സുകുമാരക്കുറുപ്പ്, റെൻസി ഇസ്മയിൽ
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടതായുള്ള സംശയത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ്പ് മാനേജറായ റെന്‍സി ഇസ്മയില്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍വെച്ചും അടുത്തിടെ ഹരിദ്വാറില്‍നിന്നുള്ള ഒരു ട്രാവല്‍ വ്‌ളോഗിലും കണ്ടത് സുകുമാരക്കുറുപ്പാണെന്നാണ് റെന്‍സി സംശയിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇദ്ദേഹത്തിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തുന്നത്. സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്ന കാഷായവേഷം ധരിച്ച സ്വാമിയെ കണ്ടതിനെക്കുറിച്ചും സംശയങ്ങള്‍ തോന്നാനിടയായ സാഹചര്യങ്ങളെക്കുറിച്ചും റെന്‍സി പറയുന്നത് ഇങ്ങനെ:-
'14 വര്‍ഷം മുമ്പ് ഗുജറാത്തിലെ ഇദറില്‍ ഞാന്‍ ജോലിചെയ്തിരുന്നു. അതിനടുത്തുള്ള ആശ്രമത്തിലാണ് അടുത്തിടെ വീഡിയോയില്‍ കണ്ട സ്വാമിയുണ്ടായിരുന്നത്. ഒരു ചായക്കടയിലാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. പേര് ചോദിച്ചപ്പോള്‍ ആളുകളോട് ദേഷ്യപ്പെടുന്ന രംഗമായിരുന്നു ചായക്കടയില്‍. അന്ന് അയാളുടെ മുണ്ടുടുക്കുന്ന രീതി കണ്ടപ്പോള്‍ തന്നെ മലയാളിയാണെന്ന് സംശയമുണ്ടായി.
പിന്നീട് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ സ്വാമി ഭയങ്കര ദേഷ്യക്കാരനാണെന്നും സംസാരിക്കാന്‍ നില്‍ക്കേണ്ടെന്നുമാണ് പറഞ്ഞത്. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഒരു മലയാളി സ്വാമി ആശ്രമത്തില്‍ വന്നിട്ടുണ്ടെന്ന് അവിടെയുണ്ടായിരുന്ന മലയാളികള്‍ പറഞ്ഞു. അവര്‍ സ്വാമിയെ കാണാന്‍ പോയപ്പോള്‍ എന്നെയും കൊണ്ടുപോയി. അങ്ങനെ സ്വാമിയെ പോയി കണ്ടു, സംസാരിച്ചു. ചായക്കടയിലെ സംസാരത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചു. ഇവരെയെല്ലാം പേടിപ്പിച്ച് നിര്‍ത്തിയില്ലെങ്കില്‍ ശരിയാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദിവസങ്ങള്‍ക്ക് ശേഷം സ്വാമി എന്റെ താമസസ്ഥലത്തുവന്നു. കുറേ സംസാരിച്ചിരുന്നു. സന്യാസി ആയതിനാല്‍ പൂര്‍വാശ്രമകാര്യങ്ങള്‍ പറയില്ലെന്ന് പറഞ്ഞു. അതിനാല്‍ പേരും മറ്റുവിവരങ്ങളും പറയാനാകില്ലെന്നും വ്യക്തമാക്കി. ശേഷം എന്നെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. അന്ന് വൈകിട്ട് ഞാന്‍ ആശ്രമത്തിലേക്ക് പോയി.
അയാളുടെ പെരുമാറ്റവും മറ്റുമെല്ലാം സുകുമാരക്കുറുപ്പാണെന്ന സംശയമുണ്ടാക്കിയിരുന്നു. അയാളുടെ ഉയരവും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സുകുമാരക്കുറുപ്പിന്റെ, പോലീസ് പറയുന്ന ഉയരം ഇയാള്‍ക്കില്ലായിരുന്നു. അതിനാല്‍ സുകുമാരക്കുറുപ്പ് അല്ലെന്ന് തോന്നി. പിന്നീട് ആശ്രമത്തില്‍ചെന്നപ്പോള്‍ ഒരു കത്തൊക്കെ കാണിച്ചു. നാഗ്പുരില്‍ മലയാളി സംഘടനയുമായി ബന്ധപ്പെട്ട് സംസാരിച്ച ചിത്രങ്ങളെല്ലാം കാണിച്ചു. ഇത്രയും സജീവമായി ഇടപെടുന്നയാള്‍ സുകുമാരക്കുറുപ്പല്ലെന്നാണ് വീണ്ടും തോന്നിയത്.
