അറസ്റ്റിലായ പ്രതികൾ | Photo Courtesy: NDTV
ന്യൂഡല്‍ഹി: ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം മെട്രോ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച വ്യാപാരിയും സഹായികളായ രണ്ടുപേരും അറസ്റ്റില്‍. ഡല്‍ഹിയില്‍ തുണിവ്യാപാരിയായ 36-കാരനെയും ഇയാളുടെ സഹോദരപുത്രനെയും കൂട്ടാളിയായ മറ്റൊരാളെയുമാണ് പോലീസ് പിടികൂടിയത്. തന്റെ കടയിലെ ജീവനക്കാരനായ 22-കാരനെയാണ് വ്യാപാരിയും മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി മെട്രോ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 28-നായിരുന്നു സംഭവം.
ഭാര്യയും രണ്ട് കുട്ടികളുമുള്ള വ്യാപാരിയും കൊല്ലപ്പെട്ട ജീവനക്കാരനും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരനുമായി വ്യാപാരി പലതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതെല്ലാം 22-കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ജീവനക്കാരന്റെ ഭീഷണി. ഇതോടെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ വ്യാപാരി തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
യുവാവിനെ വകവരുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍നിന്ന് സഹോദരപുത്രനെയും മറ്റൊരാളെയും വ്യാപാരി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി. ജനുവരി 28-ന് ഡല്‍ഹിയിലെത്തിയ ഇവര്‍ക്കായി സൗത്ത് ഡല്‍ഹിയിലെ ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മുറികളും ബുക്ക് ചെയ്തിരുന്നു. പിന്നീട് കടയിലെ ജീവനക്കാരനായ 22-കാരനെയും ഇവിടേക്ക് വിളിച്ചുവരുത്തി. ഗസ്റ്റ്ഹൗസില്‍ ചില ജോലികളുണ്ടെന്ന് പറഞ്ഞാണ് യുവാവിനെ ഇവിടേക്ക് വിളിച്ചുവരുത്തിയത്. യുവാവ് എത്തിയതോടെ പ്രതികള്‍ ഇയാളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നാലെ ബാല്‍ക്കണിയില്‍വെച്ച് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ട്രോളി ബാഗിലാക്കി. തുടര്‍ന്ന് ഒരു ടാക്‌സി വിളിച്ച് സരോജിനി നഗര്‍ മെട്രോ സ്‌റ്റേഷനില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ ഷൂസും ജാക്കറ്റും പേഴ്‌സും ഉത്തംനഗറിലെ മെട്രോ സ്‌റ്റേഷനിലാണ് പ്രതികള്‍ ഉപേക്ഷിച്ചത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പ്രതികളിലൊരാള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊല്ലപ്പെട്ട യുവാവിനെ അവസാനമായി കണ്ടത് വ്യാപാരിക്കൊപ്പമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികള്‍ ഗസ്റ്റ് ഹൗസിലേക്ക് ട്രോളി ബാഗുമായി വരുന്ന ദൃശ്യങ്ങളും തിരികെപോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് പ്രതികളെയും ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റ് ചെയ്തത്. മൃതദേഹം കൊണ്ടുപോയ ടാക്‌സി കാറും കൊല്ലപ്പെട്ട യുവാവിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: delhi cloth merchant arrested for killing his employee


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..