പാറക്കുളത്തിൽ നടക്കുന്ന തിരച്ചിൽ. ഇൻസെറ്റിൽ ഹാഷിം,ഹബീബ
കോട്ടയം: അറുപറയില്‍ നിന്ന് 2017-ല്‍ കാണാതായ ദമ്പതിമാര്‍ക്കായി പാറക്കുളത്തില്‍ തിരച്ചില്‍. നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നത്. ദമ്പതിമാരെ കാണാതായി നാലുവര്‍ഷം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്.
2017 ഏപ്രില്‍ ആറിന് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല. ആ പുതിയ കാറും ആരും കണ്ടില്ല.
മൊബൈല്‍ ഫോണ്‍, പഴ്‌സ്, പാസ്‌പോര്‍ട്ട് എന്നിവയൊന്നും എടുക്കാതെയാണ് ഇവര്‍ പോയത്. പിറ്റേ ദിവസം ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍ മകനെയും മരുമകളെയും കാണാനില്ലെന്ന് കാണിച്ച് കുമരകം പോലീസില്‍ പരാതി നല്‍കി.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് യാത്രാവഴി കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം.
ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെ അബ്ദുള്‍ഖാദര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പുതിയ 40-അംഗ സംഘത്തെയും നിയോഗിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്വേഷണം വ്യാപകമാക്കി. ഇരുവരും പോകാനിടയുള്ള സ്ഥലങ്ങളിലും ജലാശയങ്ങളില്‍ സ്‌കാനര്‍ ഉപയോഗിച്ചും പരിശോധന നടത്തി.തമിഴ്‌നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും ദമ്പതിമാരെ തിരഞ്ഞു. അജ്മീര്‍ എടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എത്തി. എന്നാല്‍, ദമ്പതിമാരുടെ വിവരമൊന്നും ലഭിച്ചിരുന്നില്ല.
Content Highlights: couple missing from kottayam arupara on 2017 crime branch searching in nattakam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..