
-
നെടുങ്കണ്ടം: ശാന്തൻപാറയ്ക്ക് സമീപം രാജാപ്പാറയിലുള്ള റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ജൂൺ 28-നാണ് ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസൽക്കാരവും നടത്തിയത്.
പാർട്ടിയിൽ എക്സൈസിന്റെ പെർമിറ്റില്ലാതെ ലക്ഷങ്ങളുടെ മുന്തിയ ഇനം വിദേശമദ്യം വിളമ്പിയത് 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശാനുസരണം എക്സൈസ് അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് സംഘം അറിയിച്ചു.
സ്വകാര്യ ഇവന്റ് മാനേജുമെന്റ് സ്ഥാപനം സംഘടിപ്പിച്ച പാർട്ടിക്കായി എറണാകുളം ജില്ലയിൽനിന്നും പ്രത്യേക വാഹനത്തിലാണ് പാർട്ടിക്കെത്തുന്നവർക്ക് വിളമ്പാൻ മുന്തിയ ഇനം മദ്യം എത്തിച്ചത്. പങ്കെടുക്കാൻ എത്തുന്നവർക്കായി ഒരുക്കിയിരുന്ന ഓരോ ടേബിളുകളിലും മദ്യത്തിന്റെ അഞ്ച് ലിറ്റർ കുപ്പി ഒരുക്കിയിരുന്നതായും, ഇവകൂടാതെ ആയിരങ്ങൾ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികളും എത്തിച്ചിരുന്നതായാണ് വിവരം.
കോവിഡ് നിർദേശങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയത് വിവാദമായതോടെ അനധികൃതമായി നടത്തിയ മദ്യസൽക്കാരത്തിനെതിരേയും നടപടിവേണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ മദ്യം വിളമ്പിയതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു ഉടുമ്പൻചോല എക്സൈസിന്റെ നിലപാട്.
അതേസമയം ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച സ്ഥാപനം പ്രവർത്തനാനുമതിക്കായി അപേക്ഷപോലും സമർപ്പിച്ചിട്ടില്ലെന്നാണ് ഉടുമ്പൻചോല പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വിവരം. മന്ത്രി എം.എം.മണി വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്ത സ്ഥാപനം ആവശ്യമായ അനുമതികൾ നേടിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഉടുമ്പൻചോല പഞ്ചായത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ ഒരു കോടി രൂപയുടെ ചെക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പാർട്ടി വിലക്കുമൂലം പഞ്ചായത്തംഗങ്ങൾ തുക സ്വീകരിച്ചില്ലെന്നാണ് വിവരം.
Content Highlights:dj party and belly dance in a resort in idukki excise investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..