എങ്ങുമെത്താതെ പോലീസ് അന്വേഷണം, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍, ദുരൂഹത നീക്കുമോ ക്രൈംബ്രാഞ്ച്


3 min read
Read later
Print
Share

അൻജന ഷാജൻ, അൻസി കബീർ. Photo: Instagram|dr.anjana_shajan & Instagram|ansi_kabeer

കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസില്‍ ഇനി അന്വേഷണം നടത്തുക. പോലീസ് അന്വേഷണത്തിനെതിരേ വ്യാപകമായ വിമര്‍ശനമുയര്‍ന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നവംബര്‍ ഒന്നിന് പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും അബ്ദുള്‍ റഹ്‌മാന്‍ മൊഴി നല്‍കിയത് നിര്‍ണായകമായി. അപകടത്തില്‍ മരിച്ച യുവതികളും സുഹൃത്തുക്കളും ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും കണ്ടെത്തി. ഇതോടെ വെറുമൊരു വാഹനാപകടമെന്ന് കരുതിയ സംഭവത്തില്‍ കൂടുതല്‍ വിവാദങ്ങളും ദുരൂഹതകളും ഉയരുകയായിരുന്നു.

ansi kabeer anajan shajan accident miss kerala kochi

കേസിന്റെ തുടക്കത്തില്‍തന്നെ പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാനെ ചോദ്യംചെയ്യാന്‍ വൈകിയതും പാര്‍ട്ടി നടന്ന ഹോട്ടലില്‍ അന്വേഷണം നടത്താതിരുന്നതും സംശയത്തിനിടയാക്കി. ഇതിനിടെ, ഹോട്ടലുടമ റോയി വയലാട്ടിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഏറെ സമയവും ലഭിച്ചു. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. ഇതിനോടകം ഇയാള്‍ നശിപ്പിച്ചുകളഞ്ഞിരുന്നു. തെളിവ് നശിപ്പിച്ച കുറ്റത്തിന് റോയി വയലാട്ടിനെയും ഇയാളുടെ ഹോട്ടലിലെ ജീവനക്കാരായ അഞ്ചുപേരെയും കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തില്‍പ്പെട്ടവരും മറ്റുള്ളവരും തമ്മില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വാക്കുതര്‍ക്കമുണ്ടായതായി നേരത്തെ വിവരങ്ങളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതോടെ ഇതുസംബന്ധിച്ച അന്വേഷണം വഴിമുട്ടി. സംഭവദിവസം സിനിമയിലെ ചില പ്രമുഖരടക്കം ഹോട്ടലില്‍ തങ്ങിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നതോടെ പോലീസ് അന്വേഷണം തീര്‍ത്തും മന്ദഗതിയിലായി. ഇതോടെയാണ് പോലീസ് അന്വേഷണം മനഃപൂര്‍വം വൈകിപ്പിക്കുന്നതായുള്ള ആക്ഷേപങ്ങളുയര്‍ന്നത്. സംഭവത്തില്‍ ദുരൂഹത നീക്കണമെന്നും വിപുലമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബവും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.

ansi kabeer

അതിനിടെ, കേസില്‍ പോലീസ് നേരത്തെ ചോദ്യംചെയ്ത സൈജു തങ്കച്ചന്‍ വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സൈജു മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. താന്‍ പിന്തുടര്‍ന്നത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഓഡി കാറില്‍ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ വാദം.

ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ താനും പങ്കെടുത്തിരുന്നു. പാര്‍ട്ടിക്കിടെ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെട്ടു. പാര്‍ട്ടി കഴിഞ്ഞ് താന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരും ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന അബ്ദുള്‍റഹ്‌മാന്‍ ആ സമയം നന്നായി മദ്യപിച്ചിരുന്നു. അതിനാല്‍ റഹ്‌മാന്‍ വാഹനമോടിക്കുന്നത് താന്‍ വിലക്കി. എന്നാല്‍ അത് വകവെയ്ക്കാതെ നാലംഗസംഘം കാറുമായി ഹോട്ടലില്‍നിന്ന് പോയി. പിന്നീട് കുണ്ടന്നൂര്‍ ജംങ്ഷനില്‍ ഇവരുടെ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചു. വീണ്ടും ഇവരോട് വാഹനം ഓടിക്കരുതെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഇവര്‍ തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയി. ഇതിനുശേഷമാണ് അപകടം സംഭവിച്ചത് കണ്ടതെന്നും ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചെന്നും സൈജുവിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു.

