രാജസേനൻ, മോൺസൻ മാവുങ്കൽ | Screengrab: Mathrubhumi News
തിരുവനന്തപുരം: തട്ടിപ്പുകാരനായ മോണ്‍സന്‍ മാവുങ്കല്‍ ടി.വി. സംസ്‌കാരയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായി സംവിധായകന്‍ രാജസേനന്‍. ചാനലിന്റെ ഭാഗമായി മോണ്‍സന്‍ മാവുങ്കലിനെ കണ്ടിട്ടുണ്ടെന്നും ടി.വി. സംസ്‌കാരയുമായി തനിക്ക് ഇപ്പോള്‍ ബന്ധമില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ക്രിയേറ്റീവ് ഹെഡ് ചുമതലയാണ് ടി.വി. സംസ്‌കാരയില്‍ തനിക്കുണ്ടായിരുന്നത്. ചാനലിന്റെ ഭാഗമായി മോണ്‍സനെ വീട്ടില്‍ പോയി കണ്ടു. ചാനലിന്റെ ചെയര്‍മാനായി വരാനിരിക്കുന്ന ആളെന്നനിലയിലാണ് മറ്റുള്ളവര്‍ക്കൊപ്പം മോണ്‍സനെ കണ്ടത്. ടി.വി. സംസ്‌കാരയില്‍ പത്ത് കോടി രൂപയാണ് മോണ്‍സന്‍ വാഗ്ദാനം ചെയ്തത്. കൂടുതല്‍ പണം വേണമെങ്കില്‍ തരാമെന്നും വേറെ നിക്ഷേപകരെ കണ്ടെത്തേണ്ടെന്നും പറഞ്ഞു. സത്യസന്ധമായ ചാനലായിരിക്കണമെന്നായിരുന്നു നിബന്ധന. ചാനല്‍ ഗംഭീരമാക്കാമെന്നും ഉറപ്പുനല്‍കി.
അന്ന് മോണ്‍സന്റെ വീട്ടിലെ ചില പുരാവസ്തുക്കളെല്ലാം കണ്ടിരുന്നു. മോശയുടെ അംശവടിയും കണ്ണന്‍ വെണ്ണ കുടിച്ച ഉറിയുമൊന്നും കണ്ടില്ല. എന്നാല്‍ പ്രവാചകന്‍ നിസ്‌കരിച്ച പായയും യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിന് ലഭിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണവും കാണിച്ചു. ഒരുപാട് വാച്ചുകളും കണ്ണാടിക്കൂട്ടില്‍ കണ്ടു. എന്നാല്‍ ഇതെല്ലാം ടെക്‌നിക്കലി എങ്ങനെ ശരിയാകുമെന്ന് അന്നുതന്നെ മോണ്‍സനോട് ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പായയെല്ലാം ചിതല് പോലും വരാതെ എങ്ങനെ സൂക്ഷിക്കുമെന്നും ചോദിച്ചു. അപ്പോള്‍ ചില സര്‍ട്ടിഫിക്കറ്റുകളാണ് മോണ്‍സന്‍ കാണിച്ചത്.
ആ വീട്ടിലെ ചില വസ്തുക്കളൊക്കെ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. നന്തിയുടെ വിഗ്രഹമെല്ലാം അതില്‍ ഉള്‍പ്പെടും. നൂറോളം കാറുകളുണ്ടെന്നാണ് മോണ്‍സന്‍ പറഞ്ഞിരുന്നത്. അതില്‍ 90 എണ്ണം പഴക്കമേറിയതാണെന്നും പത്ത് കാറുകള്‍ ഓടുന്നതാണെന്നും പറഞ്ഞു, രാജസേനന്‍ വിശദീകരിച്ചു.
പുരാവസ്തുക്കളെക്കാള്‍ മോണ്‍സന്റെ വീട്ടിലെ സുരക്ഷാസംവിധാനമാണ് അത്ഭുതപ്പെടുത്തിയതെന്നും രാജസേനന്‍ പറഞ്ഞു. ഏത് സാധനം നോക്കിയാലും അപ്പോള്‍തന്നെ രണ്ട് സുരക്ഷാജീവനക്കാര്‍ നമ്മുടെ പുറകിലെത്തും. വീട് മുഴുവന്‍ ക്യാമറകളാണ്. അതിസുരക്ഷാ സംവിധാനം. ക്ഷണിച്ചിട്ടാണ് പോയതെങ്കിലും 20 മിനിറ്റ് പുറത്തുനിന്നു. ക്യാമറയില്‍ കൂടെ തങ്ങളെ നിരീക്ഷിച്ചശേഷമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും രാജസേനന്‍ പറഞ്ഞു.
Content Highlights: director rajasenan says about monson mavunkal and tv channel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..