താമരശ്ശേരി: ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ അപായപ്പെടുത്തുന്ന തരത്തിൽ കാറോടിച്ച ഡോക്ടർ അറസ്റ്റിൽ. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മെഹഫൂസ് അലിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടേകാലിനാണ് സംഭവം. താമരശ്ശേരി ചുങ്കത്ത് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന എ.എസ്.ഐ. ഹർഷിദാണ് തലനാരിഴയ്ക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
പൂനൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ നിർത്തി വയനാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതിനിടെ തെറ്റായ ദിശയിലൂടെ എത്തിയ കാർ ഓമശ്ശേരി റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് എതിർവശത്ത് നിന്നെത്തിയ ടിപ്പറിന് മുന്നിൽ കാർ അകപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു.
ഗതാഗതക്കുരുക്കിനിരയാക്കിയ വാഹനം ഓമശ്ശേരി റോഡിലേക്ക് മാറ്റിയിടാൻ എ.എസ്.ഐ. നിർദേശിച്ചു. ഇടതു വശത്തെ ഡോറിനിടയിലൂടെ തലയിട്ട് എ.എസ്.ഐ. പേരും വിലാസവും എഴുതിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർ ഗ്ലാസ് പെട്ടെന്ന് ഉയർത്തി കാർ മുന്നോട്ടെടുക്കുകയായിരുന്നു.
ഡോറിനും ഗ്ലാസിനുമിടയിൽ കൈകളും കഴുത്തും കുടുങ്ങിയ എ.എസ്. ഐ.യെയുംകൊണ്ട് കാർ മുന്നോട്ട് നീങ്ങിയതോടെ റോഡിലുണ്ടായിരുന്ന യാത്രക്കാരും വ്യാപാരികളും ബഹളം വെച്ചു. പിന്നീട് കാർ നിർത്തിയപ്പോൾ ഡോക്ടറെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ എ.എസ്.ഐ. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മനഃപൂർവമല്ലാത്ത വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഡോക്ടറുടെ പേരിൽ കേസെടുത്തത്.
Content Highlights: Doctor arrested for attacking policeman who questioned his traffic violation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..