച്ചിരുന്നതിനാല് സ്റ്റാര്ട്ടാക്കാവാതെ വിഷമിച്ചു. ആളനക്കം കണ്ടതോടെ കള്ളന് ഓടി നേരേ ചാടിയത് പെരുവംമുഴി പാലത്തിന്റെ 40 മീറ്ററോളം വരുന്ന കരിങ്കല്‍ക്കെട്ടില്‍ നിന്ന് താഴേക്ക്. നേരേ വീണത് താഴെ ചളിക്കുഴിയിലേക്കാണ്. കാല് പൂണ്ടുപോയതിനാല്‍ അനങ്ങാനായില്ല. ഇത്ര ഉയരത്തില്‍നിന്ന് ചാടിയിട്ടും ചേറിലായതിനാല് വലിയ പരിക്കും പറ്റിയില്ല എന്നതാണ് കള്ളന്റെ ഭാഗ്യം.
ഏതായാലും ചേറിലിറങ്ങി കള്ളനെ രക്ഷിച്ച നാട്ടിലെ ചെറുപ്പക്കാര്‍ ആളെ പോലീസിന് കൈമാറി. രക്ഷിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ കള്ളനെ ചെറിതായൊന്ന് 'തലോടിയത്' ഒഴിച്ചാല്‍ വലിയ പരിക്കൊന്നും കാണാനില്ലായിരുന്നു.
ഏതായാലം പിടികിട്ടിയത് മോഷണം, പിടിച്ചുപറിക്കല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ പല കേസുകളിലും പെട്ടയാളെയാണെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നത് പാലത്തിനിക്കരെ ആയതിനാല്‍ മൂവാറ്റുപുഴ പോലീസാണ് കേസെടുത്തത്.
Content Highlights: dracula suresh arrested in muvattupuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..