വസീം, സൈന | Photo Courtesy: IndiaToday
ന്യൂഡൽഹി: ഡൽഹിയിലെ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സൈനയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. നാലാം ഭർത്താവായ വസീമാണ് എട്ട് മാസം ഗർഭിണിയായ സൈനയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിൽ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. മയക്കുമരുന്ന് കേസിൽ ജയിലിലായിരുന്ന സൈന ഗർഭിണിയായതിനെ തുടർന്ന് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ സൈനയുടെ താമസസ്ഥലത്ത് എത്തിയ വസീം കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വീട്ടുജോലിക്കാരന് നേരേയും ഇയാൾ വെടിവെച്ചു. നിരവധിതവണ വെടിയേറ്റ സൈന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരൻ ആശുപത്രിയിലാണ്.
കൊലപാതകത്തിന് ശേഷം രണ്ട് തോക്കുകളുമായാണ് വസീം നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അതേസമയം, വസീമിനെതിരേ നേരത്തെ കേസുകളൊന്നും ഇല്ലെന്നും സൈനയുടെ സഹോദരി രഹ്നയും വസീമും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസ് നൽകുന്നവിവരം.
ഒരുവർഷം മുമ്പാണ് സൈനയും വസീമും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസിൽ സൈന അറസ്റ്റിലായി. സൈന ജയിലിൽ പോയതോടെ സഹോദരി രഹ്നയുമായി വസീം അടുപ്പത്തിലായി. എന്നാൽ എട്ടുമാസം ഗർഭിണിയായ സൈന ജാമ്യത്തിലിറങ്ങിയതോടെ വസീമും രഹ്നയും പ്രതിസന്ധിയിലായി. സഹോദരിമായുള്ള രഹസ്യബന്ധം സൈന അറിഞ്ഞതോടെ ദമ്പതിമാർക്കിടയിൽ വഴക്കുമുണ്ടായി. ഇതോടെ സൈനയെ എങ്ങനെയും ഇല്ലാതാക്കി രഹ്നയുമായുള്ള ബന്ധം തുടരാൻ വസീം തീരുമാനിച്ചെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമികനിഗമനം.
അതേസമയം, കൊലപാതകത്തിന് പിന്നിൽ രഹ്നയ്ക്കും പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് രഹ്നയാണെന്നാണ് പോലീസിന്റെ സംശയം. മാത്രമല്ല, മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവരാതിരിക്കാൻ മറ്റാരെങ്കിലും ആസൂത്രണം ചെയ്ത കൊലപാതകമാണോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.
ഡൽഹിയിലെ മയക്കുമരുന്ന് ഇടപാടുകളിൽ സജീവസാന്നിധ്യമായിരുന്ന സൈനയ്ക്ക് വിവിധ മാഫിയ തലവന്മാരുമായി അടുത്ത ബന്ധമാണുള്ളത്. സൈനയുടെ ആദ്യ രണ്ട് ഭർത്താക്കന്മാരും ഇവരെ ഉപേക്ഷിച്ച് പിന്നീട് ബംഗ്ലാദേശിലേക്ക് പോയിരുന്നു. ഡൽഹി-എൻസിആർ മേഖലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിതരണക്കാരനായ ഷറാഫാത്ത് ഷെയ്ഖിനെയാണ് സൈന മൂന്നാമത് വിവാഹം ചെയ്തത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിനുശേഷമാണ് സൈനയും വസീമും വിവാഹിതരായത്.
Content Highlights:delhi drug queen saina shot dead by her fourth husband
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..