അറസ്റ്റിലായ പ്രതികൾ | Photo: മാതൃഭൂമി
കൊല്ലം: സൗദി അറേബ്യയിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രവാസിയെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തേവലക്കര അരിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഷിനു പീറ്റര്‍ (23), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ മുക്താര്‍ മന്‍സിലില്‍ ഉമറുള്‍ മുക്താര്‍ (22), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ പാട്ടുപുര കുറ്റിയില്‍ വടക്കതില്‍ മുഹമ്മദ് സുഹൈല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 24-ന് രാത്രിയില്‍ കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലായിരുന്നു സംഭവം. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് പ്രൊഫസര്‍ ബംഗ്ലാവില്‍ അബ്ദുല്‍ സമദിനെ (46) കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. സൗദി അറേബ്യയില്‍ വാട്ടര്‍ സപ്ലൈ ബിസിനസ് നടത്തിയിരുന്ന അബ്ദുല്‍ സമദുമായി ശാസ്താംകോട്ട സ്വദേശിയായ ഹാഷിം ബിസിനസ് സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബന്ധുകൂടിയായ അബ്ദുല്‍ സമദിനെ കൊലപ്പെടുത്താന്‍ ഹാഷിം ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതിയായ അരിനല്ലൂര്‍ സ്വദേശി ഷിനു പീറ്റര്‍ എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ സംഘത്തിലെ രണ്ടുപേരുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തു. അബ്ദുല്‍ സമദിന്റെ ചിത്രം ഗള്‍ഫില്‍നിന്ന് ഹാഷിം വാട്സാപ്പ് വഴി ക്വട്ടേഷന്‍ സംഘത്തിനു കൈമാറി. സുഹൈലിനെക്കൊണ്ട് ഹാഷിം ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്കെടുത്തുകൊടുപ്പിച്ചു.
കൂടാതെ, മുന്‍കൂറായി 40,000 രൂപ സുഹൈല്‍ വഴിയും പള്ളിശ്ശേരിക്കല്‍ സ്വദേശിയായ മറ്റൊരാള്‍ വഴിയും ഷിനുവിനു കൈമാറി. തുടര്‍ന്ന്, ഗള്‍ഫിലേക്ക് പോകുന്നതിന് ടിക്കറ്റിന്റെ ആവശ്യംപറഞ്ഞ് മുക്താറിനെക്കൊണ്ട് അബ്ദുല്‍ സമദിനെ ശാസ്താംകോട്ടയിലേക്ക് വിളിച്ചുവരുത്തി. 24-ന് രാത്രി എട്ടരയോടെ ശാസ്താംകോട്ടയില്‍നിന്ന് കരുനാഗപ്പള്ളിയിലേക്കു യാത്രതിരിച്ച അബ്ദുല്‍ സമദിന്റെ നീക്കങ്ങള്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന മുക്താര്‍, ഷിനുവിനെയും കൂട്ടാളികളെയും വാട്സാപ്പ് മുഖേന അറിയിച്ചു. കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലൂടെ സ്കൂട്ടറില്‍ സഞ്ചരിച്ച അബ്ദുല്‍ സമദിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം കമ്പിവടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. തന്നെ ആക്രമിച്ചവരെക്കുറിച്ച് അബ്ദുല്‍ സമദിന് ഒരറിവും ഉണ്ടായിരുന്നില്ല.
കൊല്ലം സിറ്റി പോലീസ് മേധാവി ടി.നാരായണന് ബന്ധുക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളിമുതല്‍ ശാസ്താംകോട്ടവരെയുള്ള സി.സി.ടി.വി.ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നാണ് കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടര്‍, ഓമനക്കുട്ടന്, എ.എസ്.ഐ.മാരായ ഷാജി മോന്, നന്ദകുമാര്‍, സി.പി.ഒ. സലിം എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: dispute on business lead to murder attempt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..