-
കൊച്ചി: കോതമംഗലം കുറുമ്പാന്പാറയിലെ മുസ്ലീം പള്ളിയുടെ ഖബര്‍സ്ഥാനില്‍ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹമെന്ന് അഭ്യൂഹം ആശങ്കപരത്തി. ഒടുവില്‍ ഖബര്സ്ഥാന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വെള്ളത്തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
കഴിഞ്ഞദിവസമാണ് ഖബര്‍സ്ഥാനില്‍ മണ്ണിളകി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം മറവുചെയ്തതിന് സമാനമായിരുന്നു ഇത്. തുടര്‍ന്ന് പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തി.
ആര്.ഡി.ഒ. അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലത്തെ മണ്ണുനീക്കാനായിരുന്നു പോലീസിന്റെ തീരുമാനം. ഞായറാഴ്ച ആര്.ഡി.ഒ. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും മണ്ണ് നീക്കി വലിയ തുണിക്കച്ച പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ വെള്ളത്തുണി തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ വെള്ളരിക്കയാണെന്ന് കണ്ടെത്തിയത്. ആരോ മനഃപൂര്‍വ്വം കബളിപ്പിക്കാന്‍ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. എന്തായാലും വെള്ളരിക്കയും തുണിയും വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും കബളിപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Content Highlights: cucumber found from mosque compound in kothamangalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..