
Screengrab from Mathrubhumi News
പയ്യോളി: ബി.എം.എസ്. പ്രവര്ത്തകന് സി.ടി. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സി.പി.എം. പ്രവര്ത്തകന് കൂടി പിടിയിലായി. വിദേശത്തേക്ക് കടന്ന 26-ാം പ്രതി കെ.കെ. സനുരാജിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച സി.ബി.ഐ. അറസ്റ്റ് ചെയ്തത്.
അഞ്ചുവര്‍ഷമായി റാസല്‍ഖൈമയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.മനോജ് കൊല്ലപ്പെട്ടതിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് സി.ബി.ഐ. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇയാള്‍ക്കുള്ള സി.ബി.ഐ.യുടെ കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
വിദേശത്തേക്ക് കടന്ന മറ്റുരണ്ടുപേരെ കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. 27-ാം പ്രതി മുചുകുന്ന് വിപിന്‍ദാസ്, 25-ാം പ്രതി എ.ടി. ഗരേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം സി.ജെ.എം. കോടതി റിമാന്‍ഡ് ചെയ്തു.
സി.പി.എം. ഏരിയാകമ്മിറ്റിയുടെ അറിവോടെ പയ്യോളി ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് മനോജിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.2012 ഫെബ്രുവരി ഒമ്പതിനാണ് ഓഫീസില്‍ ഗൂഢാലോചന നടന്നതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.2012 ഫെബ്രുവരി 12ന് രാത്രിയാണ് ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മനോജിനെ കൊലപ്പെടുത്തിയത്.
ലോക്കല്‍ പോലീസ് 15പേരെ പ്രതിചേര്‍ത്ത് കുറ്റപത്രവും നല്കി.കേസില്‍ വിചാരണ നടക്കാനിരിക്കെ പ്രതികളില്‍ നാലുപേര്‍ യഥാര്‍ഥ പ്രതികള്‍ തങ്ങളെല്ലന്നും പാര്‍ട്ടിയും പോലീസും നിര്‍ദേശിച്ചത് പ്രകാരം പ്രതികളാവുകയാണ് ഉണ്ടായതെന്നും കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതി കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഈ അന്വേഷണവും ഏങ്ങുമെത്താതെ വന്നപ്പോള്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി വന്നു. ഈ ഹര്‍ജിയിലാണ് കോടതി കേസ് സി.ബി.ഐ.ക്ക് കൈമാറിയത്.
സി.ബി.ഐ. അന്വേഷണത്തില്‍ ജില്ലാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമുള്‍പ്പെടെ 27 പേര് പ്രതികളായി. ഇവരില്‍ ഭൂരിഭാഗവും സി.പി.എമ്മുകാരാണ്. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സനുരാജ് പിടിയിലായതോടെ കുറ്റപത്രത്തിലുള്ളവരെല്ലാം അറസ്റ്റിലായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..