anjana shajan and ansi kabeer

ദുരൂഹതയ്ക്ക് ഉത്തരം കിട്ടുമോ

കൊച്ചി: പാലാരിവട്ടം ബൈപ്പാസിലെ കാറപകടത്തിനു പിന്നില്‍ ഒഴിയാത്ത ദുരൂഹതകള്‍ ബാക്കിയാവുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ഹോട്ടലില്‍നിന്ന് ഒരു കാര്‍ പിന്തുടര്‍ന്നിരുന്നു. ഹോട്ടലുടമയുടെതന്നെ നിര്‍ദേശപ്രകാരം സി.സി.ടി.വി. ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്നും വ്യക്തമായിട്ടുണ്ട്. മൂന്നുപേര്‍ ദാരുണമായി മരിച്ച അപകടത്തില്‍ അത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ഹോട്ടലുടമയ്ക്ക് ഒളിപ്പിക്കാനുണ്ട് എന്ന് വ്യക്തം. ദുരൂഹമായി അവശേഷിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്:-

1. അപകടം നടന്ന ഉടനെ ഹോട്ടലില്‍ പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തില്ല. ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഒമ്പത്ദിവസം വൈകി. സി.സി.ടി.വി. ഡി.വി.ആര്‍. മാറ്റാന്‍ ഹോട്ടലുകാരെ സഹായിച്ചു.

2. നിര്‍ണായക സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉടമ മാറ്റി. എന്നിട്ടും തെളിവ് നശിപ്പിച്ച ഹോട്ടലുടമയെ തിരഞ്ഞുപിടിക്കാന്‍ പോലീസ് ശ്രമിച്ചില്ല. ഹാജരാവാന്‍ ഹോട്ടലുടമയ്ക്ക് മൂന്നുതവണ സമന്‍സ് നീട്ടി നല്‍കി.

3. അപകടത്തില്‍ സാരമായി പരിക്കേല്‍ക്കാതിരുന്ന അബ്ദുള്‍ റഹ്‌മാനില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ വിവരം ശേഖരിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്.

4. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനുള്ള പരിശോധന നടത്തിയില്ല.

5. അപകടത്തിനിരയായ കാറിനെ പിന്തുടരുകയും അപകട വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും ചെയ്ത ഔഡി കാറിലെ ഡ്രൈവര്‍ സൈജുവിനെ ഒരുതവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പിന്തുടര്‍ന്നതെന്ന ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചു.

6. സൈജു അപകട ശേഷം ഹോട്ടലുടമയെ കൂടാതെ ഹോട്ടലിലെ ജീവനക്കാരെയും വിളിച്ചിട്ടുണ്ട്. എന്തിനാണ് ഹോട്ടലിലെ ജീവനക്കാരെ അര്‍ധരാത്രി ഇയാള്‍ ഫോണ്‍ വിളിച്ചതെന്ന് അന്വേഷിച്ചതേയില്ല. ആദ്യവട്ടം ഹോട്ടലില്‍ എത്തി ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ് ചടങ്ങ് തീര്‍ത്തു.

7. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച് ഇവിടെ വന്നവരെ കണ്ടെത്തി മൊഴിയെടുക്കാം. എന്നാല്‍, രേഖകള്‍ പോലീസ് പിടിച്ചെടുത്തില്ല. ഹോട്ടലിലുണ്ടായിരുന്ന ആരുടേയും മൊഴിയെടുത്തില്ല.

8. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നെന്ന വിവരമുണ്ട്. സിനിമാ താരങ്ങളും പ്രമുഖരും പങ്കെടുത്തെന്നാണ് വിവരം.

9. ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്റ്റേഷനു നേരെ മുന്നിലാണ് ഹോട്ടല്‍. ഇവിടെ രാത്രി ഏറെ വൈകി മദ്യം വിളമ്പുന്നത് എക്സൈസ് കണ്ടെത്തി. തൊട്ടടുത്തുള്ള പോലീസ് ഇതറിയാതെപോയത് എന്തുകൊണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
goldy brar
Premium

5 min

അച്ഛന്‍ പോലീസ്,18-ാം വയസ്സില്‍ ആദ്യകേസ്; ക്രിമിനല്‍ ഗോള്‍ഡി ബ്രാര്‍; കാനഡയിലും പിടികിട്ടാപ്പുള്ളി

May 16, 2023


crime

2 min

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു, ഒടുവില്‍ 17-കാരിയെ കൊന്ന് കുഴിച്ചിട്ടു; സഹോദരിമാരടക്കം പിടിയില്‍

Oct 25, 2021


Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023


Most Commented