പ്രതീകാത്മക ചിത്രം | Reuters
കോഴിക്കോട്: കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന ക്രിപ്റ്റോകറന്‍സി തട്ടിപ്പില്‍ വഞ്ചിതരായത് മുന്നൂറിലധികം പേര്. 70,000-രൂപ മുതല്‍ 25 ലക്ഷംവരെയാണ് പലരില്‍നിന്നായി വാങ്ങിയത്. ഒരുവര്‍ഷംകൊണ്ട് ഏഴുമടങ്ങ് ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ, നാലുവര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. ഇതോടെ, ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് നിക്ഷേപകര്‍.
2017-ലാണ് ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ്നാട്ടുകാരനാണ് പ്രധാന ആസൂത്രകന്‍. മറ്റുപ്രധാനികള്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരും. നേരത്തേ ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ കോടികളുടെ പണമിടപാട് നടക്കുന്നതായി 2018-ല്‍ മാതൃഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങിയതോടെ നിക്ഷേപം പിരിക്കുന്നത് നിര്‍ത്തിവെച്ചു. പണം ടൂറിസം പദ്ധതികളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും ക്രിപ്റ്റോ കറന്‍സി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞാണ് അന്ന് നിക്ഷേപകരെ പിടിച്ചു നിര്‍ത്തിയത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.
ഡല്‍ഹിയിലെ മേല്‍വിലാസമാണ് കമ്പനി വെബ്സൈറ്റില്‍ ഉള്ളതെങ്കിലും പാലക്കാട്ടാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ട്. പാലക്കാട്ട് ചന്ദ്രനഗറിലുള്ള രണ്ടാള്‍ക്കാരുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടിലാണ് കുറച്ചുപേര്‍ പണം നിക്ഷേപിച്ചത്.കൂടുതല്‍ ആളുകളില്‍ നിന്നും പണം നേരിട്ടാണ് വാങ്ങിയത്. ഇതിന് രേഖകളും നല്‍കിയിട്ടില്ല.
കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഒരാളുടെ വീട്ടില്‍ പണം തിരികെ കിട്ടാനായി പോയെങ്കിലും നിക്ഷേപകരെ കാണാന്‍ പോലും അയാള്‍ തയ്യാറായില്ലെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ അഗസ്റ്റിന് പറഞ്ഞു.
കോഴിക്കോട്ടെ മുന്‍ ജോയന്റ് രജിസ്ട്രാറാണ് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായി അറിയപ്പെടുന്നത്. കോഴിക്കോട്ട് മാത്രം നടത്തിയ കാന്‍വാസിങ്ങില്‍ 240 പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..