അദ്ദേഹം വിവിധ ഭാഷകള്‍ കൈകാര്യം ചെയ്തിരുന്നു. ആയുര്‍വേദം, യോഗ തുടങ്ങിയ കാര്യങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. കൂടുതല്‍ അടുത്തതോടെ സംശയിക്കേണ്ടതായി ഒന്നുമുണ്ടായില്ല. എന്നാല്‍ അതിനുശേഷമുണ്ടായ ചില സംഭവങ്ങളാണ് വീണ്ടും സംശയത്തിനിടയാക്കിയത്.
അദ്ദേഹം ഗുജറാത്തില്‍നിന്ന് പോകുന്ന സമയത്താണ് വീണ്ടും സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. ഒരു ബാഗ് വേണമെന്നും ബെംഗളൂരുവിലേക്ക് പോവുകയാണെന്നും ഒരാഴ്ച കഴിഞ്ഞ് വരുമെന്നുമാണ് പറഞ്ഞിരുന്നത്. ഞാന്‍ ഒരു ബാഗ് നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ബെംഗളൂരുവില്‍ പോയിട്ടില്ലെന്നും രാജസ്ഥാനിലേക്കാണ് പോയതെന്നും കേട്ടു. ഒരുമാസം കഴിഞ്ഞിട്ടും സ്വാമി തിരിച്ചുവന്നതുമില്ല.
പിന്നീട് 80 കിലോമീറ്ററോളം അകലെ വിജയനഗര്‍ എന്ന സ്ഥലത്തുവെച്ച് ഞാന്‍ ഒരാളെ കണ്ടു. അയാള്‍ എന്നെ കണ്ടതോടെ മുഖം വെട്ടിച്ചു. അയാളുടെ തോളില്‍ ഞാന്‍ നല്‍കിയ ബാഗും ഉണ്ടായിരുന്നു. ഇതോടെ ആശ്രമത്തില്‍ വന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സ്വാമിയുടെ ഒരു ബാഗ് പരിശോധിച്ചപ്പോള്‍ അത് കാലിയായിരുന്നു. അതോടെ സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങളൊക്കെ ആശ്രമത്തിലെ സ്വാമിമാരെ കാണിച്ചു. സാമ്യമുണ്ടെന്നായിരുന്നു അവരുടെ മറുപടി. നേരത്തെ ഗള്‍ഫില്‍ ജീവിച്ചിരുന്നു, ഭാര്യയും കുട്ടികളും മരിച്ചെന്നും സ്വാമി പറഞ്ഞിരുന്നതായും അറിഞ്ഞു. അടുത്തിടെയാണ് അന്ന് സംശയിച്ചയാളുടെ വീഡിയോ കിട്ടുന്നത്. സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട പലര്‍ക്കും അത് കാണിച്ചുനല്‍കിയപ്പോള്‍ കുറുപ്പാണെന്ന് തന്നെയാണ് പലരും പറഞ്ഞത്.''- റെന്‍സി വിശദീകരിച്ചു.
നേരത്തെ ഗുജറാത്തില്‍വെച്ച് കണ്ടത് സുകുമാരക്കുറുപ്പാണെന്ന സംശയം റെന്‍സി പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറില്‍നിന്നുള്ള വീഡിയോയില്‍ ഇതേയാളെ വീണ്ടും കണ്ടതോടെയാണ് റെന്‍സി തന്റെ സംശയങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും പരാതി നല്‍കിയത്. ചാക്കോ വധക്കേസില്‍ 1984 ജനുവരി 21-ന് മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
Content Highlights: crime branch investigation for criminal sukumara kurup after rensi ismail complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..