വീണുടഞ്ഞു റീല്‍സിലെ 'താരദമ്പതിമാര്‍'; ഹണിട്രാപ്പിലെ 'നായിക', വീട്ടമ്മ, പഠിച്ചത് ഏവിയേഷനെന്ന് ദേവു


ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്.

Photo: instagram.com/phoenix___couple___official/

പാലക്കാട്: പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകര്‍. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് കൊല്ലം സ്വദേശി ദേവു(24) ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദീപ്(29) എന്നിവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് ഇവരുടെ പോസ്റ്റുകളില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ദമ്പതിമാരടക്കം ആറുപേരെ ഹണിട്രാപ്പ് കേസില്‍ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി സ്വര്‍ണവും പണവും കാറും ഉള്‍പ്പെടെ തട്ടിയെടുത്തെന്നാണ് കേസ്. ദമ്പതിമാര്‍ക്ക് പുറമേ കോട്ടയം പാലാ സ്വദേശി ശരത്(24) ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത്(20) വിനയ്(24) ജിഷ്ണു(20) എന്നിവരാണ് കേസില്‍ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ കാലടിയില്‍ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. സാമൂഹികമാധ്യമത്തില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെട്ടത്. നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിച്ച ഇയാള്‍ താന്‍ പാലക്കാട് സ്വദേശിനിയാണെന്നും ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഫോണ്‍ ചെയ്ത തുടങ്ങിയതോടെയാണ് ശരത് ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടിയത്. പിന്നീട് ദേവുവാണ് പരാതിക്കാരനുമായി സംസാരിച്ച് അടുപ്പം തുടര്‍ന്നത്. തുടര്‍ന്ന് സംഘം നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം വ്യവസായിയെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Photo: instagram.com/phoenix___couple___official

പാലക്കാട് വന്നാല്‍ നേരിട്ട് കാണാമെന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വ്യവസായി ഓഗസ്റ്റ് 28-ാം തീയതി പാലക്കാട് എത്തി. ആദ്യം ഒലവക്കോട്ട് വെച്ച് ഇയാളെ കണ്ട ദേവു, പിന്നീട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് യാക്കരയിലെ വാടക വീട്ടിലെത്തിച്ചു. പരാതിക്കാരനും യുവതിയും ഇവിടെ എത്തിയതിന് പിന്നാലെ തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് യുവതിയെ മര്‍ദിക്കുന്നതായി അഭിനയിച്ച യുവാക്കള്‍, സംഭവം ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വ്യവസായിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണമാല, മൊബൈല്‍ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരാതിക്കാരനെ കൈയും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങിയാണ് വ്യവസായി ഒടുവില്‍ രക്ഷപ്പെട്ടത്.

എന്നാല്‍ ഇതിനുശേഷവും വ്യവസായിയെ വിടാന്‍ തട്ടിപ്പുസംഘം തയ്യാറായില്ല. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്.

പാലക്കാട് വീട് വാടകയ്‌ക്കെടുത്തു, ദമ്പതിമാര്‍ക്ക് നല്ലൊരു തുക...

ഹണിട്രാപ്പ് തട്ടിപ്പിനായി പാലക്കാട് യാക്കരയിലെ വീട് സംഘം വാടകയ്‌ക്കെടുത്തതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഓണ്‍ലൈന്‍ വഴി ശരത്താണ് യാക്കരയിലെ വീട് വാടകയ്‌ക്കെടുത്തിരുന്നത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍ എഴുതിയിരുന്നത്.

സ്ത്രീകളുടെ പേരില്‍ വ്യാജ ഐ.ഡി.കളുണ്ടാക്കി ശരത്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. കെണിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയാണ് രീതി. ഇരിങ്ങാലക്കുടയിലെ വ്യവസായി ഈ കെണിയില്‍ വീണതോടെയാണ് ഇയാള്‍ ദേവുവിന്റെ സഹായം തേടിയത്. ഇതിനായി നല്ലൊരു തുകയും ദമ്പതിമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ദേവുവാണ് തട്ടിപ്പ് മുന്നോട്ടുകൊണ്ടുപോയത്. ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും യുവതി വ്യവസായിയെ വരുതിയിലാക്കി. ഭര്‍ത്താവ് ഗള്‍ഫിലാണെന്നും നേരില്‍കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതോടെ പരാതിക്കാരന്‍ കെണിയില്‍ വീഴുകയായിരുന്നു.

വീണുടയുന്നു റീല്‍സിലെ താരങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സെന്ന് ഗോകുല്‍...

ഇന്‍സ്റ്റഗ്രാം റീല്‍സിലെ താരങ്ങള്‍ തട്ടിപ്പ് കേസിലും പീഡനക്കേസിലുമെല്ലാം പിടിയിലായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ 'മീശക്കാരന്‍' എന്നപേരിലറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി വിനീത് പീഡനക്കേസില്‍ പിടിയിലായത്. നിരവധി ആരാധികമാരുണ്ടായിരുന്ന യുവാവ് പീഡനക്കേസില്‍ പിടിയിലായത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് റീല്‍സില്‍ വൈറലായ ദമ്പതിമാരും ഹണിട്രാപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.

Photo: instagram.com/phoenix___couple___official

ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവില്‍ എം.ബി.എയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികള്‍ ചെയ്തശേഷം ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുല്‍ അവകാശപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണൂരില്‍നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹശേഷം ജീവിതം അടിപൊളിയാണെന്നുമാണ് ദേവു മറ്റൊരു വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 23-ാം വയസ്സിലായിരുന്നു തന്റെ വിവാഹം. സ്വന്തമായി ജോലിയുണ്ടായിട്ട് കല്യാണം കഴിക്കുന്നതാകും നല്ലത്. ഇവനെപ്പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതിനാല്‍ എന്റെ കാര്യം ഓക്കെയാണ്. ആളുടെ വരുമാനം എന്റെ അക്കൗണ്ടിലാണ് വരുന്നത്. എന്റെ ആവശ്യത്തിന് ഉപയോഗിക്കാം. പക്ഷേ, എല്ലാവരുടെയും കാര്യം അങ്ങനെയാവില്ല. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. കാനഡയില്‍ പോയി എംബിഎ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചേട്ടന് താത്പര്യമില്ലാത്തതിനാല്‍ അത് നടന്നില്ലെന്നും എന്നാലും വിവാഹശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

Content Highlights: devu gokul deep phoenix couple official instagram couple arrested in honey trap case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented