മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടിയ ഡിങ്കുവിനെ പോലീസും നാട്ടുകാരുംചേർന്ന് മെഡിക്കൽ കോളേജിനുസമീപത്തുനിന്ന് വളഞ്ഞപ്പോൾ കാറിനുമുകളിൽ കയറി ഭീഷണിപ്പെടുത്തുന്നു(ഇടത്ത്) അറസ്റ്റിലായ ഡിങ്കു(വലത്ത്)
കോഴിക്കോട്: ഒട്ടേറെ കേസുകളിലെ പ്രതിയും ക്വട്ടേഷന്സംഘത്തലവനുമായ കുന്ദമംഗലം പെരിങ്ങളം സ്വദേശി ഡിങ്കു എന്ന ഷിജു (33)വിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്ക്. സാഹസികമായി കീഴടക്കിയ പ്രതിയെ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
ഒട്ടേറെ കേസില്‍ പിടികിട്ടാനുണ്ടായിരുന്ന ഡിങ്കുവിനെ കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്നിന്നാണ് മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു കല്യാണവീട്ടില്‍ വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
കല്യാണവീട്ടിലേക്ക് വരുന്നവഴിയേ പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സാഹസികമായി പിടിച്ചത്. ഈ സമയം പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും പോലീസിനുനേരെ നടത്തിയ ആക്രമണത്തില്‍ ഡെന്‍സാഫ് സ്ക്വാഡ് അംഗം ജോമോന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. സ്ക്വാഡ് അംഗങ്ങളായ സുനോജ്, അര്ജുന്, സായൂജ്, ജിനീഷ്, മിഥുന് എന്നിവര്‍ക്കും പരിക്കേറ്റു.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പ്രതി ലോക്കപ്പില്‍ തലയിടിച്ച് പൊട്ടിക്കുകയും ഇറങ്ങിയോടി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തലകൊണ്ട് ഇടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് എസ്.ഐ.മാരായ രമേഷ് കുമാറിന്റെയും വി.വി.ദീപ്തിയുടെയും നേതൃത്വത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ കീഴടക്കി.
അക്രമിസംഘത്തിലെ ഒരാള്‍ പിടിയില്‍
മാവൂര്‍: ഡിങ്കുവിനെ അറസ്റ്റുചെയ്യുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാളെ മാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കളന്തോട് സ്വദേശി രാജേഷിനെയാണ് പിടികൂടിയത്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും പേരറിയാവുന്ന ആറുപേര്‍ക്കെതിരേയും കേസെടുത്തതായി മാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. വിനോദനും പ്രിന്‍സിപ്പല്‍ എസ്.ഐ. വി.ആര്. രേഷ്മയും അറിയിച്ചു.
കേസുകളില്‍ കവര്‍ച്ചയും കഞ്ചാവുകടത്തും
ചേവായൂരിലെ വീട്ടില്‍ യുവതിയെ ആക്രമിച്ച് ഒമ്പതേകാല് പവന് സ്വര്‍ണാഭരണം കവര്‍ന്നകേസിലും മെഡിക്കല്‍ കോളേജിനടുത്തുള്ള വീട്ടില്‍നിന്ന് ഭീഷണിപ്പെടുത്തി 13 പവനോളം സ്വര്‍ണാഭരണം ഊരിവാങ്ങുകയും മൂന്ന് മൊബൈല്‍ ഫോണ്‍, ഒരുലക്ഷം രൂപ, സ്ഥലത്തിന്റെ ആധാരം എ.ടി.എം.കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ കവരുകയുംചെയ്ത കേസിലും പ്രതിയാണ് ഡിങ്കു. പത്തുകിലോഗ്രാം കഞ്ചാവുമായി 2016-ല്‍ ഫറോക്ക് പോലീസും അഞ്ചുകിലോഗ്രാമോളം കഞ്ചാവുമായി 2018-ല്‍ കുന്ദമംഗലം പോലീസും ഇയാളെ പിടികൂടിയിരുന്നു. രണ്ടുതവണ പോലീസിന്റെ പിടിയില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..