പ്രതീകാത്മക ചിത്രം | PTI & ANI
ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരി ശാന്ത് നഗറില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ട്വിസ്റ്റ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഡല്‍ഹി സര്‍വകലാശാല അസി. പ്രൊഫസറുമായ വീരേന്ദര്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ ഗോവിന്ദ എന്നയാളെയും പിടികൂടിയിട്ടുണ്ട്. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
വീരേന്ദര്‍ കുമാറിന്റെ ഭാര്യ പിങ്കി സിങ്ങിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രാകേഷിനെ പോലീസ് പിടികൂടിയിരുന്നു. വാടക നല്കാത്തതിനാല് പിങ്കി സിങ് വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും ഇതേത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു പ്രതിയുടെ പ്രാഥമിക മൊഴി. എന്നാല്‍ വിശദമായി ചോദ്യംചെയ്തതോടെ വീരേന്ദര്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
2021 ഫെബ്രുവരിയിലാണ് വീരേന്ദര്‍ കുമാറും പിങ്കിയും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് ശേഷം ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതിനാല്‍ താന്‍ പൊറുതിമുട്ടിയെന്നും അതിനാലാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് വീരേന്ദറിന്റെ മൊഴി. തുടര്‍ന്ന് ബന്ധുവായ ഗോവിന്ദ, വാടകക്കാരനായ രാകേഷ് എന്നിവരുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഇതനുസരിച്ച് രാകേഷ് വീട്ടില്‍ക്കയറി പിങ്കിയെ കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ ആക്രമിച്ചശേഷം ആദ്യം കഴുത്ത് ഞെരിക്കുകയാണ് ചെയ്തത്. മരണം ഉറപ്പുവരുത്താനായി ഷോക്കടിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ ബുരാരിയിലെ റോഡരികില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റോഡരികില്‍ പരിഭ്രമിച്ചിരിക്കുന്ന രാകേഷിനെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യംചെയ്യലില്‍ സഹോദഭാര്യയായി കണ്ടിരുന്ന യുവതിയെ താന്‍ കൊലപ്പെടുത്തിയതായി രാകേഷ് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പ്രതിയുമായി ശാന്ത് നഗറിലെ വീട്ടിലെത്തുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
വീരേന്ദര്‍ കുമാറിന്റെ വീടിന്റെ മുകള്‍നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. സ്ഥിരവരുമാനമില്ലാത്ത ആളായതിനാല്‍ രാകേഷില്‍നിന്ന് വാടക വേണമെന്ന് വീരേന്ദര്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ല. വരുമാനത്തിനായി രാകേഷിന് തന്റെ ടാക്സി കാര്‍ ഓടിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വീരേന്ദര്‍ കുമാറിന്റെ വിവാഹം കഴിഞ്ഞ് ഭാര്യ പിങ്കിയും ഇവിടെ താമസത്തിനെത്തി.
സ്ഥിരവരുമാനമില്ലാത്ത താന്‍ വാടകനല്‍കാതെ മുകള്‍നിലയില്‍ താമസിക്കുന്നത് പിങ്കിയെ ചൊടിപ്പിച്ചെന്നും തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നുമായിരുന്നു രാകേഷിന്റെ ആദ്യമൊഴി. ഇത്തേതുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത തോന്നിയ പോലീസ് പ്രതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിനടക്കം പങ്കുണ്ടെന്ന് വ്യക്തമായത്.
Content Highlights: delhi university assistant proffessor plotted wife murder all accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..