പല്ലൻ ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനായി കോട്ടയ്ക്കൽ പോലീസ്സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നു
കോട്ടയ്ക്കല്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന് കോടാലി ശ്രീധരന്റെ കൂട്ടാളിയും വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയുമായ തൃശ്ശൂര്‍ പന്തല്ലൂര്‍ പറപ്പൂക്കരയിലെ മച്ചിങ്ങല്‍ പല്ലന് ഷൈജു (43) അറസ്റ്റിലായി.
സംസ്ഥാനത്തിനകത്തും പുറത്തും പലയിടങ്ങളിലായി കൊലപാതകം, കുഴല്‍പ്പണക്കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയായ ഷൈജുവിനെ തൃശ്ശൂര്‍ റൂറല്‍ പോലീസ് ഗുണ്ടാനിയമമായ കാപ്പ ചുമത്തി നേരത്തേ തൃശ്ശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പോലീസിനെ വെല്ലുവിളിച്ച് വീഡിയോ ഇട്ട ഇയാളെ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ച് മലപ്പുറത്തുനിന്നെത്തിയ പോലീസ് സംഘം തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2007-ല്‍ കോട്ടയ്ക്കലില്‍ നടന്ന ഒരു കുഴല്പ്പണക്കവര്ച്ചക്കേസിലാണ് അറസ്റ്റ്. ഈ കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊലപാതകം, ദേശീയപാതകളില്വെച്ചുള്ള കുഴല്പ്പണക്കവര്ച്ചകള്, വീടുകയറി ആക്രമണം തുടങ്ങി കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 34 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
മലപ്പുറത്തെ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡന്‍സാഫ്) ഷൈജുവിനായുള്ള അന്വേഷണം നേരത്തേ ആരംഭിച്ചിരുന്നു. ഇതിനിടെ ജില്ലാ പോലീസ് മേധാവി കെ. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വയനാട്ടിലുണ്ടെന്നറിയുന്നത്.
തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി. പി.എം. പ്രദീപിന്റെ നിര്‍ദേശപ്രകാരം കോട്ടയ്ക്കല്‍ ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയാണ് പ്രതിയെ പിടിച്ചത്. എസ്.ഐ. എം. ഗിരീഷ്, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, കെ. ജെസീര്‍, ആര്. ഷഹേഷ്, കെ. സിറാജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
വൈദ്യപരിശോധനയില്‍ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കോടതി റിമാന്‍ഡുചെയ്ത പ്രതിയെ മഞ്ചേരി ജയിലിലെ കോവിഡ് പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും.
കടലില്‍നിന്നൊരു വീഡിയോ; ഒടുവില്‍ നാടകീയമായി പിടിയില്‍
കോട്ടയ്ക്കല്‍: നാടുകടത്തലൊക്കെ തനിക്ക് പുല്ലാണെന്ന ഭാവമായിരുന്നു ഷൈജുവിന്. മുനമ്പം കടലില്‍നിന്നുള്ള ആ വീഡിയോയില്‍ നിറഞ്ഞുനിന്നത് പോലീസിനെതിരേയുള്ള പരിഹാസവും ധിക്കാരവും.
'കടലിലാ, നാട്ടിലല്ലേ നിക്കാന്‍ പറ്റാത്തതുള്ളൂ ...',ഇങ്ങനെയൊരു പരിഹാസത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. 'കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാപ്പിന്നെ അവന്റെ അപ്പന്റെ വകയൊന്നുമല്ല. ഇതിപ്പോ എറണാകുളം ജില്ലയാ. തൃശ്ശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന് ഷൈജൂന് നന്നായറിയാം' ഇങ്ങനെയായിരുന്നു ആ ഭീഷണി.
രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭാര്യയും ചില കൂട്ടുകാരുമുണ്ട്. കൂട്ടുകാരുമൊത്ത് ഷൈജു മദ്യപിക്കുന്ന ദൃശ്യങ്ങളും കാണാം. സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷൈജു ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോ പെട്ടെന്ന് നാടാകെ പ്രചരിച്ചു.
പരസ്യമായി നടത്തിയ ഈ വെല്ലുവിളി പോലീസിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ എല്ലാപഴുതുകളുമുപയോഗിച്ച് അന്വേഷണം തുടങ്ങി. അങ്ങനെയാണ് സുല്‍ത്താന്‍ബത്തേരിയിലെ റിസോര്‍ട്ടില്‍ ഷൈജു ഭാര്യക്കും കൂട്ടുകാര്‍ക്കുമൊപ്പം ഒളിച്ചുതാമസിക്കുന്നുണ്ടെന്ന് അറിയാന്‍കഴിഞ്ഞത്.
'ചതിക്കല്ലേ സാറേ...'
റിസോര്‍ട്ടില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ വീഡിയോയില്‍ കണ്ട 'പുലി'യായിരുന്നില്ല ഷൈജു...എന്നെ ചതിക്കല്ലേ സാറേ...', എന്നുപറഞ്ഞ് പോലീസിനോട് കരഞ്ഞപേക്ഷിക്കുന്ന രംഗമാണു കണ്ടത്. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് കോട്ടയ്ക്കല്‍ സ്റ്റേഷനിലെത്തിച്ചു.
1998-ല്‍ പോക്കറ്റടിക്കേസില്‍ പിടിക്കപ്പെടുന്ന ഷൈജു പിന്നീട് പലതരം കേസുകളില്‍ പ്രതിയായി. കുപ്രസിദ്ധ ഗുണ്ടാത്തലവന് കോടാലി ശ്രീധരന്റെ കൂട്ടാളിയെന്ന നിലയില്‍ പോലീസിന് തലവേദനസൃഷ്ടിച്ച ഇയാള്‍ പിന്നീട് സ്വയമൊരു ഗുണ്ടാനേതാവായി. തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും മറ്റിടങ്ങളിലും എത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..