വിനേഷ്
ചെങ്ങമനാട്(എറണാകുളം):നിരവധി കേസുകളിൽ പ്രതിയായിരുന്ന കിഴക്കേ കുറുമശ്ശേരി മാക്കോലി വീട്ടിൽ ജയപ്രകാശിനെ (54) കൊലപ്പെടുത്തിയ കേസിൽ കുറുമശ്ശേരി പള്ളിയറക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിനേഷിനെ (39) ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ജയപ്രകാശും വിനേഷും അഞ്ച് വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു. അടുത്ത കാലത്തായി ഇരുവരും തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ജയപ്രകാശ് വീട്ടിൽ സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോൾ പ്രതി സ്ഥലത്തെത്തി. എന്നാൽ, ജയപ്രകാശിന്റെ സുഹൃത്തുക്കൾ പ്രതിയെ മദ്യപാന കമ്പനിയിൽ കൂട്ടാതെ പുറത്താക്കി. ഇതിന്റെ പേരിൽ ഇരുകൂട്ടരും വഴക്കുണ്ടായിട്ടും ജയപ്രകാശ് ഇടപെട്ടില്ല.
ഇതിൽ പ്രകോപിതനായ പ്രതി പുറത്ത് ഒളിച്ചിരുന്നു. സുഹൃത്തുക്കൾ പോയതിനുശേഷം വീടിന്റെ പിൻവാതിലൂടെ പറമ്പിൽ കിടന്ന കോടാലിക്കൈയുമായി എത്തി ജയപ്രകാശിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയിൽനിന്ന് രക്തം വാർന്നൊഴുകിയാണ് ജയപ്രകാശ് മരിച്ചത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ ചെങ്ങമനാട് സിഐ ടി.കെ. ജോസി, എസ്.ഐ ആർ. രഗീഷ്കുമാർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കൊവിഡ് ടെസ്റ്റിന് ശേഷം ആലുവ കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച രാവിലെ പി.പി.ഇ. കിറ്റ് ധരിച്ചാണ് പൊലീസ് ജയപ്രകാശിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം യു.സി. കോളേജ് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ സംസ്കരിക്കും.
Content Highlights:criminal case accused killed by his friend in eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..