പ്രതീകാത്മക ചിത്രം|PTI
ഫരീദാബാദ്: ഡല്‍ഹിയിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഫരീദാബാദ് പോലീസിന് കൈമാറി. ഡല്‍ഹി പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് പ്രതിയെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നുദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കൊലപാതകം സംബന്ധിച്ച കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ നടക്കും. അതിനിടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഫരീദാബാദ് പോലീസ് കമ്മീഷണര്‍ വികാസ് അറോറ മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 26-നാണ് ഡല്‍ഹി സിവില്‍ ഡിഫന്‍സ് ജീവനക്കാരിയായ റാബിയ(21)യെ സഹപ്രവര്‍ത്തകനായ നിസാമുദ്ദീന്‍ ദാരുണമായി കൊലപ്പെടുത്തിയത്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി ഫരീദാബാദിലെ സൂരജ്കുണ്ഡിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേദിവസം നിസാമുദ്ദീന്‍ ഡല്‍ഹിയിലെ കാളിന്ദികുഞ്ച് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. താന്‍ റാബിയയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സുരജ്ഖുണ്ഡില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. റാബിയയെ താന്‍ വിവാഹം കഴിച്ചതായും പ്രതി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസ് ഫരീദാബാദ് സുരജ്കുണ്ഡ് പോലീസിനെ വിവരമറിയിക്കുകയും യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ ഡല്‍ഹി പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയായിരുന്നു കേസ്. പിന്നീട് തിഹാര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇതിനിടെയാണ് ഫരീദാബാദ് പോലീസ് വാറന്റ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് പ്രതിയെ ഫരീദാബാദിലെ കോടതിയില്‍ ഹാജരാക്കുകയും ഇവിടെനിന്ന് ഫരീദാബാദ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു.
കസ്റ്റഡി കാലാവാധിയില്‍ പ്രതിയെ ഫരീദാബാദ് പോലീസ് വിശദമായി ചോദ്യംചെയ്യുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യുടെ റിപ്പോര്‍ട്ട്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതിനാല്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. നിസാമുദ്ദീനുമായി വിവാഹം കഴിഞ്ഞവിവരം തങ്ങള്‍ക്കറിയില്ലെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് ഫരീദാബാദ് ഡി.സി.പി. ഡോ.അന്‍ഷു സിങ്‌ല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നതായി പരാമര്‍ശിച്ചിട്ടില്ല. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ദേഹമാസകലം മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ടെന്നും ഡി.സി.പി. 'ഇന്ത്യന്‍ എക്‌സ്പ്രസിനോട്' പറഞ്ഞു. യുവതിയെ വിവാഹം കഴിച്ചെന്നാണ് പ്രതി ഡല്‍ഹി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നും യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡി.സി.പി. പറഞ്ഞിരുന്നു.
അതിനിടെ, യുവതിയുടെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസ് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..