പ്രതീകാത്മക ചിത്രം | ANI
ന്യൂഡല്‍ഹി: വീണ്ടും വിവാഹം കഴിക്കാനായി മുന്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ എ.ഐ.എം.ഐ.എം. നേതാവ് റിയാസുദ്ദീനെതിരേ പോലീസ് അന്വേഷണം. ഡല്‍ഹി ജാമിയ നഗറില്‍ താമസിക്കുന്ന യുവതി നല്കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചത്.
ഡല്‍ഹിയിലെ തന്റെ വീട്ടിലെത്തി റിയാസുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഒമ്പത് വര്‍ഷം മുമ്പ് മുത്തലാഖ് ചൊല്ലിയ തന്നെ വീണ്ടും വിവാഹം കഴിക്കാനായാണ് ഈ അതിക്രമം കാണിച്ചതെന്നും പരാതിയില്‍ പറയുന്നു.
നിലവില്‍ ഡല്‍ഹിയില്‍ കുട്ടിയോടൊപ്പം താമസിക്കുന്ന യുവതിയെ 2012-ലാണ് റിയാസുദ്ദീന്‍ വിവാഹം കഴിച്ചത്. പിന്നീട് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി. എന്നാല്‍ അടുത്തിടെ ഇയാള്‍ ഡല്‍ഹിയിലെത്തി യുവതിയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം അവതരിപ്പിച്ചു. നേരത്തെ മുത്തലാഖ് ചൊല്ലിയതിനാല്‍ ആദ്യം തന്റെ സുഹൃത്തിനെ വിവാഹം കഴിക്കണമെന്നും അതിനുശേഷം മാത്രമേ തനിക്ക് വിവാഹം കഴിക്കാനാവൂ എന്നും യുവതിയോട് പറഞ്ഞു. ഇതിനുവേണ്ടി സുഹൃത്തിനെയും ഒപ്പം കൊണ്ടുവന്നിരുന്നു. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചതോടെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി പീഡിപ്പിച്ചെന്നുമാണ് ആരോപണം. ഉത്തര്‍പ്രദേശിലെ എ.ഐ.എം.ഐ.എം. സെക്രട്ടറിയായ റിയാസുദ്ദീന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് റിയാസുദ്ദീന്‍ പ്രതികരിച്ചു. ഒരാഴ്ച മുമ്പ് താന്‍ രാഷ്ട്രീയം വിട്ടതായും പരാതി ഉന്നയിച്ച യുവതി തന്നോട് പണം ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ തെറ്റായ ആരോപണം ഉന്നയിച്ച് പണം തട്ടിയെടുക്കാനാണ് ഇവരുടെ ശ്രമമെന്നും റിയാസുദ്ദീന്‍ ആരോപിച്ചു.
Content Highlights: delhi police probe against aimim leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..