ഇമ്രാൻ ഷാഫി
കാസര്‍കോട്: സുല്‍ത്താന്‍ ഗോള്‍ഡിന്റെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി ഇമ്രാന് ഷാഫി (36)യെയാണ് കാസര്‍കോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായര്‍ അറസ്റ്റുചെയ്തത്. ഇമ്രാന്ഷാഫിയുടെ സഹോദരന് മംഗളൂരു സിറ്റി സ്വദേശി മുഹമ്മദ് ഫാറൂഖാണ് കേസിലെ ഒന്നാംപ്രതി. ഇയാള്‍ ജൂവലറിയുടെ കാസര്‍കോട് ശാഖയില്‍ വജ്രാഭരണവിഭാഗം അസി. സെയില്‍സ് മാനേജറായിരുന്നു.
മുഖ്യപ്രതിയായ മുഹമ്മദ് ഫാറൂഖാണ് ജൂവലറിയില്‍നിന്ന് വജ്രാഭരണങ്ങള്‍ മോഷ്ടിച്ചത്. മോഷണശേഷം ഇരുവരും ചേര്‍ന്നാണ് വജ്രാഭരണങ്ങള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നാണ് സഹോദരനെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ വജ്രാഭരണം ബാങ്കില്‍ പണയപ്പെടുത്തി 50 ലക്ഷം രൂപയോളം വായ്പയെടുത്തതായി പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി. മുഖ്യപ്രതിയായ മുഹമ്മദ് ഫാറൂഖ് ഒളിവിലാണ്.
ജൂവലറി ഉടമ കുമ്പള സ്വദേശി അബ്ദുള്‍റൗഫ് കാസര്‍കോട് പോലീസില്‍ നല്കിയ പരാതിയിലാണ് നടപടി.
നവംബറിന് മുന്‍പുള്ള ആറുമാസത്തിനിടെ പലപ്പോഴായി മുഹമ്മദ് ഫാറൂഖ് ജൂവലറിയില്‍ നിന്നും 2.88 കോടിയുടെ വജ്രാഭരണങ്ങള്‍ കടത്തിയെന്നാണ് പരാതി. അതേസമയം, പ്രതി മുഹമ്മദ് ഫാറൂഖിനെ നവംബര്‍ 28 മുതല്‍ കാണാനില്ലെന്ന് ഭാര്യ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..