ധീരജിന്റെ മൃതദേഹം കോളേജിൽ പൊതുദർശനത്തിനുവെച്ചപ്പോൾ പൊട്ടിക്കരയുന്ന സഹപാഠികൾ | Screengrab: Mathrubhumi News
ചെറുതോണി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. കേസില്‍ നിലവില്‍ ആറ് പ്രതികളാണുള്ളതെന്നും ചില പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നും ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ആസൂത്രിതമായ കൊലപാതകമാണോ എന്നത് ഇപ്പോള്‍ പറയാനാകില്ല. പെട്ടെന്നുണ്ടായ കൊലപാതകമെന്നാണ് നിലവിലെ നിഗമനം. ചില പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. അവരെ പിടികൂടി ചോദ്യംചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ. അറസ്റ്റിലായ രണ്ടുപേരും കോളേജിലെ വിദ്യാര്‍ഥികളല്ല. അവര്‍ കോളേജിലേക്ക് വരാനിടയായ സാഹചര്യവും മറ്റും എന്താണെന്നുള്ള ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേരെയും കണ്ടാലറിയാവുന്ന നാലുപേരെയുമാണ് നിലവില്‍ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ചൊവ്വാഴ്ച തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും എസ്.പി. അറിയിച്ചു.
ധീരജ് കൊലക്കേസുമായി ബന്ധപ്പെട്ട് കെ.എസ്.യു. യൂണിറ്റ് സെക്രട്ടറി അലക്‌സ് പോളിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പറവൂരില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ചില കെ.എസ്.യു. പ്രവര്‍ത്തകരെ ചോദ്യംചെയ്ത് വിട്ടയക്കുകയും ചെയ്തു.
ധീരജിന് ഇടുക്കിയുടെ റെഡ് സല്യൂട്ട്...
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് ഇടുക്കിയുടെ അന്ത്യാഭിവാദ്യം. രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിലാപയാത്രയായി കോളേജിലും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും എത്തിച്ചു. രണ്ടിടങ്ങളിലും നിരവധിപേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
എന്‍ജിനീയറിങ് കോളേജ് കാമ്പസില്‍ അവസാനമായി ധീരജ് വന്നപ്പോള്‍ സഹപാഠികള്‍ നിയന്ത്രണംവിട്ടുകരഞ്ഞു. അവസാനമായി ധീരജിനെ ഒരുനോക്ക് കാണാനായി ഒട്ടേറെ വിദ്യാര്‍ഥികളാണ് കാമ്പസില്‍ തടിച്ചുകൂടിയിരുന്നത്. കണ്ണേ കരളേ ധീരജേ, ധീരാ ധീരാ ധീരജേ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കാമ്പസില്‍ മുഴങ്ങി. ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കുമ്പോള്‍ പലപ്പോഴും വിദ്യാര്‍ഥികളുടെ കണ്ഠമിടറി.
Content Highlights: SFI Activist Dheeraj Murder Case; Police arrested two accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..