ചെന്നൈ: ഡോക്ടര്‍മാരായ ദമ്പതിമാരെ കെട്ടിയിട്ട് നാലംഗസംഘം 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷംരൂപയും കാറും കൊള്ളയടിച്ചു. ദിണ്ടിഗല്‍ ജില്ലയില്‍ ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതില്‍ചാടി വളപ്പില്‍ കടന്നത്. വാതില്‍തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. കാറിന്റെ താക്കോല്‍ കൈക്കലാക്കിയ സംഘം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറില്‍ സ്വര്‍ണവും പണവുമായി രക്ഷപ്പെട്ടു. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കെട്ടഴിച്ച ഡോ.ശക്തിവേല്‍ സംഭവം ദിണ്ടിഗല്‍ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല.
സമീപത്ത് വലിയൊരു കെട്ടിടം നിര്‍മിക്കുന്നതിനാല്‍ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് പോലീസ് പറഞ്ഞു. നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്ന് പോലീസ് സംശയിക്കുന്നു. നാലുപേരും 25-നും 30-നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ദിണ്ടിഗല്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. വടക്കേയിന്ത്യന്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. കവര്‍ച്ചക്കാരെ പിടികൂടാന്‍ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..