
ഷൈജു സത്യദേവൻ
ശ്രീകാര്യം(തിരുവനന്തപുരം): ക്രൂരമായി മര്‍ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വര്‍ക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടില്‍ ഷൈജു സത്യദേവന്(42) ആണ് മരിച്ചത്.
മുഖത്ത് വെട്ടും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായാണ് ഇയാള്‍ ഞായറാഴ്ച ചികിത്സ തേടിയെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ഞായറാഴ്ച വൈകീട്ട് കല്ലമ്പലത്തുവെച്ചാണ് ചിലര്‍ ഷൈജുവിനെ ആക്രമിച്ചത്. മൂക്കില്‍നിന്നും തലയില്‍നിന്നും രക്തമൊലിക്കുന്ന നിലയില്‍ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കൂടുതല്‍ അന്വേഷണമൊന്നും നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തന്നെ എതിരാളികള്‍ കൊല്ലുമെന്ന് ഇദ്ദേഹം ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ബന്ധുവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഷൈജുവിനെ അവിടെനിന്ന് രാത്രി കാണാതാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശ്രീകാര്യം ജങ്ഷനു സമീപം സ്വകാര്യ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്‍വശത്തായാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
ബാങ്കിനു മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ആര്.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് മൃതദേഹം പരിശോധിച്ചു. കൈയില്‍ മരുന്ന് കുത്തിവെയ്ക്കാന്‍ ഘടിപ്പിച്ചിരുന്ന ക്യാനുല കണ്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആളാണെന്നു മനസ്സിലായത്.
പെയിന്റിങ് തൊഴിലാളിയാണ് ഷൈജു. ഭാര്യ: സോണ. മകന്: കെവിന്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: dead body found in sreekaryam; police identified the victim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..